പത്തനംതിട്ട: നവീകരിച്ച കോന്നി ആന മ്യൂസിയത്തിലൂടെ ഇന്ത്യയുടെ വിനോദ സഞ്ചാര മേഖലയില്‍ കോന്നിക്ക് ഇടംപിടിക്കാനായതായി വനം- വന്യജീവി വകുപ്പ് മന്ത്രി അഡ്വ. കെ.രാജു പറഞ്ഞു. നവീകരിച്ച കോന്നി ആന മ്യൂസിയത്തിന്റെ ഉദ്ഘാടനം ഇക്കോ ടൂറിസം സെന്ററില്‍ വീഡിയോ കോണ്‍ഫറസിലൂടെ നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.
ആന മ്യൂസിയത്തിലൂടെ ആനയെ സംബന്ധിച്ച ആധികാരിക വിവരങ്ങള്‍ പഠിക്കുന്നതിനും മനസിലാക്കുന്നതിനുമുള്ള ഒരു ഇടമാണ് ഒരുക്കിയിരിക്കുന്നത്. ആനയുടെ വംശത്തെക്കുറിച്ചും പരിപാലനത്തെകുറിച്ചും കോന്നിയുടെ ആനയുമായി ബന്ധപ്പെട്ട ചരിത്രവും ഉള്‍പ്പെടെ വിവിധങ്ങളായ ആനയുമായി ബന്ധപ്പെട്ട വിഞ്ജാനപ്രദമായ വിവരങ്ങള്‍ ഉള്‍പ്പെടുന്നതാണ് ആന മ്യൂസിയമെന്ന് മന്ത്രി പറഞ്ഞു. ആന മ്യൂസിയത്തിനായി തുക അനുവദിച്ച ടൂറിസം വകുപ്പിന് മന്ത്രി കെ.രാജു നന്ദി പറഞ്ഞു. അടവി ടൂറിസം പദ്ധതിയിലെ താല്‍ക്കാലിക ജീവനക്കാരുടെ വേതനം കൂട്ടുന്നതു പരിഗണിക്കുമെന്നും മന്ത്രി കെ.രാജു പറഞ്ഞു.
