നെടുങ്കണ്ടം കസ്റ്റഡി മരണം : അന്വേഷണ കമ്മീഷന്‍ ശുപാര്‍ശകള്‍ അംഗീകരിച്ചു

ഇടുക്കി ജില്ലയിലെ കോലാഹലമേട്ടില്‍ രാജ്കുമാറിന്റെ കസ്റ്റഡി മരണത്തെക്കുറിച്ച് അന്വേഷിച്ച റിട്ട. ജസ്റ്റിസ് കെ. നാരായണക്കുറുപ്പിന്റെ കണ്ടെത്തലുകളും ശുപാര്‍ശകളുമടങ്ങിയ റിപ്പോര്‍ട്ട് പൊതുവായി അംഗീകരിക്കാന്‍ തീരുമാനിച്ചു.

കസ്റ്റഡി മരണത്തിന് ഉത്തരവാദികളായ പോലീസ് ഉദ്യോഗസ്ഥരെ ഭരണഘടനയുടെ അനുഛേദം 311 (2) പ്രകാരം പിരിച്ചുവിടാനുള്ള ശുപാര്‍ശയും ഇതില്‍ ഉള്‍പ്പെടും.


പ്രൊബേഷന്‍ നയം അംഗീകരിച്ചു

സംസ്ഥാനത്ത് പ്രൊബേഷന്‍ അഥവാ നല്ലനടപ്പ് സംവിധാനത്തിന്റെ ഭാഗമായി നയം രൂപീകരിക്കാന്‍ തീരുമാനിച്ചു. സാമൂഹ്യനീതി വകുപ്പ് തയ്യാറാക്കിയ കരട് പ്രൊബേഷന്‍ നയത്തിന് മന്ത്രിസഭ അംഗീകാരം നല്‍കി. ഗുരുതരമല്ലാത്ത കുറ്റങ്ങള്‍ ചെയ്തവരെയും സമൂഹത്തിന്റെ മുഖ്യധാരയില്‍ നിന്ന് മാറ്റിനിര്‍ത്തപ്പെട്ടവരെയും സമൂഹത്തിന് ഉതകുന്നവരാക്കി മാറ്റുന്ന സാമൂഹിക ചികിത്സാസമ്പ്രദായമാണ് നല്ലനടപ്പ് അല്ലെങ്കില്‍ പ്രൊബേഷന്‍. ഈ ലക്ഷ്യം ഫലപ്രദമായി നടപ്പാക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങളാണ് നയത്തിലുള്ളത്.

സംസ്ഥാനത്ത് പുതുതായി രൂപീകരിച്ച കുന്നംകുളം, പയ്യന്നൂര്‍ താലൂക്കുകളില്‍ താലൂക്ക് സപ്ലൈ ഓഫീസുകള്‍ സ്ഥാപിക്കാന്‍ തീരുമാനിച്ചു. ഇതിന് ആവശ്യമായ തസ്തികകള്‍ സൃഷ്ടിക്കും.

കേരളത്തിലെ വിവിധ സര്‍വകലാശാലകളുമായി അഫിലിയേറ്റ് ചെയ്ത സ്വാശ്രയ കോളേജുകളിലെ അധ്യാപക-അനധ്യാപക ജീവനക്കാരുടെ നിയമനരീതിയും സേവന വ്യവസ്ഥകളും നിശ്ചയിക്കുന്നതിന് ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കാന്‍ ഗവര്‍ണറോട് ശുപാര്‍ശ ചെയ്യാന്‍ തീരുമാനിച്ചു.


കള്ള് വ്യവസായ വികസന ബോര്‍ഡ് രൂപീകരിക്കും

കേരള കള്ള് വ്യവസായ വികസന ബോര്‍ഡ് രൂപീകരിക്കാന്‍ ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കുന്നതിന് ഗവര്‍ണറോട് ശുപാര്‍ശ ചെയ്യാന്‍ തീരുമാനിച്ചു. കള്ള് വ്യവസായവുമായി ബന്ധപ്പെട്ട് തൊഴില്‍ ചെയ്യുന്നവരുടെ ക്ഷേമത്തിനുവേണ്ടിയാണ് ബോര്‍ഡ് രൂപീകരിക്കുന്നത്. സംസ്ഥാനത്ത് പരമ്പരാഗത കള്ള് വ്യവസായം പ്രോത്സാഹിപ്പിക്കുന്നതിനും വികസിപ്പിക്കുന്നതിനുമുള്ള ലക്ഷ്യവും നിര്‍ദിഷ്ട നിയമത്തിലുണ്ട്.

കേരള ഷോപ്‌സ് ആന്റ് കമേഷ്യല്‍ എസ്റ്റാബ്ലിഷ്‌മെന്റ്‌സ് തൊഴിലാളി ക്ഷേമനിധി ഭേദഗതി ബില്‍ ഓര്‍ഡിനന്‍സായി പുറപ്പെടുവിക്കുന്നതിന് ഗവര്‍ണറോട് ശുപാര്‍ശ ചെയ്യാന്‍ തീരുമാനിച്ചു.


പത്ത് എയ്ഡഡ് സ്‌കൂളുകള്‍ സര്‍ക്കാര്‍ ഏറ്റെടുക്കുന്നു

പുലിയന്നൂര്‍ സെന്റ് തോമസ് യു.പി. സ്‌കൂള്‍, ആര്‍.വി.എല്‍.പി.എസ്. (കുരുവിലശ്ശേരി), എ.എല്‍.പി.എസ്. (മുളവുകാട്), എം.ജി.യു.പി.എസ്. (പെരുമ്പിള്ളി മുളന്തുരുത്തി), എല്‍.പി.എസ്. (കഞ്ഞിപ്പാടം), എന്‍.എന്‍.എസ്.യു.പി.എസ് (ആലക്കാട്), എസ്.എം.എല്‍.പി.എസ്. (ചുലിശ്ശേരി), ടി.ഐ.യു.പി.എസ്. (പൊന്നാനി), ശ്രീവാസുദേവാശ്രമം ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ (നടുവത്തൂര്‍), സര്‍വജന ഹയര്‍സെക്കണ്ടറി സ്‌കൂള്‍ (പുതുക്കോട്, പാലക്കാട്) എന്നീ 10 എയ്ഡഡ് സ്‌കൂളുകള്‍ ഏറ്റെടുക്കാന്‍ തീരുമാനിച്ചു.

2019-ല്‍ കൊറിയയില്‍ നടന്ന അന്താരാഷ്ട്ര ബോഡി ബില്‍ഡിംഗ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയെ പ്രതിനിധാനം ചെയ്ത് മിസ്റ്റര്‍ യൂണിവേഴ്‌സ് പട്ടം കരസ്ഥമാക്കിയ ചിത്തരേഷ് നടേശനും ലോക പുരുഷ ശരീരസൗന്ദര്യ മത്സരങ്ങളില്‍ വെള്ളി മെഡല്‍ നേടിയ ഷിനു ചൊവ്വക്കും അവരുടെ നേട്ടങ്ങളും കുടുംബപശ്ചാത്തലവും കണക്കിലെടുത്ത് യോഗ്യതയ്ക്കനുസരിച്ച് സര്‍ക്കാര്‍ ജോലി നല്‍കാന്‍ തീരുമാനിച്ചു.


ശമ്പള പരിഷ്‌ക്കരണം

ട്രാന്‍സ്‌ഫോര്‍മേഴ്‌സ് & ഇലക്ട്രിക്കല്‍സ് കേരള ലിമിറ്റഡിലെ (ടെല്‍ക്ക്) ഓഫീസര്‍മാരുടെ ശമ്പളപരിഷ്‌ക്കരണം നടപ്പിലാക്കാന്‍ തീരുമാനിച്ചു.

കേരള കയര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ജീവനക്കാര്‍ക്ക് ശമ്പളപരിഷ്‌ക്കരണം നടപ്പിലാക്കാന്‍ തീരുമാനിച്ചു.

കേരള സ്റ്റേറ്റ് പവര്‍ & ഇന്‍ഫ്രാസ്ട്രക്ചര്‍ ഫിനാന്‍സ് കോര്‍പ്പറേഷനിലെ ജീവനക്കാരുടെ ശമ്പളം പരിഷ്‌ക്കാരിക്കാന്‍ തീരുമാനിച്ചു.

കേരള ഇലക്ട്രിക്കല്‍ ആന്റ് ആലൈഡ് എഞ്ചിനീയറിംഗ് ലിമിറ്റഡിലെ മാനേജര്‍, സൂപ്പര്‍വൈസറി സ്റ്റാഫ് എന്നീ തസ്തികകളിലുള്ള ജീവനക്കാര്‍ക്ക് ശമ്പളപരിഷ്‌ക്കരണം നടപ്പിലാക്കാന്‍ തീരുമാനിച്ചു.


തസ്തികകള്‍ സൃഷ്ടിക്കുന്നു

വയനാട് മെഡിക്കല്‍കോളേജിന്റെ പ്രവര്‍ത്തനം തുടങ്ങുന്നതിന് 115 അധ്യാപക തസ്തികകള്‍ ഉള്‍പ്പെടെ 140 തസ്തികകള്‍ സൃഷ്ടിക്കാന്‍ തീരുമാനിച്ചു.

കേരള കയര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ 16 യു.ഡി.സി., 17 എല്‍.ഡി.സി. ഉള്‍പ്പടെ 55 തസ്തികകള്‍ സൃഷ്ടിക്കാന്‍ തീരുമാനിച്ചു.

മലബാര്‍ ദേവസ്വം ബോര്‍ഡില്‍ 6 എന്‍ട്രി കേഡര്‍ തസ്തികകള്‍ സൃഷ്ടിക്കാന്‍ തീരുമാനിച്ചു.

അഡ്വക്കേറ്റ് ജനറല്‍ ഓഫീസില്‍ വിവിധ വിഭാഗങ്ങളിലായി 60 തസ്തികകള്‍ സൃഷ്ടിക്കാന്‍ തീരുമാനിച്ചു. ഇതില്‍ 23 തസ്തികകള്‍ അസിസ്റ്റന്റിന്റേതാണ്.


സ്ഥിരപ്പെടുത്തല്‍

സംസ്ഥാന യുവജനക്ഷേമ ബോര്‍ഡില്‍ പി.എസ്.സി.ക്ക് വിടാത്ത തസ്തികകളില്‍ 10 വര്‍ഷത്തിലധികമായി ജോലി ചെയ്യുന്ന 37 പേരെ സ്ഥിരപ്പെടുത്താന്‍ തീരുമാനിച്ചു.

കോ-ഓപ്പറേറ്റീവ് അക്കാദമി ഓഫ് പ്രൊഫഷണല്‍ എഡ്യൂക്കേഷനില്‍ 10 വര്‍ഷത്തിലധികമായി കരാര്‍ അടിസ്ഥാനത്തില്‍ ജോലി ചെയ്യുന്ന 14 ജീവനക്കാരെ സ്ഥിരപ്പെടുത്താന്‍ തീരുമാനിച്ചു.

കേരള ടൂറിസം ഡവലപ്പ്‌മെന്റ് കോര്‍പ്പറേഷനില്‍ 10 വര്‍ഷത്തിലധികമായി ജോലി ചെയ്യുന്ന 100 കരാര്‍ ജീവനക്കാരെ സ്ഥിരപ്പെടുത്താന്‍ തീരുമാനിച്ചു.

പി.എസ്.സി.ക്ക് വിടാത്ത തസ്തികകളില്‍ മാത്രമേ സ്ഥിരപ്പെടുത്തല്‍ ബാധകമാകൂ.