*തൊഴിലാളി യൂണിയന്‍ പ്രതിനിധികളുമായി മുഖ്യമന്ത്രി ആശയവിനിമയം നടത്തി

സംസ്ഥാനത്തിന്റെ പൊതുവായ അഭിവൃദ്ധിക്കും വ്യാവസായിക നന്മയ്ക്കും തൊഴില്‍മേഖല ശക്തിപ്പെടുത്തുന്നതിനുമായി തൊഴിലാളി സമൂഹം സര്‍ക്കാരുമായി ഒന്നിച്ചു നീങ്ങണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി സംസ്ഥാനത്തെ തൊഴിലാളി യൂണിയനുകളുടെ പ്രതിനിധികളുമായി ആശയവിനിമയം നടത്താന്‍ വിളിച്ചുചേര്‍ത്ത യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാജ്യത്ത് പൊതുമേഖലാ സ്ഥാപനങ്ങള്‍ ഇല്ലാതാക്കുന്ന സമീപനം ക്തിപ്പെട്ടുകൊണ്ടിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് വലിയ വിഭവശേഷി യൊന്നുമില്ലാത്ത നമുക്ക് പൊതുമേഖലയെ സംരക്ഷിക്കാനും ശക്തിപ്പെടുത്താനും സാധിക്കുന്നത്. നോട്ടു നിരോധനവും ജിഎസ്ടിയുമടക്കമുള്ള പ്രതിസന്ധികളില്‍പോലും സംസ്ഥാനത്തെ പൊതുമേഖലാ സംരംഭങ്ങള്‍ പിടിച്ചു നിന്നു നഷ്ടത്തിലായിരുന്നവയെ പോലും ലാഭത്തിലാക്കാനായി. തൊഴിലാളികളുടെ അവകാശങ്ങളും ആനുകൂല്യങ്ങളും സംരക്ഷിക്കുന്നതിനൊപ്പം സ്ഥാപനങ്ങളെ അഭിവൃദ്ധിപ്പെടുത്താനും നമുക്കു കഴിഞ്ഞു. ഏറ്റവുമധികം വിഷമമനുഭവിച്ചത് പരമ്പരാഗത വ്യവസായ മേഖലയാണ്. ഈ മേഖലയെ സംരക്ഷിക്കാന്‍ ഫലപ്രദമായ നടപടികളെടുക്കാന്‍ സര്‍ക്കാരിനു കഴിഞ്ഞു. ചില മേഖലകളില്‍ തുടര്‍ന്നും കൂടുതല്‍ ശ്രദ്ധ ആവശ്യമാണെന്നും സര്‍ക്കാര്‍ തിരിച്ചറിഞ്ഞിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.
സംസ്ഥാനത്തുള്ള ചില കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങള്‍ ഇവിടെ പ്രവര്‍ത്തിക്കേണ്ടതില്ല എന്ന നിലപാടാണ്. എച്ച്.ഒ.സി. പോലുള്ള സ്ഥാപനങ്ങള്‍ സ്വകാര്യവത്കരിക്കാന്‍ തീരുമാനിച്ചപ്പോള്‍ ഏറ്റെടുത്തു നടത്താന്‍ സര്‍ക്കാര്‍ സന്നദ്ധത പ്രകടിപ്പിച്ചു. സംസ്ഥാനത്തിന് ആവശ്യത്തിനു സമ്പത്തുള്ളതുകൊണ്ടല്ല ആവശ്യത്തിലധികം തൊഴിലാളികള്‍ ഇവിടെയുണ്ട് എന്നതുകൊണ്ടാണ് സര്‍ക്കാര്‍ ആ നിലപാടെടുത്തത്. എഫ്.എ.സി.ടി.യെ നിലനിര്‍ത്താനും സര്‍ക്കാര്‍ ഏറെ പ്രയത്നിച്ചു.
പെട്രോളിയം, പാചക വാതക ഉത്പന്നങ്ങളുടെ വിതരണം തുടങ്ങിയ മര്‍മ പ്രധാന മേഖലകളില്‍ തുടരെത്തുടരെ പണിമുടക്ക് ആഹ്വാനം ചെയ്ത് ജനങ്ങളെ ബുദ്ധിമുട്ടിലാക്കുന്ന പ്രവണത തൊഴിലാളി യൂണിയനുകള്‍ അവസാനിപ്പിക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
2017ല്‍ മാത്രം ഈ മേഖലയില്‍ 15 പണിമുടക്കുകള്‍ നടന്നിട്ടുണ്ട്. മാസത്തില്‍ ഒരുപണിമുടക്കില്‍ കൂടുതല്‍ എന്ന അവസ്ഥ സംസ്ഥാനത്തിന്റെ വ്യവസായ അന്തരീക്ഷത്തിനു ഗുണം ചെയ്യുകയില്ല.
വ്യവസായ സൗഹൃദ, നിക്ഷേപ സൗഹൃദ അന്തരീക്ഷത്തില്‍ നമ്മുടെ സംസ്ഥാനം പിന്നിലാണെന്ന അവസ്ഥ മാറേണ്ടതുണ്ട്. രാജ്യം ശ്രദ്ധിച്ച കാര്യമാണ് നഴ്സുമാരുടെ ശമ്പളം സംബന്ധിച്ചത്. ഇവിടെ തൊഴിലെടുക്കുന്നവര്‍ ഇവിടത്തുകാര്‍ മാത്രമല്ല. അതിഥിത്തൊഴിലാളികള്‍ക്കും മറ്റു സംസ്ഥാനങ്ങളില്‍ നിന്നു വ്യത്യസ്തമായി മികച്ച വേതനവും മറ്റാനുകൂല്യങ്ങളും ഉറപ്പുവരുത്താന്‍ നമുക്കായിട്ടുണ്ട്. തോട്ടം തൊഴിലാളികളുടെ ഭവന നിര്‍മാണം സമയബന്ധിതമായി മുന്നോട്ടു നീക്കാനാണ് സര്‍ക്കാര്‍ തീരുമാനം. ഇക്കാര്യത്തിലെല്ലാം മുന്നേറാന്‍ സാധിച്ചുവെങ്കിലും നിക്ഷേപ സൗഹൃദ അന്തരീക്ഷത്തിന്റെ കാര്യത്തില്‍ നാം വളരെ പിന്നിലാണ്.
സംസ്ഥാനത്ത് മെയ് ഒന്നു മുതല്‍ നോക്കുകൂലി സമ്പ്രദായം നിരോധിച്ച നടപടി എല്ലാ തൊഴിലാളി യൂണിയനുകളും അംഗീകരിച്ചതാണ്. എവിടെയെങ്കിലും ആരെങ്കിലും ആ സമ്പ്രദായം നടപ്പാക്കാന്‍ ശ്രമിച്ചാല്‍ കര്‍ശനമായ നടപടി സ്വീകരിക്കും. സംസ്ഥാനത്ത് വ്യവസായം തുടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് കഴിയുന്നത്ര വേഗത്തില്‍ വ്യവസായം തുടങ്ങാന്‍ അവസരമൊരുക്കിക്കൊടുക്കേണ്ടതുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.
തൊഴില്‍ വകുപ്പ് മന്ത്രി ടി.പി. രാമകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. വ്യവസായ വകുപ്പ് മന്ത്രി എ.സി. മൊയ്തീന്‍, ഫിഷറീസ്, കശുവണ്ടി വ്യവസായ വകുപ്പ് മന്ത്രി ജെ. മെഴ്സിക്കുട്ടിഅമ്മ, അഡീഷണല്‍ ചീഫ് സെക്രട്ടറി ടോം ജോസ്, വ്യവസായ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. കെ. ഇളങ്കോവന്‍, റിയാബ് ചെയര്‍മാന്‍ സുകുമാരന്‍ നായര്‍ തൊഴിലാളി സംഘടനാ നേതാക്കളായ ആര്‍. ചന്ദ്രശേഖരന്‍, ആനത്തലവട്ടം ആനന്ദന്‍, കെ.പി. രാജേന്ദ്രന്‍, ജി. സുഗുണന്‍, ജി.കെ.അജിത്ത് തുടങ്ങിയവര്‍ സംബന്ധിച്ചു.