വയനാട്: രണ്ട് ദിവസങ്ങളിലായി ജില്ലയിൽ നടക്കുന്ന സാന്ത്വന സ്പർശം അദാലത്ത് ജനങ്ങൾക്ക് ഏറെ ഉപകാരപ്രദമായെന്ന് റവന്യൂ വകുപ്പ് മന്ത്രി ഇ. ചന്ദ്രശേഖരൻ പറഞ്ഞു. എസ്.കെ.എം.ജെ. ഹൈസ്കൂൾ ജൂബിലി ഹാളിൽ നടന്ന രണ്ടാംദിന അദാലത്ത് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഏറെക്കാലമായുള്ള ജനങ്ങളുടെ പ്രശ്നങ്ങൾക്ക് തത്സമയം പരിഹാരമുണ്ടാക്കാൻ അദാലത്തിലൂടെ സാധിക്കുന്നുണ്ട്. സർക്കാർ തലത്തിൽ പരിഹരിക്കേണ്ട പരാതികൾക്ക് അത്തരത്തിൽ പരിഗണിക്കപ്പെടുമെന്നും മന്ത്രി പറഞ്ഞു.
കൽപ്പറ്റ, സുൽത്താൻ ബത്തേരി ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ പ്രദേശങ്ങളിലുളളവരുടെ പരാതികളാണ് രണ്ടാം ദിനത്തിൽ പരിഗണിക്കുന്നത്. പനമരം, മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ അദാലത്ത് ആദ്യ ദിനത്തിൽ പനമരം സെൻ്റ് ജൂഡ് പാരിഷ് ഹാളിൽ നടന്നിരുന്നു. മന്ത്രിമാരായ ഇ. ചന്ദ്രശേഖരൻ, കടന്നപ്പള്ളി രാമചന്ദ്രൻ, ടി.പി. രാമകൃഷ്ണൻ എന്നിവരുടെ നേതൃത്വത്തിലാണ് അദാലത്ത് നടക്കുന്നത്. ചടങ്ങിൽ സി.കെ. ശശീന്ദ്രൻ എം.എൽ.എ, ജില്ലാ കളക്ടർ ഡോ. അദീല അബ്ദുള്ള, സുൽത്താൻ ബത്തേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് സി. അസൈനാർ, എ.ഡി.എം ടി. ജനിൽ കുമാർ തുടങ്ങിയവർ പങ്കെടുത്തു.