* ത്രിതല പഞ്ചായത്തുകളെ മാലിന്യമുക്തമാക്കാന്‍ കര്‍മപദ്ധതി
മാലിന്യ മുക്ത ഹരിതകേരളത്തിനായി നാടെല്ലാം കൈകോര്‍ക്കണമെന്ന് പൊലിക 2018 ല്‍ ഹരിതകരേളമിഷന്റെയും ശുചിത്വമിഷന്റെയും നേതൃത്ത്വത്തില്‍ നടന്ന ‘ഹരിതവയനാടിന്റെ പുതുവഴികള്‍’ സെമിനാര്‍ ആവശ്യപ്പെട്ടു. ഗ്രാമപ്പഞ്ചായത്തുകളില്‍ നിന്നുള്ള ഹരിതകര്‍മ സേനാംഗങ്ങളാണ് പ്രധാനമായും സെമിനാറില്‍ പങ്കെടുത്തത്. ജില്ലയിലെ വിവിധ തദ്ദേശസ്ഥാപനങ്ങളില്‍ വാര്‍ഷിക പദ്ധതികളുടെ ഭാഗമായി ഉറവിടമാലിന്യ-അജൈവ മാലിന്യ സംസ്‌കരണത്തിനായി വിവിധ പദ്ധതികള്‍ക്ക് രൂപം നല്‍കിയിട്ടുണ്ട്. മീനങ്ങാടി, മൂപ്പൈനാട് പഞ്ചായത്തുകള്‍ ഈ മേഖലയില്‍ മാതൃകാപരമായ മുന്നേറ്റം നടത്തിയതായി സെമിനാര്‍ അഭിപ്രായപ്പെട്ടു. ശുചിത്വമിഷന്റെ നേതൃത്വത്തില്‍ പുതിയ പദ്ധതികള്‍ ആവിഷ്‌കരിക്കുന്നതിന് മതിയായ സാമ്പത്തിക സഹായം ലഭ്യമാക്കിയിട്ടുണ്ട്. ഒരുവര്‍ഷത്തിനകം ജില്ലയിലെ ത്രിതല പഞ്ചായത്തുകളെ മാലിന്യമുക്തമാക്കാനുള്ള കര്‍മപദ്ധതികളാണ് ആവിഷ്‌കരിക്കുന്നത്.
പാട്ടും കളിചിരികളുമായി മുന്നേറിയ സെമിനാറില്‍ 150ലധികം പേര്‍ പങ്കെടുത്തു. മാലിന്യസംസ്‌കരണം ജില്ലയില്‍ കീറാമുട്ടിയായ പ്രശ്‌നമാണെന്നു സെമിനാറില്‍ പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു. ഇതു പരിഹരിക്കാന്‍ സര്‍ക്കാര്‍ തലത്തില്‍ ഊര്‍ജിത ശ്രമങ്ങള്‍ നടന്നുവരികയാണ്. അതിന്റെ ഭാഗമായാണ് വിവിധ മിഷനുകള്‍ക്ക് രൂപം നല്‍കിയത്. 20 പഞ്ചായത്തുകളില്‍ ഹരിതകര്‍മസേനാംഗങ്ങളെ നിയോഗിച്ചു. 15 പഞ്ചായത്തുകളില്‍ പരിശീലനം പൂര്‍ത്തിയായി. ഹരിതകേരളമെന്ന സ്വപ്‌നം യാഥാര്‍ഥ്യമാക്കാന്‍ നെല്‍വയലുകളുടെ വീണ്ടെടുപ്പ് ലക്ഷ്യംവച്ച് സര്‍ക്കാര്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ ഫലംകണ്ടു. കഴിഞ്ഞ രണ്ടുവര്‍ഷത്തിനകം സംസ്ഥാനത്തെ നെല്‍വയലുകളുടെ വിസ്തീര്‍ണം 1.75 ലക്ഷം ഹെക്റ്ററില്‍ നിന്ന് രണ്ടുലക്ഷം ഹെക്റ്ററായി വര്‍ധിച്ചു. പടിപടിയായുള്ള സാമൂഹിക ഉയര്‍ച്ചയാണ് വികസനം കൊണ്ട് ഉദ്ദേശിക്കുന്നത്. ഇതിന് പ്രകൃതി സംരക്ഷണം അത്യന്താപേക്ഷിതമാണെന്നു സെമിനാര്‍ അഭിപ്രായപ്പെട്ടു. എല്ലാ പാഴ്‌വസ്തുക്കളും പുനരുപയോഗ സാധ്യതയുള്ളതാണ്. വലിച്ചെറിയല്‍ സംസ്‌കാരം ഉപേക്ഷിക്കണം. മാലിന്യങ്ങളുടെ പ്രാഥമിക തരംതിരിവ് വീടുകളില്‍ തന്നെ നടക്കണം. ഹരിതകര്‍മസേനാംഗങ്ങളുടെ പ്രവര്‍ത്തനം ജനങ്ങളെ ബോധ്യപ്പെടുത്താന്‍ ലഘുലേഖ വിതരണം നടത്തണമെന്നു നിര്‍ദേശമുയര്‍ന്നു. ജനകീയവും നിയമപരവുമായി വേണം പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍. മേഖലയിലെ പ്രതിബന്ധങ്ങളും പരിഹാരമാര്‍ഗങ്ങളും സെമിനാര്‍ ചര്‍ച്ച ചെയ്തു. ജലസംരക്ഷണവും കൃഷിയും ഹരിതകേരളം പദ്ധതിയുടെ ഭാഗമാണ്. ഇതിന്റെ ഭാഗമായി വാര്‍ഡ് അടിസ്ഥാനത്തില്‍ ജലസംഭരണികളുടെ കണക്കെടുപ്പ് നടത്തി. ശരിയായ ആസൂത്രണം നീര്‍ത്തടാടിസ്ഥാനത്തില്‍ രൂപീകരിക്കുക, ജലസാക്ഷരത, ജലസുരക്ഷ, ജലസ്രോതസ്സുകളുടെ നവീകരണവും ശുദ്ധീകരണവും എന്നിവയാണ് ജലസംരക്ഷണവുമായി ബന്ധപ്പെട്ട് നടത്തുന്നത്.
ഹരിതകേരളം ജില്ലാ കോ-ഓഡിനേറ്റര്‍ ബി കെ സുധീര്‍ കിഷന്‍, മണലില്‍ മോഹനന്‍, ശുചിത്വമിഷന്‍ കോ-ഓഡിനേറ്റര്‍ മാളുക്കുട്ടി, കുടുംബശ്രീ ജില്ലാ മിഷന്‍ കോ-ഓഡിനേറ്റര്‍ പി സാജിത, കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ ലൗലി അഗസ്റ്റിന്‍, വികാസ് കോറോത്ത്, എം പി രാജേന്ദ്രന്‍ പങ്കെടുത്തു. എ കെ രാജേഷ് മോഡറേറ്ററായിരുന്നു.