വയനാട്: മേപ്പാടിയിലെ മുണ്ടക്കൈയിലെ പരുവിങ്ങല്‍ സൗജത്ത് സഹോദരി ഖദീജയുടെ കൂടെയാണ് താമസം. ഭിന്നശേഷിക്കാരിയായതിനാല്‍ സഹായത്തിന് ഒരാള്‍ കൂടെ വേണം. തൊഴിലൊന്നും ഇല്ലാത്തതിനാല്‍ കൂലിപ്പണിക്കാരിയായ സഹോദരിയെ ആശ്രയിച്ചാണ് ജീവിക്കുന്നത്. മുപ്പത്തിയഞ്ച് കാരിയായ സൗജത്തിന് സ്വന്തമായി ഒരുതൊഴില്‍ മാര്‍ഗ്ഗം വേണമെന്നത് ദീര്‍ഘകാലമായുള്ള ആവശ്യമായിരുന്നു. ഈ ആഗ്രഹം അദാലത്ത് വേദിയില്‍ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രനുമായി ഇവര്‍ പങ്കുവെച്ചു. എനിക്ക് ഒരു ഓട്ടോറിക്ഷയെങ്കിലും കിട്ടിയാല്‍ നല്ലതായിരുന്നു. ആഗ്രഹം ഖദീജ മന്ത്രിയോട് തുറന്നു പറഞ്ഞു.
സര്‍ക്കാരിന്റെ ഏതെങ്കിലും ഒരു പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഓട്ടോറിക്ഷ അനുവദിക്കുമെന്ന് മന്ത്രി ഇവര്‍ക്ക് ഉറപ്പ് നല്കി. പരാശ്രയം കൂടാതെ ബാത്ത് റൂമില്‍ പോകാനും മറ്റുമുള്ള സൗകര്യങ്ങള്‍ ഇപ്പോഴില്ല. ഇതിനും ഒരു പരിഹാരം വേണം. ഇതിനായി വീല്‍ചെയര്‍ അനുവദിക്കാനും മന്ത്രി നിര്‍ദ്ദേശം നല്കി. വികലാംഗ ക്ഷേമ കോര്‍പ്പറേഷനാണ് ഇവര്‍ക്ക് സഹായമെത്തിക്കുക. ഏറെ സ്ന്തോഷത്തോടെയാണ് സാന്ത്വനം പരാതി പരിഹാര അദലാത്തില്‍ ഇവര്‍ മടങ്ങിയത്.