കണ്ണൂര്‍: സന്തോഷമുള്ള മുഖങ്ങള്‍ അദാലത്തുകളില്‍ പതിവില്ല. എന്നാല്‍ സംസ്ഥാന യുവജന കമ്മീഷന്‍ സംഘടിപ്പിച്ച ജില്ലാതല അദാലത്തില്‍ നാറാത്ത് സ്വദേശി ഡോ. കെ പി നിധീഷ് എത്തിയത് ചിരിച്ചു കൊണ്ടായിരുന്നു. നിയമ പോരാട്ടങ്ങള്‍ക്കൊടുവില്‍ അര്‍ഹതപ്പെട്ട ജോലി ലഭിക്കുമെന്ന ഉറപ്പ് ലഭിച്ച സന്തോഷത്തില്‍ ഈ പോരാട്ടത്തില്‍ ഒപ്പം നിന്ന യുവജന കമ്മീഷനെ നേരില്‍ കണ്ട് സന്തോഷം അറിയിക്കാനാണ് അദ്ദേഹം അദാലത്തില്‍ എത്തിയത്. ഒന്‍പതാം വയസ്സ് മുതല്‍ ബോണ്‍ ക്യാന്‍സറുമായി പോരാടി ജയിച്ച നിധീഷ് ജോലിക്കായി നടത്തിയ പോരാട്ടത്തിലും വിജയം കണ്ടു.
2016 ല്‍ റിസള്‍ട്ട് പ്രഖ്യാപിച്ച കോളജ് ലക്ചറര്‍ (മലയാളം) റാങ്ക് പട്ടികയിലെ ഭിന്നശേഷി ക്രമത്തിലുണ്ടായ പ്രശ്‌നങ്ങള്‍ മൂലമാണ് നിധീഷിന് നിയമനം ലഭിക്കാതിരുന്നത്. എന്നാല്‍ ഫെബ്രുവരി ആറാം തീയതി കൈപ്പറ്റിയ അഡൈ്വസ് മെമ്മോയും കൊണ്ടാണ് അദാലത്തില്‍ എത്തിയത്. പരാതി ബോധിപ്പിക്കുന്നതിന് പകരം നഷ്ടപ്പെട്ടു എന്ന് കരുതിയ ജോലി ലഭിക്കാന്‍ കാരണക്കാരായ യുവജന കമ്മീഷനെ നേരിട്ട് കണ്ട് സന്തോഷം അറിയിച്ചു. യുവജന കമ്മീഷന് മുമ്പ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കമ്മീഷന്‍ പ്രശ്‌നം സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തിയത്. ഇതോടെയാണ് അര്‍ഹതപ്പെട്ട ജോലി തിരിച്ചു കിട്ടിയത്.
സംസ്ഥാന യുവജന കമ്മീഷന്‍ ചെയര്‍പേഴ്സണ്‍ ചിന്താ ജെറോമിന്റെ അധ്യക്ഷതയില്‍ കണ്ണൂര്‍ ഗസ്റ്റ് ഹൗസ് കോണ്‍ഫറന്‍സ് ഹാളിലാണ് അദാലത്ത് നടന്നത്. അദാലത്തില്‍ ആകെ ലഭിച്ച 12 പരാതികളില്‍ എട്ട് പരാതികള്‍ തീര്‍പ്പാക്കി. നാല് എണ്ണം അടുത്ത സിറ്റിങ്ങില്‍ പരിഗണിക്കുന്നതിനായി മാറ്റി വെച്ചു. പുതുതായി ലഭിച്ച നാല് പരാതികള്‍ ബന്ധപ്പെട്ട വകുപ്പുകളുടെ ശ്രദ്ധയിലേക്ക് കൊണ്ട് വരുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് ചിന്താ ജെറോം പറഞ്ഞു. കമ്മീഷന്‍ അംഗങ്ങളായ വി വിനില്‍, കെ പി ഷജീറ, പി എ സമദ്, റെനീഷ് മാത്യു, അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ ടി എസ് സബി, അസിസ്റ്റന്റ് എസ് എന്‍ രമ്യ തുടങ്ങിയവര്‍ പങ്കെടുത്തു.