തൃശ്ശൂര്‍:  കുന്നംകുളം നഗരസഭാ പ്രദേശത്തെ പനങ്ങായി ഇറക്കത്തുള്ള പാടത്തും തോട്ടിലും മാലിന്യം നിക്ഷേപിച്ച സ്ഥാപനമുടമകളെ പിടികൂടി 30,000 രൂപ വീതം പിഴയീടാക്കി. ഗുരുവായൂരിലെ രണ്ട് കല്യാണ മണ്ഡപങ്ങളിലെ രണ്ട് ലോഡ് മാലിന്യങ്ങളാണ് കുന്നംകുളം നഗരസഭ പരിധിയിൽ നിക്ഷേപിച്ചത്. മാലിന്യം ശേഖരിച്ച് വാഹനത്തിൽ കൊണ്ടുവന്ന സാബു എന്ന വ്യക്തിക്കെതിരെ കുന്നംകുളം പോലീസ് കേസെടുത്തു.

കുന്നംകുളം നഗരസഭയിലെ ആരോഗ്യ വിഭാഗം രാത്രികാല സ്ക്വാഡിന്റെ നേതൃത്വത്തിലാണ് മാലിന്യ നിക്ഷേപം പിടികൂടിയത്. ഹെൽത്ത് ഇൻസ്പെക്ടർമാരായ മോഹൻദാസ്, എൻ കമലാക്ഷി, ജൂനിയർ ഹെൽത്ത് ഇൻപെക്ടർമാരായ അരുൺ വർഗ്ഗീസ്, ഷീബ എന്നിവർ നേതൃത്വം നൽകി.സമ്പൂർണ ശുചിത്വ പദവി ലക്ഷ്യമിട്ട് നാളെ മുതൽ ശുചിത്വ സർവേ ആരംഭിക്കാനിരിക്കെയാണ് ഇത്തരം സാമൂഹ്യ വിരുദ്ധ നടപടിയുണ്ടായത്. വരും നാളുകളിൽ നഗരസഭാ പരിധിയിൽ കർശന ജാഗ്രത സ്ക്വാഡ് പ്രവർത്തിക്കുമെന്നു സെക്രട്ടറി ടി കെ സുജിത് വ്യക്തമാക്കി.