കാസര്‍ഗോഡ്:   മുഖ്യമന്ത്രിയുടെ സാന്ത്വന സ്പര്‍ശം അദാലത്തില്‍ പെരുമ്പള സ്വദേശിനി സരോജിനിക്ക് റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്‍ ഉറപ്പ് നല്‍കിയ പട്ടയം തിങ്കളാഴ്ച കൈമാറി. കാസര്‍കോട് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പട്ടയ മേളയില്‍ സരോജിനി മകള്‍ സ്നേഹിതയ്ക്കൊപ്പം എത്തി പട്ടയം കൈപ്പറ്റി. ഭൂരഹിതരായ ഇവര്‍ക്ക് ബെണ്ടിച്ചാല്‍ അനുവദിച്ചിരുന്ന അഞ്ച് സെന്റ് ഭൂമിക്കാണ് പട്ടയം ലഭിച്ചത്. രോഗിയായ സരോജിനിക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്ന് ചികിത്സ സഹായം ലഭ്യമാക്കാനുള്ള നടപടികള്‍ പുരോഗമിക്കുന്നു.

ചെമ്മനാട് ബണ്ടിച്ചാലില്‍ അനുവദിച്ച അഞ്ച് സെന്റ് ഭൂമിക്ക് പട്ടയവും ചികിത്സാ സഹായവും അനുവദിക്കാനാവശ്യപ്പെട്ടാണ് രോഗിയായ സരോജിനി അദാലത്തിലെത്തിയത്. പെരുമ്പള സ്വദേശിയായ സരോജിനി 10 വര്‍ഷമായി തലയില്‍ മുഴ ബാധിച്ച് ചികിത്സയിലാണ്. ഇരുകണ്ണിനും കാഴ്ച നഷ്ടപ്പെട്ടു. ഭര്‍ത്താവ് മനോഹരന്‍ എട്ടു വര്‍ഷം മുന്‍പ് കിണറ്റില്‍ വീണ് മരിച്ചു. ട്യൂമറിന്റെ ചികിത്സയ്ക്കായി കുടുംബ സ്വത്തായി ലഭിച്ച അഞ്ച് സെന്റ് ഭൂമി വിറ്റു.

മൊട്ടമ്മലില്‍ വാടകയ്ക്കാണ് താമസിക്കുന്നത്. മകന്‍ സനോജ് കൂലിപ്പണിക്ക് പോയി കിട്ടുന്ന വരുമാനമാണ് ഈ കുടുംബത്തിന്റെ ഏക വരുമാനം. സരോജിനിയുടെയും കുടുംബത്തിന്റെയും അവസ്ഥ നേരിട്ടറിഞ്ഞ മന്ത്രി പട്ടയവും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് ചികിത്സ സഹായവും അനുവദിക്കുന്നതിന് കാസര്‍കോട് തഹസില്‍ദാര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. ‘തങ്ങളുടെ ഭൂമിക്ക് പട്ടയം ലഭിച്ചു. ഇനി അതിലൊരു കൊച്ചു വീട് വെക്കണം, മക്കളെ സുരക്ഷിതമാക്കണം’-ഇങ്ങനെ ആഗ്രഹങ്ങളും സ്വപനങ്ങളും ഒരുപാടുണ്ട് ഈ അമ്മ മനസ്സില്‍.