കണ്ണൂര്‍:  പട്ടികവര്‍ഗ്ഗ വികസന വകുപ്പിന് കീഴില്‍ പട്ടുവം കയ്യംതടത്ത് പ്രവര്‍ത്തിക്കുന്ന കണ്ണൂര്‍ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കിയ സ്റ്റാഫ് ക്വാര്‍ട്ടേഴ്സ് കെട്ടിട സമുച്ചയത്തിന്റെയും മറ്റ് അനുബന്ധ കെട്ടിടങ്ങളുടെയും ഉദ്ഘാടനം പട്ടികജാതി പട്ടികവര്‍ഗ്ഗ പിന്നോക്ക വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി എ കെ ബാലന്‍ ഓണ്‍ലൈനായി നിര്‍വഹിച്ചു. പട്ടികവര്‍ഗ്ഗ വികസന വകുപ്പിന്റെ ശ്രദ്ധേയമായ വിദ്യാഭ്യാസ സ്ഥാപനങ്ങളാണ് മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളുകളെന്ന് അദ്ദേഹം പറഞ്ഞു.

മെച്ചപ്പെട്ട വിദ്യാഭ്യാസവും കുട്ടികള്‍ക്ക് താമസിച്ചു പഠിക്കാനുള്ള സൗകര്യങ്ങളും പോഷകാഹാര മൂല്യമുള്ള ഭക്ഷണവും നല്‍കി രാജ്യത്തിന് മാതൃക സൃഷ്ടിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളാണ് സംസ്ഥാനത്തെ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളുകള്‍ (എം ആര്‍ എസ്). വിദ്യാഭ്യാസ നിലവാരത്തിലും കലാ-കായിക രംഗങ്ങളിലും മെച്ചപ്പെട്ട പ്രകടനമാണ് ഇവിടങ്ങളിലെ വിദ്യാര്‍ഥികള്‍ നടത്തുന്നത്. പഠിക്കാന്‍ കഴിവുണ്ടെങ്കിലും വീട്ടിലെ സാഹചര്യങ്ങളാല്‍ പഠിക്കാന്‍ സാധിക്കാത്ത ധാരാളം കുട്ടികള്‍ ഈ വിഭാഗത്തിലുണ്ട്. അവര്‍ക്ക് ഭക്ഷണവും വസ്ത്രവും താമസവും ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ ഒരുക്കി നല്ല വിദ്യാഭ്യാസം നല്‍കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച പദ്ധതി അതിന്റെ ലക്ഷ്യസ്ഥാനത്ത് എത്തുകയാണ്.

പഠനത്തിനുള്ള പ്രോത്സാഹനവും സൗകര്യവും ലഭിച്ചാല്‍ മറ്റ് വിദ്യാര്‍ഥികളെ പോലെ പഠിച്ചു വരാന്‍ കഴിയും എന്ന് ഇവര്‍ തെളിയിച്ചു. മെച്ചപ്പെട്ട വിദ്യാഭ്യാസം നല്‍കല്‍ മാത്രമല്ല, സ്‌കില്‍ ഡെവലപ്‌മെന്റിന്റെ ഭാഗമായി പ്രത്യേക പരിശീലനവും നല്‍കി വരുന്നുണ്ട്. പട്ടികജാതി പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ട മുന്നൂറോളം ഉദ്യോഗാര്‍ഥികളെ ഇതിനോടകം വിദേശത്തേക്ക് അയച്ചു – മന്ത്രി പറഞ്ഞു.

പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ പശ്ചാത്തലത്തില്‍ എം ആര്‍ എസ്സുകളെയും അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതിനുള്ള പദ്ധതികളാണ് ആവിഷ്‌കരിച്ചിട്ടുള്ളത്. കമ്പ്യൂട്ടര്‍, സയന്‍സ് ലാബുകള്‍, സ്‌കൂള്‍ റേഡിയോ, കരിയര്‍ ഗൈഡന്‍സ് തുടങ്ങി നിരവധി അക്കാദമിക് പ്രവര്‍ത്തനങ്ങളും സജ്ജമായി വരികയാണ്. എം ആര്‍ എസ്സുകളിലും ഹോസ്റ്റലുകളിലും സിസിടിവി, സോളാര്‍ പ്ലാന്റ്, ആധുനിക അടുക്കള, മിന്നല്‍ രക്ഷാകവചം, നാപ്കിന്‍ വെന്റിംഗ് മെഷീന്‍ തുടങ്ങിയ സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. അഞ്ച് എം ആര്‍ എസ്സുകളില്‍ ബാസ്‌കറ്റ്‌ബോള്‍, വോളിബോള്‍, ബാഡ്മിന്റണ്‍, ടെന്നീസ് തുടങ്ങിയവയുടെ പരിശീലനത്തിനായി മള്‍ട്ടിപര്‍പ്പസ് സിന്തറ്റിക് കോര്‍ട്ടുകളും സ്ഥാപിക്കുകയാണ്.

കായികമേളയില്‍ മികവുപുലര്‍ത്തുന്ന കാസര്‍കോട് എം ആര്‍ എസ്സില്‍ മള്‍ട്ടിപര്‍പ്പസ് സിന്തറ്റിക് ട്രാക്ക് നിര്‍മ്മിക്കാനും തീരുമാനിച്ചു. മാലിന്യ പ്ലാന്റ്, ശുദ്ധീകരണ പ്ലാന്റ് എന്നിവയും എം ആര്‍എസ്സില്‍ നടപ്പാക്കും. സ്‌പെഷ്യല്‍ റിക്രൂട്ട്‌മെന്റ് പ്രകാരം ഇത്രയധികം തൊഴില്‍ ലഭ്യമായ കാലഘട്ടം ഉണ്ടായിട്ടില്ല. പട്ടികവര്‍ഗ വിഭാഗങ്ങളിലെ 100 ഉദ്യോഗാര്‍ഥികള്‍ക്ക് പൊലീസ്, എക്‌സൈസ് വകുപ്പുകളില്‍ തൊഴില്‍ നല്‍കി. കഴിഞ്ഞ ദിവസം ചേര്‍ന്ന ക്യാബിനറ്റ് 500 ആദിവാസി കുട്ടികളെ ഫോറസ്റ്റ് ഗാര്‍ഡായി നിയമിക്കാന്‍ തീരുമാനിച്ചിട്ടുണ്ടെന്നും ഇത്തരത്തില്‍ അടിസ്ഥാന വിഭാഗത്തിന്റെ സുസ്ഥിരവികസനം മുന്നില്‍ കണ്ടുകൊണ്ട് വിദ്യാഭ്യാസമേഖലയിലും പൊതുവില്‍ പ്രൊഫഷണല്‍ സാങ്കേതിക മേഖലകളിലും കഴിഞ്ഞ അഞ്ചുവര്‍ഷം ഫലപ്രദമായി ഇടപെടാന്‍ സാധിച്ചിട്ടുണ്ടെന്നും മന്ത്രി എ കെ ബാലന്‍ പറഞ്ഞു.

വകുപ്പ് ഫണ്ടില്‍ നിന്നും 4.11 കോടി രൂപ ചെലവഴിച്ച് 18 സ്റ്റാഫ് ക്വാര്‍ട്ടേഴ്സുകള്‍, വാച്ച്മാന്‍ ക്യാബിന്‍, ലൈബ്രറി ഹാള്‍, അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്ക്, ഹയര്‍ സെക്കണ്ടറി ഹോസ്റ്റല്‍ നവീകരണം എന്നിവയാണ് പട്ടുവം ഗവ. ബോയ്‌സ് റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ പൂര്‍ത്തീകരിച്ചത്. ഇവയ്ക്ക് പുറമെ പട്ടിക വര്‍ഗ വികസന വകുപ്പിന്റെ വിവിധ പദ്ധതികളില്‍ ഉള്‍പ്പെടുത്തി യു പി, ഹൈസ്‌കൂള്‍, ഹയര്‍ സെക്കണ്ടറി  ഹോസ്റ്റല്‍ നവീകരണം, മള്‍ട്ടി പര്‍പ്പസ് കോര്‍ട്ടുകള്‍, ഔട്ട്ഡോര്‍ ഫിറ്റ്നസ് യൂണിറ്റ് തുടങ്ങിയ  പദ്ധതികളും സ്‌കൂളില്‍ ഒരുക്കിയിട്ടുണ്ട്.
ടി വി രാജേഷ് എംഎല്‍എ അധ്യക്ഷനായി. പിഡബ്ല്യുഡി ബില്‍ഡിംഗ്‌സ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ കെ ജിഷ കുമാരി റിപ്പോര്‍ട്ട് അവതരിപ്പിച്ചു. രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം പി,  പട്ടുവം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി ശ്രീമതി, പട്ടിക വര്‍ഗ്ഗ വികസന വകുപ്പ് ഡയറക്ടര്‍ ഡോ. പി പുഗഴേന്തി ഐഎഫ്എസ്, ഐടിഡിപി പ്രൊജക്ട് ഓഫീസര്‍ വി ശശീന്ദ്രന്‍, പ്രിന്‍സിപ്പല്‍ ഇ കെ ഗോവിന്ദന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.