പത്തനംതിട്ട: ജില്ലയിലെ ആദ്യ സാന്ത്വന സ്പര്‍ശം പരാതി പരിഹാര അദാലത്തിലെ ആദ്യ പരാതി വീണാ ജോര്‍ജ് എം.എല്‍.എയുടേത്. എം.എല്‍.എയുടെ പരാതി മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍ പെടുത്തുമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ.സി മൊയ്തീന്‍ പറഞ്ഞു. ആറന്മുള നിയോജക മണ്ഡലത്തിലെ ആറന്മുള, കിടങ്ങന്നൂര്‍ എന്നീ വില്ലേജുകളിലെ രേഖകളില്‍ അപാകത ഉള്ളതിനാല്‍ ധാരാളം ജനങ്ങളാണ് ബുദ്ധിമുട്ടനുഭവിക്കുന്നതെന്നും ഇതിന് ശാശ്വത പരിഹാരം ഉണ്ടാകണമെന്നും എം.എല്‍.എ പരാതിയില്‍ പറയുന്നു. ഈ അപാകത മൂലം ഇവിടുത്തെ സ്ഥല ഉടമകള്‍ക്ക് വീട് വയ്ക്കുന്നതിനോ വസ്തു സംബന്ധമായ ആവശ്യങ്ങള്‍ സാധിക്കുന്നതിനോ പോലും കഴിയാത്ത അവസ്ഥയാണ്.

കരമടച്ച രസീതുകളില്‍ 2018 മുതല്‍ പുരയിടത്തിനു പകരമായി തോട്ടം എന്ന് രേഖപ്പെടുത്തിപ്പോകുന്നതായും വ്യാപകമായി ഉണ്ടായ ഈ പിഴവുമൂലം ധാരാളം ജനങ്ങള്‍ ബുദ്ധിമുട്ടുന്നതായും അപേക്ഷയില്‍ പറയുന്നു. ഈ പരാതിയാണ് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ.സി മൊയ്തീന് കൈമാറിയത്.ഫിഷറീസ് വകുപ്പ്മന്ത്രി ജെ.മേഴ്‌സിക്കുട്ടിയമ്മയും ഒപ്പമുണ്ടായിരുന്നു. പരാതിയില്‍ പറഞ്ഞിരിക്കുന്ന വിഷയം മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പെടുത്തുമെന്നും ഉടന്‍ പരിഹാരമുണ്ടാകുമെന്നും മന്ത്രി പറഞ്ഞു.