കോഴിക്കോട്: സാമൂഹ്യനീതി വകുപ്പിന്റെ കീഴിൽ ഭിന്നശേഷിക്കാർക്കായി വെള്ളിമാട്കുന്ന് ആരംഭിച്ച പുണ്യഭവനത്തെ മാതൃക ഭവനമായി പ്രഖ്യാപിക്കുന്നതിന്റെ ഉദ്‌ഘാടനവും സംസ്ഥാന സർക്കാറിൻ്റെ 2019-20 കാലഘട്ടത്തിലെ ഏറ്റവും മികച്ച എൽ.എൽ.സി.ക്കുള്ള പുരസ്ക്കാര വിതരണവും ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ ടീച്ചർ നിർവഹിച്ചു. ആരോഗ്യ, സാമൂഹ്യക്ഷേമ, വനിത-ശിശുസംരക്ഷണ വകുപ്പുകൾ മികച്ച പ്രവർത്തനങ്ങളാണ് നടത്തുന്നതെന്നും വിവിധ മേഖലകളിൽ പ്രകടമായ മാറ്റം വരുത്താൻ സർക്കാരിനും വകുപ്പുകൾക്കുമായെന്നും മന്ത്രി പറഞ്ഞു. ഭിന്നശേഷിക്കാർക്കായി നിരവധി പദ്ധതികൾ സർക്കാർ നടപ്പാക്കിയതായും മന്ത്രി പറഞ്ഞു.
ബുദ്ധിപരമായ വെല്ലുവിളി നേരിടുന്ന ഓട്ടിസം, സെറിബ്രൽ പാൾസി, മെന്റൽ റിട്ടാർഡേഷൻ, മൾട്ടിപ്പിൾ ഡിസെബിലിറ്റി തുടങ്ങിയ അവസ്ഥയിലുള്ളവരുടെ സ്വത്തിനും ജീവനും സംരക്ഷണം നൽകുന്നതിനായി മികച്ച പ്രവർത്തനം കാഴ്ചവെച്ചതിന്റെ ഭാഗമായാണ് ജില്ലയിലെ എൽ. എൽ.സിയുടെ അവാർഡ് നേട്ടം.
രാജ്യത്ത് ഏറ്റവും കൂടുതൽ നിയമപരമായ രക്ഷാകർതൃത്വ സർട്ടിഫിക്കേറ്റും നിരാമയ സൗജന്യ ഇൻഷുറൻസ് അംഗങ്ങളെ ചേർത്തിയതും ജില്ലയിലെ എൽ.എൽ. സിയാണ്.
ഓട്ടിസം, സെറിബ്രൽ പാൾസി, ഡൗൺ സിൻഡ്രം ഡേ, റോഡ് സുരക്ഷ തുടങ്ങി വിവിധ ബോധവൽക്കരണ പരിപാടികൾ ഭിന്നശേഷി സൗഹൃദ തിരഞ്ഞെടുപ്പ്, രക്ഷിതാക്കൾക്കുള്ള ക്രാഫ്റ്റ് ബേക്കർ കോഴ്സ്, ഗ്രാമ പഞ്ചായത്ത് തല പ്രശ്ന പരിഹാര പരിപാടിയായ ഒപ്പം,
കോവിഡ് 19 സഹചര്യത്തിൽ മെഡിക്ലിനിക്, ഭിന്നശേഷിക്കാരുടെ അടുക്കളത്തോട്ടം, ഹെൽപ്പ് ഡെസ്ക്, ഓൺലൈൻ ഹിയറിംങ്ങ്, സ്പീഹോ തുടങ്ങിയ ഭിന്നശേഷി പുനരധിവാസ മേഖലയിലെ സമഗ്രവും കൃത്യതയാർന്ന പ്രവർത്തനം എന്നിവയും അവാർഡിന് അർഹമാക്കി.
ചടങ്ങിൽ എം.എൽ. എ.പ്രദീപ് കുമാർ അധ്യക്ഷത വഹിച്ചു. കോർപ്പറേഷൻ മേയർ ഡോ. ബീന ഫിലിപ്പ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കാനത്തിൽ ജമീല, കലക്ടർ എസ് സാംബശിവ റാവു, സാമൂഹിക നീതി വകുപ്പ് ഡയറക്ടർ ഷീബ ജോർജ്ജ്, ജോയൻ്റ് ഡയറക്ടർ എസ് ജലജ, വനിത ശിശുവികസന ഓഫീസർ അനീറ്റ ,ഡി ജേക്കബ്, ജയകുമാർ, വിമൽ രവി തുടങ്ങിയവർ പങ്കെടുത്തു.