കാസര്‍ഗോഡ്:  കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ സംസ്ഥാനത്ത് രണ്ട് ലക്ഷത്തോളം പട്ടയങ്ങളുടെ വിതരണം പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞതായും ഇത് സര്‍വകാല റെക്കോഡാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. നൂറുദിന കര്‍മ്മ പദ്ധതിയില്‍ റവന്യു വകുപ്പ് പൂര്‍ത്തിയാക്കുന്ന പദ്ധതികളുടെ ഉദ്ഘാടനവും 13,320 പേര്‍ക്ക് പട്ടയവിതരണവും ഓണ്‍ലൈനായി നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ കാസര്‍കോട് ജില്ലയില്‍ 9312 പട്ടയങ്ങള്‍ നല്‍കി. തിങ്കളാഴ്ച 492 പേര്‍ക്കാണ് പട്ടയം നല്‍കിയത്. ഇതില്‍ 296 എണ്ണം എല്‍.ടി പട്ടയങ്ങളും 196 എണ്ണം എല്‍.എ പട്ടയങ്ങളുമാണ്. സ്മാര്‍ട്ട് വില്ലേജ് ഓഫീസ് പദ്ധതിയുടെ ഭാഗമായി റീബില്‍ഡ് കേരളയില്‍ ഉള്‍പ്പെടുത്തിയ മധൂര്‍, ബന്തടുക്ക, എടനാട്, മീഞ്ച, ഉദുമ, കുറ്റിക്കോല്‍, പടന്ന, പിലിക്കോട്, പാലാവയല്‍ എന്നീ ഒമ്പത് വില്ലേജ് ഓഫീസ് കെട്ടിടങ്ങളുടെ നിര്‍മ്മാണോദ്ഘാടനവും ഇതിന്റെ ഭാഗമായി നടത്തി.

അര്‍ഹരായ മുഴുവന്‍ പേര്‍ക്കും പട്ടയം നല്‍കുക എന്നത് ഈ സര്‍ക്കാര്‍ അധികാരത്തില്‍ വരുമ്പോള്‍ ഉയര്‍ന്ന ഏറ്റവും വലിയ ജനകീയ ആവശ്യങ്ങളിലൊന്നായിരുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. അതില്‍ ദശാബ്ദങ്ങളായി വിവിധ സാങ്കേതിക പ്രശ്‌നങ്ങള്‍ കാരണം, നിയമക്കുരുക്കുകളില്‍പ്പെട്ട് ഭൂമിയുടെ ഉടമസ്ഥാവകാശം നിഷേധിക്കപ്പെട്ട ഒരു വലിയ വിഭാഗം ആളുകളുണ്ട്. ഈ സര്‍ക്കാര്‍ അവര്‍ക്ക് വലിയ മുന്‍ഗണന നല്‍കി. ഇനിയും പട്ടയം കിട്ടാനുള്ളവരുടെ പ്രശ്‌നം സര്‍ക്കാര്‍ അതീവ ഗൗരവത്തോടെ കാണുന്നു. അതിവേഗതയില്‍ അവരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള സംവിധാനമാണ് ഒരുക്കുന്നത്.
എല്ലാ വിഭാഗം ജനങ്ങളും എത്തിപ്പെടുന്ന വില്ലേജ് ഓഫീസുകളും മറ്റ് റവന്യു ഓഫീസുകളും ജനസൗഹാര്‍ദ്ദപരമായി നവീകരിച്ച് ആധുനിക സൗകര്യങ്ങള്‍ ഒരുക്കാനുള്ള നടപടികളാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്. അതിന്റെ ഭാഗമായാണ് വില്ലേജ് ഓഫീസുകള്‍ സ്മാര്‍ട്ട് ഓഫീസുകളാക്കി മാറ്റുന്നത്.

ഭരണ സംവിധാനം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി ഇ-ഓഫീസ് സംവിധാനം നടപ്പാക്കി. റവന്യു വകുപ്പിന്റെ മുഴുവന്‍ ഓഫീസുകളും കടലാസ് രഹിതമാക്കുക എന്ന ലക്ഷ്യത്തോടെ ആദ്യഘട്ടത്തില്‍ കളക്ടറേറ്റുകളിലും താലൂക്ക് ഓഫീസുകളിലും റവന്യു ഡിവിഷനല്‍ ഓഫീസുകളിലും ഇ-ഓഫീസ് ആരംഭിച്ചു. റവന്യു വകുപ്പ് നല്‍കുന്ന 25 ഇനം സര്‍ട്ടിഫിക്കറ്റുകള്‍ മുഴുവന്‍ ഇ-ഡിസ്ട്രിക്ട് പദ്ധതി മുഖേന ഓണ്‍ലൈനായാണ് നല്‍കുന്നത്. റവന്യു വകുപ്പടക്കം സര്‍ക്കാര്‍ വകുപ്പുകള്‍ ഇതിലൂടെ ഒരു പുതിയ മുഖം ആര്‍ജിച്ചിരിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ചടങ്ങില്‍ റവന്യു-ഭവന നിര്‍മ്മാണ വകുപ്പ് മന്ത്രി ഇ. ചന്ദ്രശേഖരന്‍ അധ്യക്ഷത വഹിച്ചു.

കാസര്‍കോട് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ജില്ലാതല ചടങ്ങില്‍ രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി, ജില്ലാ കളക്ടര്‍ ഡോ. ഡി. സജിത് ബാബു എന്നിവര്‍ പട്ടയ വിതരണം നടത്തി. സബ് കളക്ടര്‍ ഡി.ആര്‍. മേഘശ്രീ, എ.ഡി.എം അതുല്‍ എസ്. നാഥ്, തഹസില്‍ദാര്‍മാര്‍ എന്നിവര്‍ പങ്കെടുത്തു.ഉദുമ വില്ലേജ് ഓഫീസില്‍ നടന്ന ചടങ്ങില്‍ കെ. കുഞ്ഞിരാമന്‍ എം.എല്‍.എ ശിലാഫലകം അനാച്ഛാദനം ചെയ്തു.
റവന്യു വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. എ. ജയതിലക് സ്വാഗതവും ലാന്‍ഡ് റവന്യു കമീഷണര്‍ കെ. ബിജു നന്ദിയും പറഞ്ഞു.