കണ്ണൂര്‍:   പ്രക്ഷോഭ സമരങ്ങളിലെ മുന്‍നിര പോരാളിയും പാവങ്ങളുടെ പടത്തലവനുമായിരുന്ന എ കെ ഗോപാലന്‍ എന്ന എ കെ ജിക്ക് ജന്മനാട്ടില്‍ സ്മാരകമുയരുന്നു. സ്മൃതി മ്യൂസിയമായാണ് സ്മാരകമൊരുക്കുന്നത്. അധ്യാപകനായിരിക്കെ ദേശീയ പ്രസ്ഥാനത്തിലൂടെ പൊതുപ്രവര്‍ത്തകനാവുകയും കോണ്‍ഗ്രസിലും തുടര്‍ന്ന് കോണ്‍ഗ്രസ് സോഷ്യലിസ്റ്റ് പാര്‍ട്ടിയിലും സജീവമാകുകയും  കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ജനകീയ നേതാവും പില്‍ക്കാലത്ത് സി പി എമ്മിന്റെ പോളിറ്റ് ബ്യൂറോ അംഗവും ലോകസഭയിലെ പ്രതിപക്ഷ നേതാവും ജനകീയ സമരങ്ങളുടെ മുന്‍നിര നായകനുമായി മാറിയ  എ കെ ജിയുടെ ജീവിതത്തിലെ സുപ്രധാന മുഹൂര്‍ത്തങ്ങള്‍ അടയാളപ്പെടുത്തുകയാണ് സ്മാരകത്തിന്റെ ലക്ഷ്യം.

ഫോട്ടോകളും, ചിത്രങ്ങളും, രേഖകളും, ദൃശ്യശകലങ്ങളും വെര്‍ച്വല്‍ റിയാലിറ്റി സംവിധാനവും ഉപയോഗപ്പെടുത്തിയാണ് രാഷ്ട്രീയ ചരിത്ര സംഭവ മുഹൂര്‍ത്തങ്ങളെ പുതുതലമുറക്ക് പരിചയപ്പെടുത്തുന്ന സ്മൃതി മ്യൂസിയം ഒരുക്കുക. പെരളശ്ശേരി പള്ളിയത്ത് നിര്‍മ്മിക്കുന്ന സ്മൃതി മ്യൂസിയത്തിന് ഫെബ്രുവരി 13ന് രാവിലെ 9.30ന്  മുഖ്യമന്ത്രി പിണറായി വിജയന്‍ തറക്കല്ലിടും.എ കെ ജിയുടെ ജീവിതയാത്രകളുടെയും സാമൂഹ്യ ഇടപെടലുകളുടെയും നേര്‍പകര്‍പ്പായിരിക്കും സ്മൃതി മ്യൂസിയം.

1930ലെ ഉപ്പു സത്യാഗ്രഹം, 1932ല്‍ നടന്ന ചരിത്ര പ്രസിദ്ധമായ ഗുരുവായൂര്‍ സത്യാഗ്രഹം, പട്ടിണി ജാഥ, ഇടുക്കി ജില്ലയിലെ അമരാവതിയില്‍ കുടിയൊഴിപ്പിക്കലിനെതിരെ 1961 ല്‍ നടന്ന സത്യഗ്രഹം, 1971ല്‍ മിച്ചഭൂമി സമരത്തിന്റെ ഭാഗമായി നടന്ന മുടവന്‍ മുകള്‍ കൊട്ടാരമതില്‍ ചാടി നടത്തിയ സമരം, ലോകസഭയിലെ പ്രതിപക്ഷ നേതാവ് എന്ന നിലയില്‍ നടത്തിയ ഇടപെടലുകള്‍, ജീവിതത്തിന്റെ അവസാന നാളുകളില്‍ അടിയന്തിരാവസ്ഥക്കെതിരെ നടത്തിയ പോരാട്ടങ്ങള്‍ തുടങ്ങി, എ കെ ഗോപാലന്റെ ജീവിതത്തിലെ സുപ്രധാന സംഭവങ്ങളുടെ രേഖകള്‍ ഇവിടെ പ്രദര്‍ശിപ്പിക്കും. പാര്‍ലമെന്റില്‍ അദ്ദേഹം നടത്തിയ പ്രസംഗങ്ങളുടെ ശേഖരവും മ്യൂസിയത്തില്‍ ഉണ്ടാകും. അപൂര്‍വം ചില വീഡിയോ ദൃശ്യങ്ങളും ഉള്‍ക്കൊള്ളിച്ച് എകെജിയുടെ ജീവിതം വെര്‍ച്വല്‍ റിയാലിറ്റിയിലൂടെയും പുതുതലമുറക്ക് പരിചയപ്പെടുത്തും.

പെരളശ്ശേരി മക്രേരിയില്‍ സര്‍ക്കാര്‍ ഏറ്റെടുത്ത 3.21 ഏക്കര്‍ സ്ഥലത്താണ് മ്യൂസിയം ഉയരുക. 10000 ചതുരശ്ര അടി വിസ്തീര്‍ണമുള്ള ഇരുനില കെട്ടിടവും ആധുനിക മ്യൂസിയം സങ്കല്‍പ്പങ്ങള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള ഏഴ് ഗ്യാലറികളടങ്ങുന്ന പ്രദര്‍ശന സംവിധാനവും നിര്‍മ്മിക്കുന്നതിനുള്ള വിശദമായ പദ്ധതി രൂപരേഖ തയ്യാറായിക്കഴിഞ്ഞു. ഒമ്പത് കോടി രൂപയുടെ ഡിപിആര്‍ തയ്യാറാക്കിയിട്ടുണ്ട്. 120 ഓളം പേര്‍ക്ക് ഇരിക്കാന്‍ കഴിയുന്ന തിയേറ്റര്‍, ഡിജിറ്റല്‍ ലൈബ്രറി എന്നിവയും മ്യൂസിയത്തിലുണ്ടാവും. എ കെ ജിയെക്കുറിച്ചുള്ള ഡോക്യുമെന്ററികള്‍ തിയേറ്ററില്‍ പ്രദര്‍ശിപ്പിക്കും. ഒരു വര്‍ഷത്തിനുള്ളില്‍ മ്യൂസിയത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കി നാടിന് സമര്‍പ്പിക്കും.

ആഹാര വിപണനത്തിന് ജനകീയ മുഖം നല്‍കിയ ഇന്ത്യന്‍ കോഫീ ഹൗസ് ചെയിനുകളുടെ തുടക്കക്കാരന്‍ എന്നതിനെ ഓര്‍മിപ്പിച്ച് സ്മൃതി മ്യൂസിയത്തില്‍ ഇന്ത്യന്‍ കോഫീ ഹൗസിന്റെ ഒരു ചെറിയ പതിപ്പും പ്രവര്‍ത്തിക്കും. ബ്രിട്ടീഷ് വംശവെറിയ്‌ക്കെതിരുള്ള പ്രതിഷേധ രൂപമെന്നോണം 1936ലാണ് കോഫീ സെസ് കമ്മിറ്റി ആരംഭിച്ചത്.  ഇന്ത്യന്‍ കോഫീ ഹൗസ് ചെയിനുകളിലെ തൊഴിലാളികളെ 1950കളുടെ പകുതിയോടെ പിരിച്ചുവിടാന്‍ തീരുമാനിച്ചതിനെത്തുടര്‍ന്ന്  എ കെ ജി ഇടപെട്ടു. തൊഴിലാളികള്‍ക്ക് തൊഴില്‍ ഉറപ്പുവരുത്താന്‍ ഇന്ത്യന്‍ കോഫീ ബോര്‍ഡ് വര്‍ക്കേഴ്സ് കോ ഓപ്പറേറ്റീവ് സൊസൈറ്റികള്‍ രൂപീകരിക്കാന്‍ മുന്നിട്ടിറങ്ങി.

ഇന്ന് രാജ്യത്ത് ഏറ്റവും കൂടുതല്‍ തൊഴിലാളികള്‍ ജോലി ചെയ്യുന്ന സ്ഥാപനമായി ഇന്ത്യന്‍ കോഫീ ഹൗസ് മാറി. കോഫീ ഹൗസിന്റെ ചരിത്രം പഠിച്ചും എകെജിയുടെ ഇടപെടലുകള്‍ അറിഞ്ഞ് മ്യൂസിത്തില്‍ എത്തുന്നവര്‍ക്ക് ചായയും കോഫിയും ആസ്വദിക്കുവാനുള്ള ഒരു ഇടമായിരിക്കും ഇത്. കോഫീ ഹൗസില്‍ ഈ ചരിത്രം ദൃശ്യ ശ്രാവ്യ രൂപത്തില്‍ രേഖപ്പെടുത്തിയിരിക്കും.തുറമുഖ പുരാവസ്തു വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി അധ്യക്ഷനാകും. കായിക-വ്യവസായ വകുപ്പ് മന്ത്രി ഇ പി ജയരാജന്‍, ആരോഗ്യവകുപ്പ് മന്ത്രി കെ കെ ശൈലജ ടീച്ചര്‍ എന്നിവര്‍ വിശിഷ്ടാതിഥികളാവും. എം പിമാരായ കെ സുധാകരന്‍, കെ കെ രാഗേഷ് എന്നിവര്‍ പങ്കെടുക്കും.