കാസര്‍ഗോഡ്:   പാര്‍ശ്വവത്കരിക്കപ്പെട്ടവരെ കൈ പിടിച്ചുയര്‍ത്തുന്ന പ്രയത്‌നത്തിന്റെ ഭാഗമായാണ് ഗവ. മോഡല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂള്‍, പ്രീമെട്രിക്, പോസ്റ്റ് മെട്രിക് ഹോസ്റ്റലുകള്‍ സര്‍ക്കാര്‍ പുതുതായി നിര്‍മ്മിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.
പട്ടികജാതി വികസന വകുപ്പിന്റെ കീഴിലെ വെള്ളച്ചാല്‍ ഗവ. മോഡല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂള്‍ ഹയര്‍ സെക്കന്ററി ഹോസ്റ്റല്‍ ഉള്‍പ്പെടെ എട്ട് വിദ്യാഭ്യാസ പദ്ധതികള്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

പിന്നണിയില്‍ നില്‍ക്കുന്ന വിഭാഗത്തെ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതില്‍ ഏറ്റവും പ്രധാനപ്പെട്ട ഘടകം വിദ്യാഭ്യാസമാണ്. കൂടാതെ പട്ടികജാതി, പട്ടികവര്‍ഗ വിഭാഗങ്ങളുടെ സര്‍ക്കാര്‍ സര്‍വീസിലെ പ്രതിനിധ്യം വര്‍ധിപ്പിക്കാന്‍ സ്‌പെഷ്യല്‍ റിക്രൂട്ട്‌മെന്റുകള്‍ നടത്തിയെന്നും മുഖ്യമന്ത്രി പറഞ്ഞു. ഓണ്‍ലൈനായി നടന്ന ചടങ്ങില്‍ പട്ടികജാതി-പട്ടികവര്‍ഗ വികസന വകുപ്പ് മന്ത്രി എ.കെ ബാലന്‍ അധ്യക്ഷനായി. സംസ്ഥാന ധനകാര്യ മന്ത്രി തോമസ് ഐസക് മുഖ്യപ്രഭാഷണം നടത്തി. രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി മുഖ്യാതിഥിയായി.

എം. രാജഗോപാലന്‍ എം എല്‍ എ സംബന്ധിച്ചു. ഹോസ്റ്റലില്‍ കോവിഡ് പ്രോട്ടോകോള്‍ പാലിച്ച് നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മാധവന്‍ മണിയറ ശിലാഫലകം അനാച്ഛാദനം ചെയ്തു. നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മാധവന്‍ മണിയറ, പിലിക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.പി. പ്രസന്നകുമാരി, വൈസ് പ്രസിഡന്റ് എ. കൃഷ്ണന്‍, പിലിക്കോട് ഗ്രാമപഞ്ചായത്തംഗം സി.വി. രാധാകൃഷ്ണന്‍, മുന്‍ പ്രസിഡന്റ് എം. കുഞ്ഞിരാമന്‍ മാസ്റ്റര്‍, ജിഎംആര്‍എസ് ഹെഡ്മാസ്റ്റര്‍ കെ.സി. മുഹമ്മദ് കുഞ്ഞി, സീനിയര്‍ സൂപ്രണ്ട് പി.ബി ബഷീര്‍, പി.ടി.എ പ്രസിഡന്റ് എം. ഗംഗാധരന്‍ എന്നിവര്‍ സംസാരിച്ചു. കേരള സ്റ്റേറ്റ് കണ്‍സ്ട്രക്ഷന്‍ കോര്‍പ്പറേഷന്‍ പ്രൊജക്ട് എന്‍ജിനീയര്‍ കെ.എസ് ശശിധരന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.

പട്ടികജാതി-പട്ടിക വര്‍ഗ വികസന വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി പുനീത്കുമാര്‍ സ്വാഗതവുംപട്ടികജാതി വികസന വകുപ്പ് ഡയറക്ടര്‍ പിഐ ശ്രീവിദ്യ നന്ദിയും പറഞ്ഞു.2002ല്‍ തുടങ്ങിയ വെള്ളച്ചാല്‍ എം ആര്‍ എസില്‍ നിലവില്‍ 160 വിദ്യാര്‍ത്ഥികളുണ്ട്. പത്താം തരം വരെയുള്ള 210 വിദ്യാര്‍ത്ഥികള്‍ക്ക് താമസിച്ച് പഠിക്കുന്നതിനുള്ള വിശാലമായ ഹോസ്റ്റല്‍ നിലവിലുണ്ട്. 2008 മുതല്‍ തുടര്‍ച്ചയായ 13 വര്‍ഷവും പത്താം ക്ലാസ്സില്‍ 100 ശതമാനം വിജയം നേടിയെടുത്ത സ്‌കൂളില്‍ അടുത്ത വര്‍ഷം മുതല്‍ ഹയര്‍ സെക്കന്റി തുടങ്ങും. ഹയര്‍ സെക്കന്ററി വിഭാഗത്തിനുള്ള പ്രത്യേക ഹോസ്റ്റല്‍ ബ്ലോക്കാണ് 3.92 കോടി രൂപ ചെലവില്‍ 20,505 സ്‌ക്വയര്‍ഫീറ്റ് വിശാലതയില്‍ മൂന്ന് നിലകളോട് കൂടി പട്ടികജാതി വികസന വകുപ്പ് നിര്‍മിച്ചത്. കിഫ്ബി വഴി കേരള കണ്‍സ്ട്രക്ഷന്‍ കോര്‍പ്പറേഷന്‍ 2019 ല്‍ ആരംഭിച്ച പ്രവൃത്തിയാണ് ഇപ്പോള്‍ പൂര്‍ത്തിയായത്. 100 പേര്‍ക്ക് ഇവിടെ താമസ സൗകര്യമുണ്ട്. ഡൈനിങ് ഹാള്‍, പഠന മുറി, റീഡിംഗ് റൂം, സിക്ക് റൂം തുടങ്ങി വിപുലമായ സൗകര്യങ്ങളാണ് പുതിയ ഹോസ്റ്റലില്‍ ഒരുക്കിയിട്ടുള്ളത്.

8.18 ഏക്കര്‍ വിസ്തൃതിയുള്ള ക്യാമ്പസ്സില്‍ വിശാലമായ രണ്ട് ഹോസ്റ്റല്‍ കെട്ടിടത്തിനു പുറമെ ഹയര്‍സെക്കന്‍ഡറി വരെ ക്ലാസ്സുകള്‍ നടത്താന്‍ സൗകര്യമുള്ള സ്‌കൂള്‍ കെട്ടിടം പ്രത്യേകമായുണ്ട്. പതിനായിരത്തിലേറെ പുസ്തകങ്ങളുള്ള ലൈബ്രറി, ശാസ്ത്ര ലാബ് (ബയോളജി, കെമിസ്ട്രി, ഫിസിക്‌സ്) ഐറ്റി ലാബ്, സോളാര്‍ സിസ്റ്റം, മിനി ഓഡിറ്റോറിയം തുടങ്ങിയ സൗകര്യങ്ങളുണ്ട്. വിശാലമായ കളിസ്ഥലം നിര്‍മാണം പുരോഗമിക്കുന്നു. പോലീസ് കേഡറ്റ്, വിവിധ ക്ലബ്ബുകള്‍ എന്നിവക്കു പുറമെ സംഗീത പരിശീലനവും നല്‍കുന്നു. പതിനെട്ട് വര്‍ഷം പൂര്‍ത്തിയാക്കി സ്ഥാപനത്തിലേക്ക് പുതിയ അധ്യയന വര്‍ഷത്തേക്കുള്ള പ്രവേശന നടപടികള്‍ മാര്‍ച്ചില്‍ തുടങ്ങും. അഞ്ചാംതരത്തിലേക്ക് പ്രവേശ പരീക്ഷയുടെ അടിസ്ഥാനത്തിലാണ് പ്രവേശനം നല്‍കുന്നത്.