ആലപ്പുഴ : വെര്‍ച്ച്വല്‍ പ്ലാറ്റ് ഫോമില്‍ സംഘടിപ്പിക്കുന്ന കയർ കേരള2021 ഫെബ്രുവരി 16 ന് തുടക്കമാകും. രാവിലെ 11.30ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം നിര്‍വഹിക്കും. ധനകാര്യ – കയർ വകുപ്പ് മന്ത്രി ഡോ. റ്റി. എം തോമസ് ഐസക് ചടങ്ങിൽ അധ്യക്ഷത വഹിക്കും. കോവിഡിന്റെ പശ്ചാത്തലത്തിൽ മുൻ വർഷങ്ങളിൽ നിന്നും വ്യത്യസ്തമായി ഫെബ്രുവരി 16 മുതൽ 21 വരെ ആലപ്പുഴ പാതിരാപ്പിള്ളി ക്യാമിലോട്ട് കൺവെൻഷൻ സെന്ററിൽ വെർച്വൽ പ്ലാറ്റ്ഫോമിലാണ് മേള സംഘടിപ്പിക്കുന്നത്. ലിങ്ക് ഉപയോഗിച്ചും ക്യു. ആർ. കോഡ് സ്കാൻ ചെയ്തും ഓൺലൈനായി മേള കാണാം.

കയർ വ്യവസായത്തിന്റെ വിവിധ മേഖലകളുമായി ബന്ധപ്പെട്ട സമ്മേളനങ്ങളും സെമിനാറുകളും വെർച്ചൽ എക്സിബിഷനും മേളയുടെ ഭാഗമായി നടക്കും. നൂറിൽപരം വിദേശ വ്യാപാരികളും ആഭ്യന്തര വ്യാപാരികളും കയർ കേരളയിൽ പങ്കെടുക്കും. കയറുൽപന്നങ്ങളുടെ വർണവൈവിധ്യം പ്രദർശിപ്പിക്കുന്നതിനായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി ഇരുന്നൂറിലേറെ വെർച്ചൽ സ്റ്റാളുകളാണ് ഒരുങ്ങുന്നത്.

ഫെബ്രുവരി 16 ന് ഉദ്ഘാടന ദിവസം രാവിലെ 10.30 മുതൽ സംഗീത നാടക അക്കാദമി സീനിയർ ഫെല്ലോഷിപ്പ് ജേതാവ് സദനം വാസുദേവൻ നായർ നയിക്കുന്ന കേരളീയ വാദ്യ സമന്വയം നടക്കും. ഉദ്ഘാടനച്ചടങ്ങില്‍ പൊതുമരാമത്ത്- രജിസ്ട്രേഷൻ വകുപ്പ് മന്ത്രി ജി.സുധാകരൻ പവലിയൻ ഉദ്ഘാടനം നിർവഹിക്കും. ഭക്ഷ്യ- പൊതുവിതരണ വകുപ്പ് മന്ത്രി പി. തിലോത്തമൻ മുഖ്യപ്രഭാഷണം നടത്തും. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, എം.പിമാരായ എ.എം ആരീഫ്, കൊടിക്കുന്നിൽ സുരേഷ്, മുൻ എം എൽ എയും അപക്സ് ബോഡി ഫോർ കയർ വൈസ് ചെയർമാനുമായ ആനത്തലവട്ടം ആനന്ദൻ, എം. എൽ. എമാരായ സജി ചെറിയാൻ, ആർ. രാജേഷ്, അഡ്വ. യു. പ്രതിഭ, ഷാനിമോൾ ഉസ്മാൻ, ജില്ല പഞ്ചായത്ത് പ്രസിഡന്റ്‌ ആർ. രാജേശ്വരി, ജില്ല കളക്ടർ എ. അലക്സാണ്ടർ, ആലപ്പുഴ നഗരസഭ ചെയർപേഴ്സൺ സൗമ്യ രാജ് പഞ്ചായത്ത് പ്രസിഡന്റുമാർ തുടങ്ങിയവർ സന്നിഹിതരാകും.

ഉച്ചയ്ക്ക് 2.30ന് ധനകാര്യ-കയർ വകുപ്പ് മന്ത്രി ഡോ. ടി. എം തോമസ് ഐസക്ക് ക്ഷേമപദ്ധതികളുടെ വിതരണോദ്ഘാടനം നിർവഹിക്കും. ചടങ്ങിൽ ആനത്തലവട്ടം ആനന്ദൻ അധ്യക്ഷത വഹിക്കും.കയർ തൊഴിലാളി ക്ഷേമനിധി ബോർഡ്‌ ചെയർമാൻ കെ കെ ഗണേശൻ, കയർ വികസന വകുപ്പ് ഡയറക്ടർ വി ആർ വിനോദ് തുടങ്ങിയവർ സന്നിഹിതരാകും. വൈകിട്ട് 7:30മുതൽ സൂപ്പർ കിഡ്സ്‌ ബാന്റ് അവതരിപ്പിക്കുന്ന സംഗീത പരിപാടി .

17 ന് രാവിലെ 10ന് കയർ രണ്ടാം പുനസംഘടന നേട്ടങ്ങളും ഭാവി വഴികളും എന്ന വിഷയത്തിൽ സെമിനാർ നടക്കും. ധനം – കയർ വകുപ്പ് മന്ത്രി ടി. എം തോമസ് ഐസക് ഉദ്ഘാടനം ചെയ്യും.10.30ന് “കയർ രണ്ടാം പുനസംഘടന -ഒരു വിജയഗാഥ” ദൃശ്യാവിഷ്കാരം നടക്കും. ഉച്ചയ്ക്ക് 2ന് മന്ത്രി ടി. എം തോമസ് ഐസക്, “രണ്ടാം കയർ പുനസംഘടനാ റിപ്പോർട്ട്‌ അവതരിപ്പിക്കും “. വൈകിട്ട് 6.30ന് ഗായകൻ എസ്. പി ബാലസുബ്രഹ്മണ്യം സ്മൃതി സംഗീത പരിപാടി നടക്കും.

18ന് രാവിലെ 9:30ന് ” ഇന്നോവേറ്റീവ് പ്രോഡക്ടസ് ” എന്ന വിഷയത്തിൽ സാങ്കേതിക സെമിനാർ നടക്കും. ഉച്ചയ്ക്ക് 2ന് “സ്റ്റാർട്ട്‌ അപ്സ് ആന്റ് ഇന്നോവേഷൻസ് ഇൻ കൊയർ ഇൻഡസ്ട്രീസ്” എന്ന വിഷയത്തിൽ രാജ്യാന്തര സെമിനാർ നടക്കും. 6.30 മുതൽ ജുഗല്‍ ബന്ദി. 8ന് മെഗാഷോ ഇശല്‍ മെഹര്‍ബാ.

19 ന് രാവിലെ 10ന് ” ഓപ്പോർച്യുണിറ്റീസ് ആന്റ് ചലഞ്ചസ് ഇൻ ഡോമസ്റ്റിക് മാർക്കറ്റിങ്ങ് “, ഉച്ചയ്ക്ക് 2ന് സസ്റ്റയ്‌നബിലിറ്റി ഓഫ് കൊയർ ഫൈബർ ആന്റ് ഇറ്റ്സ് പ്രസന്റേഷൻ” എന്ന വിഷയത്തിലും സെമിനാർ നടക്കും. വൈകിട്ട് 6.30ന് പത്മശ്രീ രാമചന്ദ്ര പുലവർ അവതരിപ്പിക്കുന്ന തോൽപ്പാവ കൂത്ത്. 7.30 ന് പ്രസിദ്ധ സുഷിരവാദ്യകലാകാരൻ ജോസിയും സംഘവും അവതരിപ്പിക്കുന്ന ഫ്യൂഷൻ മ്യൂസിക് .

20 ന് രാവിലെ 10 ന് ബിൻഡെർലെസ് ബോർഡ് , കയർ കോമ്പോസിറ്റ് ബോർഡ് തിയറിറ്റിക്കൽ പ്രസന്റേഷൻ നടത്തും. വൈകിട്ട് 6 ന് കുട്ടികളുടെ നാടകവേദി രംഗപ്രഭാത് അവതരിപ്പിക്കുന്ന നാടകവും 7ന് കുട്ടികളുടെയും പ്രശസ്ത സിനിമ തരങ്ങളുടേയും നൃത്ത പ്രകടനവും നടക്കും.

21 ന് ആറാം ദിവസം സെമിനാറും, ധാരണാപത്ര കൈമാറ്റവും നടക്കും. “തൊഴിലുറപ്പ് പദ്ധതി : മണ്ണ് ജല സംരക്ഷണത്തിന് കയർ ഭൂവസ്ത്രം ” എന്ന വിഷയത്തില്‍ സെമിനാർ നടക്കും. രാവിലെ 10ന് തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എ.സി മൊയ്തീൻ സെമിനാർ ഉദ്ഘാടനം ചെയ്യും. കയർ -ധനകാര്യ വകുപ്പ് മന്ത്രി ടി. എം തോമസ് ഐസക് അധ്യക്ഷത വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആർ രാജേശ്വരി, കയർ വികസന വകുപ്പ് റൂറൽ ഡെവലപ്മെന്റ് ഡയറക്ടർ വി. ആർ വിനോദ്, കയർ വികസന ഡയറക്ട്ടറേറ്റ് ഡെപ്യൂട്ടി രജിസ്ട്രാർ തോമസ് ജോൺ തുടങ്ങിയവർ പങ്കെടുക്കും. രാവിലെ 11മുതൽ “കയർ ഭൂവസ്ത്രം മണ്ണുജല സംരക്ഷണത്തിന്”, കയർ ഭൂവസ്ത്ര വിനിയോഗം തൊഴിലുറപ്പ് പദ്ധതിയിൽ ” എന്ന വിഷയങ്ങളിൽ വീഡിയോ ഡോക്യൂമെന്റഷൻ അവതരണം നടക്കും.

11.15 മുതൽ മേളയെകുറിച്ചുള്ള അനുഭവം പങ്കുവെയ്ക്കല്‍. വൈകിട്ട് 3ന് ഗവർണർ അരീഫ് മുഹമ്മദ്‌ ഖാൻ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും. ചടങ്ങിൽ പൊതുമരാമത്ത് രജിസ്ട്രേഷൻ വകുപ്പ് മന്ത്രി ജി. സുധാകരൻ അധ്യക്ഷത വഹിക്കും. ധനം -കയർ വകുപ്പ് മന്ത്രി ടി എം തോമസ് ഐസക്കിന്റെ നേതൃത്വത്തിൽ കയർ കേരള 2021 അവലോകനം നടക്കും. ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി പി തിലോത്തമൻ, എ. എം.ആരിഫ് എംപി തുടങ്ങിയവർ പങ്കെടുക്കും. വൈകിട്ട് 6. 30 മുതൽ പ്രശസ്ത സംഗീത പ്രതിഭ ആര്യ ദയാലും സംഘവും അവതരിപ്പിക്കുന്ന സംഗീത പരിപാടി നടക്കും.