കോഴിക്കോട്: ജില്ലയുടെ ചരിത്ര തുടിപ്പുകളെ പുതിയ തലമുറയ്ക്കായി അടയാളപ്പെടുത്തിയ ഫ്രീഡം സ്‌ക്വയറും അറിവിന്റെയും ആസ്വാദനത്തിന്റെയും പുതിയ മുഖമായ കള്‍ച്ചറല്‍ ബീച്ചും മുഖ്യമന്ത്രി പിണറായി വിജയന്‍ നാടിന് സമര്‍പ്പിച്ചു. കോഴിക്കോട് ബീച്ചിലെത്തുന്ന അനേകായിരം പേര്‍ക്ക് വലിയൊരു സാംസ്‌കാരികാനുഭവമായിരിക്കും ഫ്രീഡം സ്‌ക്വയറും കള്‍ച്ചറല്‍ ബീച്ചുമെന്ന് അദ്ദേഹം പറഞ്ഞു.
കോഴിക്കോട് നിവാസികളുടെ സായാഹ്നങ്ങള്‍ക്ക് മാറ്റ് കൂട്ടാന്‍ ഉതകുന്നതാണ് രണ്ട് പദ്ധതികളും. സ്വാതന്ത്ര്യ സമരത്തിന്റെ സ്മരണകളിരമ്പുന്നതാണ് കോഴിക്കോട് കടപ്പുറം. ആ സ്മരണകള്‍ വര്‍ത്തമാന കാലത്തോട് സംവദിക്കുന്ന തരത്തിലാണ് ഫ്രീഡം സ്‌ക്വയര്‍ ഒരുക്കിയിരിക്കുന്നത്. കോഴിക്കോടിന്റെ തീരത്തണഞ്ഞ അറബ്, ചൈനീസ്, പോര്‍ട്ടുഗീസ് വൈദേശിക വാണിജ്യ സാംസ്‌കാരിക പൈതൃകങ്ങളും, സാമൂതിരി രാജവാഴ്ച്ചയുടെ സുവര്‍ണ്ണ സ്മരണകളും, ബ്രിട്ടീഷ് കൊളോണിയല്‍ അധിനിവേശത്തിനെതിരായ സമര ചരിതങ്ങളും ചുവരുകളില്‍ രേഖപ്പെടുത്തിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
എ പ്രദീപ്കുമാര്‍ എംഎല്‍എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും 2.5 കോടി ചെലവഴിച്ചാണ് ഫ്രീഡം സ്‌ക്വയര്‍ നിര്‍മിച്ചത്. നഗരാഭിമുഖമായി നില്‍ക്കുന്ന പ്രവേശന കവാടം കടന്ന് സമുദ്രത്തിന്റെ അനന്തതയിലേക്ക് തുറക്കുന്ന ഇടനാഴിയില്‍ കോഴിക്കോടിന്റെ ചരിത്ര തുടിപ്പുകളെ പുതിയ തലമുറയ്ക്കായി അടയാളപ്പെടുത്തിയിരിക്കുകയാണ് ഫ്രീഡം സ്‌ക്വയര്‍.
സംസ്ഥാന ടൂറിസം വകുപ്പ് അനുവദിച്ച 4 കോടി രൂപയില്‍ പൂര്‍ത്തിയാക്കിയതാണ് കള്‍ച്ചറല്‍ ബീച്ച്. അന്താരാഷ്ട്ര തലത്തില്‍ കോഴിക്കോടിന്റെ യശസ്സ് ഉയര്‍ത്തിയ കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ ഉള്‍പ്പെടെയുള്ള സാംസ്‌കാരിക രാഷ്ട്രീയ പരിപാടികള്‍ക്ക് അരങ്ങാകുന്ന ഈ ഇടത്തിന് പുതിയ രൂപവും ഭാവവും നല്‍കുകയാണ് കള്‍ച്ചറല്‍ ബീച്ച് എന്ന പദ്ധതിയിലൂടെ. തെക്ക് ഫ്രീഡം സ്‌ക്വയര്‍ മുതല്‍ വടക്ക് ലയണ്‍സ് പാര്‍ക്ക് വരെയാണ് കള്‍ച്ചറല്‍ ബീച്ചിനായി ഒരുക്കിയിരിക്കുന്നത്. വലിയ കോണ്‍ഫറന്‍സ് ഹാളും, ലഘു പരിപാടികള്‍ സംഘടിപ്പിക്കാവുന്ന ചെറിയ ഹാളുകളും മികച്ച സൗകര്യങ്ങളോടു കൂടിയ ശുചി മുറികളുമെല്ലാം പദ്ധതിയുടെ ഭാഗമാണ്. കലാകാരന്‍മാര്‍ക്കും സാഹിത്യകാരന്‍മാര്‍ക്കും യുവജനങ്ങള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കുമെല്ലാം ആശയ വിനിമയം നടത്താനും ചര്‍ച്ചകള്‍ സംഘടിപ്പിക്കാനുമുള്ള കോഫി വിത്ത് കോണ്‍വര്‍സേഷന്‍ എന്ന സങ്കല്‍പവും ഇവിടെ സാക്ഷാത്ക്കരിക്കപ്പെടുന്നു.
ആര്‍ക്കിടെക്ടുമാരായ വിനോദ് സിറിയക്, വിവേക് പി. പി എന്നിവരാണ് ആണ് കള്‍ച്ചറല്‍ ബീച്ചിന്റേയും ഫ്രീഡം സ്‌ക്വയറിന്റേയും രൂപകല്പന ചെയ്തിരിക്കുന്നത്. ഊരളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റിയാണ് ഇതിന്റെ നിര്‍വ്വഹണം പൂര്‍ത്തീകരിച്ചത്.
കടപ്പുുറത്ത് നടന്ന പരിപാടിയില്‍ വിനോദ സഞ്ചാര വകുപ്പു മന്ത്രി കടകം പള്ളി സുരേന്ദ്രന്‍ അധ്യക്ഷത വഹിച്ചു. ആരോഗ്യ വകുപ്പുമന്ത്രി കെ. കെ ശൈലജ ടീച്ചര്‍ മുഖ്യാതിഥിയായി. പദ്മശ്രീ നേടിയ കൈതപ്രം ദാമോദരന്‍ നമ്പൂതിരിക്കുള്ള ഉപഹാരം, മന്ത്രി കെ. കെ ശൈലജ ടീച്ചറില്‍ നിന്ന് അദ്ദേഹത്തിനായി എ പ്രദീപ്കുമാര്‍ എംഎല്‍എ ഏറ്റുവാങ്ങി. വിനോദ സഞ്ചാര വകുപ്പ് ഡയറക്ടര്‍ പി ബാലകിരണ്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. മേയര്‍ ഡോ. ബീന ഫിലിപ്പ് മുഖ്യപ്രഭാഷണം നടത്തി.
എംപിമാരായ എളമരം കരീം, എം. വി ശ്രേയാംസ്‌കുമാര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കാനത്തില്‍ ജമീല, ജില്ലാ കലക്ടര്‍ സാംബശിവറാവു, പി. ഐ ഷെയ്ക്ക് പരീത്, ഡിവിഷന്‍ കൗണ്‍സിലര്‍ കെ റംലത്ത്, വിനോദ സഞ്ചാര വകുപ്പ് മേഖല ഡയറക്ടര്‍ സി. എന്‍ അനിതകുമാരി, ഉമ്മര്‍ പാണ്ടികശാല, മനയത്ത് ചന്ദ്രന്‍, വി. കെ സജീവന്‍, കെ ലോഹ്യ, മുക്കം മുഹമ്മദ്, സി സത്യചന്ദ്രന്‍, ടി. എം ജോസഫ്, ആര്‍ക്കിടെക്ടുമാരായ വിനോദ് സിറിയക്, വിവേക് പി. പി തുടങ്ങിയവര്‍ പങ്കെടുത്തു. എ പ്രദീപ്കുമാര്‍ എംഎല്‍എ സ്വാഗതവും ഡിടിപിസി സെക്രട്ടറി സി. പി ബീന നന്ദിയും പറഞ്ഞു. തുടര്‍ന്ന് കൈതപ്രം ദാമോദരന്‍ നമ്പൂതിരിയുടെ ഗാനങ്ങള്‍ കോര്‍ത്തിണക്കിയ സംഗീതസന്ധ്യയും അരങ്ങേറി.