പത്തനംതിട്ട: ചുരുളിക്കോട് പാലശ്ശേരില്‍ വീട്ടില്‍ കുഞ്ഞുമോന്‍-ഷീബ ദമ്പതികള്‍ 40 വര്‍ഷമായി കുടില്‍ കെട്ടിയാണ് താമസിച്ചിരുന്നത്. എട്ടാം ക്ലാസിലും പത്തിലും പഠിക്കുന്ന രണ്ട് ആണ്‍കുട്ടികള്‍. പെയിന്റിംഗ് ജോലിക്ക് പോയാണ് കുഞ്ഞുമോന്‍ കുടുംബം പോറ്റുന്നത്.

പത്തനംതിട്ട മാക്കാംകുന്ന് സെന്റ് സ്റ്റീഫന്‍സ് ഓഡിറ്റോറിയത്തില്‍ സാന്ത്വന സ്പര്‍ശം പരാതി പരിഹാര അദാലത്തില്‍ അപേക്ഷയുമായി എത്തിയ ഷീബയ്ക്കും കുഞ്ഞുമോനും പരിഹാരമായി ലഭിച്ചത് അഞ്ച് സെന്റ് സ്ഥലമാണ്. കോഴഞ്ചേരി, അടൂര്‍ താലൂക്കുകളുടെ പരാതികള്‍ പരിഹരിക്കാനെത്തിയ മന്ത്രി എസി മൊയ്തീന്റെയും ജെ. മേഴ്‌സിക്കുട്ടിയമ്മയുടെയും നേതൃത്വത്തിലാണ് പട്ടയം വിതരണം ചെയ്തത്.