കാസര്‍ഗോഡ്:  ഹരിത കേരളം മിഷന്റെ സുജലം സുഫലം ഉപമിഷന്റെ ഭാഗമായി നടത്തുന്ന ഹരിതസമൃദ്ധി വാര്‍ഡ് എന്ന ലക്ഷ്യമിട്ട് വ്യത്യസ്ത പദ്ധതിയുമായി പനത്തടി പഞ്ചായത്ത്. പനത്തടി പഞ്ചായത്തിലെ 10-ാം വാര്‍ഡ് മെമ്പര്‍ കെ.ജെ ജെയിംസാണ് കൃഷിയെ പ്രോത്സാഹിപ്പിക്കാന്‍ വേറിട്ട പദ്ധതിയ്ക്ക് നേതൃത്വം നല്‍കുന്നത്. മൂന്ന് ഘട്ടങ്ങളിലായാണ് പദ്ധതി നടപ്പാക്കുന്നത്. ഒന്നാം ഘട്ടത്തില്‍ വാര്‍ഡിലെ എല്ലാ വീടുകളിലും പച്ചക്കറിതൈകള്‍ നല്‍കും. രണ്ടാം ഘട്ടത്തില്‍ മഞ്ഞള്‍, ഇഞ്ചി, ചേന തുടങ്ങിയവയും മൂന്നാം ഘട്ടത്തില്‍ വീണ്ടും പച്ചക്കറിതൈകളും നല്‍കും.

ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന പ്രവര്‍ത്തനം കൃത്യമായി നിരീക്ഷിച്ച് ഏറ്റവും നന്നായി പരിപാലിക്കുന്ന വ്യക്തിക്ക് 10000 രൂപയും രണ്ട്, മൂന്ന് സ്ഥാനങ്ങള്‍ നേടുന്ന വ്യക്തികള്‍ക്ക് 5000, 3000 രൂപ വീതവും സമ്മാനം നല്‍കും. വാര്‍ഡ് മെമ്പര്‍ അടങ്ങുന്ന മോണിട്ടറിംഗ് സംഘം നേരിട്ട് വീട്ടുകളില്‍ ചെന്ന് വിലയിരുത്തുന്നതോടൊപ്പം മൊബൈല്‍ ആപ്ലിക്കേഷന്‍ വഴി ആഴ്ചതോറും അപ്ലോഡ് ചെയ്യുന്ന ഫോട്ടോകള്‍ ഉപയോഗിച്ചും കൃഷി വിലയിരുത്തപ്പെടും. വാര്‍ഡില്‍ നടന്ന ഗ്രാമസഭയില്‍ പദ്ധതിയുടെ ഉദ്ഘാടനം പച്ചക്കറി തൈകള്‍ സൗജന്യമായി നല്‍കി പഞ്ചായത്ത് പ്രസിഡന്റ് പ്രസന്ന പ്രസാദ് നിര്‍വ്വഹിച്ചു.

വെണ്ട, വഴുതന, പയര്‍, മുളക്, തക്കാളി, വെള്ളരി, പാവല്‍ എന്നിവയാണ് വിതരണം ചെയ്തത്. സ്‌പോണ്‍സര്‍മാരെ കണ്ടെത്തി തൈകള്‍ സൗജന്യമായാണ് മുഴുവന്‍ കുടുംബത്തിനും വിതരണം നടത്തിയത്. ചടങ്ങില്‍ ഹരിത കേരളം മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ എം.പി.സുബ്രഹ്‌മണ്യന്‍ മുഖ്യാതിഥിയായി. പി. എം. കുര്യാക്കോസ്, രാധാകൃഷ്ണ ഗൗഡ, കെ.കെ.വേണുഗോപാല്‍, രാധാ സുകുമാരന്‍, എന്‍ വിന്‍സന്റ്, പ്രീതി, ജോര്‍ജ് വര്‍ഗീസ്, ഷാനിദ്, രതീഷ്, സുമ, അശോകന്‍, പ്രദീപ് കുമാര്‍ എന്നിവര്‍ പങ്കെടുത്തു.