എറണാകുളം: പത്ത് വർഷമായി പാതി തളർന്ന് ജീവിക്കുന്ന മകളെ വീൽ ചെയറിലിരുത്തി സാന്ത്വന സ്പർശത്തിലെത്തിയ വിധവയായ സുമതി തെല്ലൊരാശ്വാസത്തോടെയാണ് മടങ്ങുന്നത്. മകൾക്ക് ലഭിച്ച 25000 രൂപയുടെ ത്സാ ധനസഹായവും ഫാമിലി പെൻഷൻ ഉടൻ ശരിയായി ലഭിക്കുമെന്ന ഉറപ്പും വലിയ ആശ്വാസമാണെന്ന് സുമതി പറയുന്നു. 26 വയസുള്ള വിഷ്ണുമഹേശ്വരി മൾട്ടിപ്പിൾ സ്റ്റിറോസ്സിസ് ബാധിച്ചു 10 വർഷമായി പാതി തളർന്ന് ജീവിക്കുകയാണ്. ടി ടി സി പാസ്സ് ആയ യുവതി ആരോഗ്യ പ്രശ്നങ്ങളാൽ ജോലിക്ക് പോകാൻ കഴിയാത്ത അവസ്ഥയിലാണ്.

അങ്കണവാടി ടീച്ചർ ആയി റിട്ടെയർ ചെയ്ത സുമതിക്ക് നിലവിൽ വരുമാനമാർഗ്ഗം ഒന്നും ഇല്ലാത്ത അവസ്ഥ ആണ്. വാടകവീട്ടിൽ കഴിയുന്ന ഇവർ സാമ്പത്തികമായി ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ട്. വിധവയായ സുമതി ഒറ്റയ്ക്കാണ് തളർന്ന് കിടക്കുന്ന മകളെ വളർത്തുന്നത്. ജനുവരി 5 ന് ഭർത്താവ് മരിച്ച സുമതിക്ക് ഭർത്താവിൻ്റെ പെൻഷൻ തുക ലഭിക്കുന്നതിൽ പ്രശ്നങ്ങൾ ഉണ്ടായിരുന്നു.

ഫാമിലി പെൻഷൻ ശരിയാക്കുവാനും മകളുടെ ചികിത്സക്ക് സഹായം ലഭിക്കുവാനും ആണ് സുമതി വീൽ ചെയറിൽ മകളുമായി വന്നത്. സാന്ത്വന സ്പർശം പരാതി പരിഹാര അദാലത്ത് വഴി വിഷ്ണു മഹേശ്വരിക്ക് ചികിത്സാസഹായം അനുവദിച്ചു. അതോടൊപ്പം സുമതിക്കു പെൻഷൻ ശരിയാക്കി നൽകാമെന്ന് കൃഷി വകുപ്പ് മന്ത്രി വി എസ് സുനിൽകുമാർ ഉറപ്പ് കൊടുത്തു.