കൊല്ലം:‍ഉള്നാടന്‍ ജലഗതാഗത വകുപ്പിന്റെ ആഭിമുഖ്യത്തില്‍ തീരപ്രദേശത്തിന് സമാന്തരമായി കായലുകളെയും പുഴകളെയും ബന്ധിപ്പിച്ച് രൂപപ്പെടുത്തിയ പശ്ചിമതീര ജലപാതയുടെ ഭാഗമായ കൊല്ലം തോടിലൂടെ ബോട്ടില്‍ ആദ്യയാത്ര നടത്തി മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മയും എം എല്‍ എ മാരായ എം നൗഷാദും എം മുകേഷും മേയര്‍ പ്രസന്ന ഏണസ്റ്റും. ഉള്‍നാടന്‍ ജലഗതാഗത ഉദ്യോഗസ്ഥരും ആദ്യയാത്രയില്‍ ഒപ്പം കൂടി. ഇരവിപുരം ബോട്ട് ജെട്ടിയില്‍ നിന്ന് ഫ്‌ളാഗ് ഓഫ് ചടങ്ങുകളോടെ ആരംഭിച്ച യാത്ര കൊല്ലം ജലകേളീ കേന്ദ്രത്തില്‍ അവസാനിച്ചു.
യാത്ര അവസാനിച്ച ശേഷം അടിയന്തരമായി ചെയ്തു തീര്‍ക്കേണ്ട പ്രവര്‍ത്തനങ്ങളെ സംബന്ധിച്ച് ഉദ്യോഗസ്ഥര്‍ക്ക് മന്ത്രി നിര്‍ദേശങ്ങള്‍ നല്‍കി.
ഇരവിപുരം ബോട്ട് ജെട്ടി മുതല്‍ അഷ്ടമുടിക്കായല്‍വരെയുള്ള 7.8 കിലോമീറ്റര്‍ ദൂരമാണ് സഞ്ചാരയോഗ്യമായത്. ഒന്നാംഘട്ടത്തില്‍ ചെറിയ ബോട്ടുകള്‍ക്ക് സഞ്ചരിക്കാനുള്ള സംവിധാനങ്ങളാണ് ഒരുക്കിയിരിക്കുന്നത്. അടുത്ത ഘട്ടത്തില്‍ ചരക്ക് ഗതാഗതത്തിനുതകുംവിധം വലിയ ബോട്ടുകള്‍ക്കും കാര്‍ഗോ ബോട്ടുകള്‍ക്കും സഞ്ചരിക്കാനാകും ക്രമീകരണങ്ങള്‍ സജീകരിക്കും.