കൊല്ലം:  ആര്യങ്കാവ് ഗ്രാമപഞ്ചായത്തിലെ കഴുതുരുട്ടി സപ്ലൈകോ സൂപ്പര്‍ മാര്‍ക്കറ്റ് നാടിന് സമര്‍പ്പിച്ചു. വിപുലമായ സൗകര്യങ്ങളോടെ പുതിയ കെട്ടിടത്തില്‍ ആരംഭിച്ച സൂപ്പര്‍മാര്‍ക്കറ്റിന്റെ പ്രവര്‍ത്തനോദ്ഘാടനം ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി പി തിലോത്തമന്‍ നിര്‍വഹിച്ചു.
കേരളത്തിലെ പൊതുവിതരണ സംവിധാനം രാജ്യത്തിന് മാതൃകയാണ്. സംസ്ഥാനത്തെ കമ്പോളങ്ങളില്‍ അതിശക്തമായ ഇടപെടലുകള്‍ നടത്തി അഞ്ചുവര്‍ഷം വിലക്കയറ്റം നിയന്ത്രിക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞു. ഗുണമേ•യുള്ള ഉല്‍പ്പന്നങ്ങള്‍ തുച്ഛമായ വിലയില്‍ സാധാരണക്കാര്‍ക്ക് ലഭ്യമാക്കാന്‍ സാധിച്ചതായും മന്ത്രി പറഞ്ഞു.
നിത്യോപയോഗ ഭക്ഷ്യ സാധനങ്ങള്‍ക്ക് പുറമേ ഗൃഹോപകരണങ്ങളുടെ വില്‍പ്പന നടത്തുന്നതിനും സിവില്‍ സപ്ലൈസിന്റെ നേതൃത്വത്തില്‍ ഇരുന്നൂറോളം വില്‍പ്പനശാലകള്‍ ആരംഭിച്ചിട്ടുണ്ട്. പൊതു സമൂഹത്തിന്റെ ആവശ്യകതയനുസരിച്ച് ഓണ്‍ലൈന്‍ മാര്‍ക്കറ്റിംഗ് വിപുലമാക്കുന്നതിനും സര്‍ക്കാര്‍ ലക്ഷ്യമിടുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വനം-വന്യജീവി വകുപ്പ് മന്ത്രി കെ രാജു ഓണ്‍ലൈന്‍ മുഖേന അധ്യക്ഷനായി. കഴിഞ്ഞ അഞ്ചു വര്‍ഷക്കാലയളവില്‍ ഭക്ഷ്യ സിവില്‍ സപ്ലൈസ് വകുപ്പ് അഭൂതപൂര്‍വമായ വികസന പ്രവര്‍ത്തനങ്ങളാണ് നടത്തിവരുന്നത്. പൊതുവിതരണ രംഗം ഏറ്റവും ശക്തമായി മുന്നോട്ടു കൊണ്ടുപോകാന്‍ വകുപ്പിന് സാധിച്ചു. നിത്യോപയോഗ സാധനങ്ങളുടെ വില വര്‍ദ്ധനവ് നിയന്ത്രിക്കുന്നതില്‍ മാതൃകാ പ്രവര്‍ത്തനങ്ങള്‍ കാഴ്ചവയ്ക്കാന്‍ വകുപ്പിന് കഴിഞ്ഞു. പ്ലാന്റേഷന്‍ മേഖലയില്‍ തൊഴില്‍ ചെയ്യുന്ന സാധാരണക്കാരാണ് കഴുതുരുട്ടിയിലുള്ളത്. ഇവര്‍ക്ക് ന്യായവിലയില്‍ സാധനങ്ങള്‍ ലഭ്യമാക്കുന്നതിന് സൂപ്പര്‍മാര്‍ക്കറ്റ് സഹായകരമാകുമെന്നും അദ്ദേഹം പറഞ്ഞു.