പാലക്കാട്‌: പെരുമാട്ടി ഗ്രാമപഞ്ചായത്തിലെ കമ്പാലത്തറയിലെ അഞ്ചേക്കറില് നിര്മിക്കുന്ന ഗ്ലോബല് അഗ്രി ഹെറിറ്റേജ് മാര്ക്കറ്റ് ഒന്നാം ഘട്ട ശിലാസ്ഥാപനം നാളെ (ഫെബ്രുവരി 17) രാവിലെ 10 ന് തദ്ദേശ സ്വയഭരണ വകുപ്പ് മന്ത്രി എ. സി. മൊയ്തീന് നിര്വഹിക്കും. ജലവിഭവ വകുപ്പ് മന്ത്രി കെ. കൃഷ്ണന്കുട്ടി അധ്യക്ഷനാകും. പൊതുമേഖലാ സ്ഥാപനമായ കേരള ഇറിഗേഷന് ഇന്ഫ്രാസ്ട്രക്ചര് ഡെവലപ്‌മെന്റ് കോര്പറേഷനാണ് ഗ്ലോബല് അഗ്രി ഹെറിറ്റേജ് മാര്ക്കറ്റിന്റെ നിര്മാണ മേല്നോട്ടം വഹിക്കുന്നത്.
പ്രാദേശികമായി ഉത്പാദിപ്പിക്കുന്ന കാര്ഷികവിളകളുടെ വിപണനം ശക്തിപ്പെടുത്തുകയാണ് മാര്ക്കറ്റിന്റെ ലക്ഷ്യം. കര്ഷകര്ക്ക് തങ്ങളുടെ ഉത്പന്നങ്ങള് ഇവിടെ എത്തിച്ച് ഇടനിലക്കാരില്ലാതെ ഉപഭോക്താക്കള്ക്ക് നേരിട്ട് വിപണനം നടത്താം. ഉപഭോക്താക്കള്ക്ക് പൊതുവിപണിയേക്കാള് കുറഞ്ഞവിലയില് നല്ലയിനം പഴങ്ങളും പച്ചക്കറികളും നേരിട്ട് വാങ്ങുകയും ചെയ്യാം. ഭക്ഷ്യ സംസ്‌കരണ യൂണിറ്റ്, മൂല്യ വര്ദ്ധിത ഉത്പന്നങ്ങളുടെ ഉല്പാദനവും പാക്കിങ്ങും കാര്ഷികോല്പന്നങ്ങള് സംഭരിച്ച് സൂക്ഷിക്കാനുള്ള സംവിധാനം തുടങ്ങിയവയ്ക്കുള്ള സൗകര്യങ്ങള് ഇവിടെ ഉണ്ടാകും. പലഘട്ടങ്ങളിലായി മാര്ക്കറ്റ് വികസനം പൂര്ത്തിയാക്കുകയാണ് ലക്ഷ്യം.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോള്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റിഷാ പ്രേംകുമാര്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. മുരുകദാസ്, ചിറ്റൂര് തത്തമംഗലം നഗരസഭാ അധ്യക്ഷ കവിത, ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടുമാരായ പി എസ് ശിവദാസ്, അനീഷ്, എം. സതീഷ്, എസ് പ്രിയദര്ശനി, ജോസി ബ്രിട്ടോ, എസ് ഹംസത്ത്, പി ബാലഗംഗാധരന്, ജില്ലാ പഞ്ചായത്ത് മെമ്പര് മാധുരി പത്മനാഭന്, പെരുമാട്ടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് കൃഷ്ണകുമാര്, സ്റ്റാന്ഡിങ് കമ്മിറ്റി ചെയര്മാന്മാര്, വിവിധ രാഷ്ട്രീയകക്ഷി പ്രതിനിധികള്, പഞ്ചായത്ത്പ്യൂട്ടി ഡയറക്ടര് അജികുമാര് എന്നിവര് സംസാരിക്കും.