കണ്ണൂര്‍:  പിന്നോക്ക വിഭാഗത്തിന്റെ വികസന മുന്നേറ്റമാണ് സര്‍ക്കാരിന്റെ വികസന സങ്കല്‍പങ്ങളില്‍ ഏറ്റവും പ്രധാനമെന്നും പാര്‍ശ്വവല്‍ക്കരിക്കപ്പെടുന്നവരെ സര്‍ക്കാര്‍ കൈപിടിച്ച് മുന്‍നിരയില്‍ കൊണ്ടുവരുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. പെരിങ്ങോം മോഡല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂള്‍ കെട്ടിത്തിന്റെ ഉദ്ഘാടനം  ഓണ്‍ലൈനായി നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പിന്നോക്ക വിഭാഗങ്ങളെ സാമൂഹ്യവും ഭൗതികവുമായ ഉന്നമനത്തിലേക്ക് കൊണ്ടുവരുന്നതില്‍ മുഖ്യം അവര്‍ക്ക് മികച്ച വിദ്യാഭ്യാസം നല്‍കുക എന്നതാണ്. അതിനായി മികച്ച പദ്ധതികളാണ് സര്‍ക്കാര്‍ നടപ്പാക്കി കൊണ്ടിരിക്കുന്നത്. എല്ലാ ജനവിഭാഗങ്ങളുടെയും ജീവിത നിലവാരം ഉയര്‍ത്തുന്ന പദ്ധതികളാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ദുര്‍ബല വിഭാഗങ്ങളെ ചേര്‍ത്തുനിര്‍ത്താന്‍ സര്‍ക്കാര്‍ മുന്‍ഗണന നല്‍കുന്നുണ്ട് – മുഖ്യമന്ത്രി പറഞ്ഞു.

പട്ടികജാതി പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെടുന്ന കുടുംബങ്ങളെ മുന്‍നിരയിലെത്തിക്കുന്നതിനായാണ് 1999 മുതല്‍ മോഡല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂള്‍ എന്ന ആശയം നടപ്പാക്കി വരുന്നത്. വീടുകളില്‍ മെച്ചപ്പെട്ട ഭൗതിക സാഹചര്യങ്ങള്‍ ഇല്ലാത്ത വിദ്യാര്‍ഥികള്‍ക്ക് പഠനം, ഭക്ഷണം, താമസം എന്നിവ ലഭ്യമാക്കുകയാണ് ഇതിന്റെ ലക്ഷ്യം. കിഫ്ബി അനുവദിച്ച 14.7 കോടി രൂപ ചെലവിലാണ് മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളിന് കെട്ടിടം നിര്‍മ്മിച്ചത്. പെരിങ്ങോം വില്ലേജില്‍ എസ് ടി വിഭാഗത്തിന്റെ പത്തേക്കര്‍ സ്ഥലത്താണ് ആധുനിക സൗകര്യങ്ങളോടെ കെട്ടിടം ഒരുക്കിയത്. 210 ആണ്‍കുട്ടികള്‍ക്ക് പഠിക്കാവുന്ന രണ്ടുനില കെട്ടിടത്തില്‍ 11 ക്ലാസ് മുറികളാണുള്ളത്. കൂടാതെ 2342 ച. മി  വിസ്തീര്‍ണമുള്ള രണ്ട് നില കെട്ടിടത്തില്‍ ഹോസ്റ്റല്‍, 210 പേര്‍ക്കിരിക്കാവുന്ന കാന്റിന്‍, ആറ് കുടുംബങ്ങള്‍ക്ക് താമസിക്കാവുന്ന സ്റ്റാഫ് ക്വാര്‍ട്ടേഴ്‌സ് എന്നീ സൗകര്യങ്ങള്‍ ഉണ്ട്. ഇതിനുപുറമെ ചുറ്റുമതില്‍, പാറാവുകാരനുള്ള മുറി, വാഹന പാര്‍ക്കിംഗ് സൗകര്യം, ഇന്റണല്‍ റോഡുകള്‍, കുടിവെള്ള സംവിധാനം, മഴവെള്ള സംഭരണി തുടങ്ങിയവയും ഉണ്ട്.

ഓണ്‍ലൈനായി  നടന്ന പരിപാടിയില്‍ പട്ടികജാതി-പട്ടികവര്‍ഗ പിന്നോക്ക ക്ഷേമ മന്ത്രി എ കെ ബാലന്‍ അധ്യക്ഷനായി. ധനമന്ത്രി ഡോ. ടി എം തോമസ് ഐസക്ക് മുഖ്യ പ്രഭാഷണം നടത്തി.
സ്‌കൂളിന്റെ ശിലാഫലക അനാവരണം സി കൃഷ്ണന്‍ എം എല്‍ എ നിര്‍വഹിച്ചു. പയ്യന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി വി വത്സല അധ്യക്ഷയായി. രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം പി യുടെ ശബ്ദ സന്ദേശം വേദിയില്‍ കേള്‍പ്പിച്ചു.  കെ എസ് സി സി ലിമിറ്റഡ് റീജിയണല്‍ മാനേജര്‍ വി വി അജിത് കുമാര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ജില്ലാ പട്ടികജാതി വികസന ഓഫീസര്‍ കെ വി രവിരാജ്, പെരിങ്ങോം വയക്കര പഞ്ചായത്ത് പ്രസിഡണ്ട് വി എം ഉണ്ണികൃഷ്ണന്‍, ജില്ലാ പഞ്ചായത്തംഗം ടി തമ്പാന്‍ മാസ്റ്റര്‍, ബ്ലോക്ക് പഞ്ചായത്ത് വികസന കാര്യസ്ഥിരം സമിതി അധ്യക്ഷ രജനി മോഹന്‍, പയ്യന്നൂര്‍ ബ്ലോക്ക് പട്ടികജാതി വികസന ഓഫീസര്‍ എം ജി രാജീവന്‍ തുടങ്ങിയവര്‍ സംസാരിച്ചു.