കേരള പുനർനിർമാണത്തിന്റെ ഭാഗമായി ലോകബാങ്ക് സഹായത്തോടെ സംസ്ഥാനത്ത് നടപ്പാക്കാനുദ്ദേശിക്കുന്ന റെസിലിയന്റ് കേരള പ്രോഗ്രാം ഫോർ റിസൽട്ട് (PfR)പരിപാടിയുടെ മുന്നൊരുക്കത്തിന്റെ ഭാഗമായി തയാറാക്കിയ പാരിസ്ഥിതിക, സാമൂഹിക സംവിധാനങ്ങളുടെ വിലയിരുത്തൽ (ESSA) സംബന്ധിച്ചകരട് റിപ്പോർട്ട് പ്രസിദ്ധപ്പെടുത്തി. കരട് റിപ്പോർട്ടിന്റെ മൂന്നു ഭാഗങ്ങളും സംക്ഷിപ്ത റിപ്പോർട്ടിന്റെ മലയാള പരിഭാഷയും www.kerala.gov.in, www.rebuild.kerala.gov.in എന്നീ വെബ് സൈറ്റുകളിൽ ലഭിക്കും.

പമ്പാനദീതട പ്രദേശങ്ങൾക്ക് പ്രത്യേക ഊന്നൽ നൽകി സംസ്ഥാനത്ത് കാലാവസ്ഥാവ്യതിയാനം, പ്രകൃതിദുരന്തം, പകർച്ചാവ്യാധികൾ എന്നിവയ്ക്കെതിരായ പ്രതിരോധവും അതിജീവനവും ശക്തിപ്പെടുത്തുന്നതിനുള്ള പദ്ധതികളാണ് റെസിലിയന്റ് കേരള പ്രോഗ്രാം ഫോർ റിസൽട്ടിലൂടെ ലക്ഷ്യമിടുന്നത്. കരട് റിപ്പോർട്ട് മെച്ചപ്പെടുത്തുന്നതിനും സമഗ്രമാക്കുന്നതിനും വിവിധ കക്ഷികളെ പങ്കെടുപ്പിച്ച് 18 ന് രാവിലെ 10ന് കിലയുടെ ആഭിമുഖ്യത്തിൽ ഓൺലൈൻ ശിൽപശാല സംഘടിപ്പിക്കും. ലോകബാങ്ക്, KfW, AIIB, AFD എന്നീ അന്താരാഷ്ട്ര ഏജൻസികളുടെ പ്രതിനിധികളും ശിൽപശാലയിൽ പങ്കെടുക്കും. 22 ന് ഓൺലൈനായി സംഘടിപ്പിക്കുന്ന ചർച്ചയിൽ കരട് റിപ്പോർട്ട് സംബന്ധിച്ച് ലോക ബാങ്ക് ടീമുമായി സംവദിക്കുന്നതിനും അഭിപ്രായങ്ങളും നിർദേശങ്ങളും അറിയിക്കുന്നതിനും പൊതുജനങ്ങൾക്ക് അവസരമുണ്ടാകും.

ചർച്ചയിൽ പങ്കെടുക്കുന്നതിനുള്ള ലിങ്ക് 22ന് മുൻപ് വെബ് സൈറ്റുകളിൽ ലഭിക്കും. കരട് റിപ്പോർട്ട് സംബന്ധിച്ച പ്രതികരണങ്ങൾ 28 വരെ നേരിട്ടോ തപാലിലൂടെയോ ഇ-മെയിലിലൂടെയോ അറിയിക്കാം.

വിലാസം: റീബിൽഡ് കേരള ഇനിഷ്യേറ്റീവ്, സെക്രട്ടേറിയറ്റ്, ആസൂത്രണ, സാമ്പത്തികകാര്യ (ആർ.കെ.ഐ.)വകുപ്പ്, കേരളസർക്കാർ, 1 A, കാൽസർഹെതർ ടവർ, പുന്നൻറോഡ്, ഗവ.സെക്രട്ടേറിയറ്റിനുസമീപം, തിരുവനന്തപുരം.

ഇ-മെയിൽ:rkisecretariat@gmail.com; rkisecretariat@kerala.gov.in, ഫോൺ-04712332744/ 2333744.