കൊല്ലം: ശാസ്ത്രീയമായ കശുമാവ് കൃഷി വ്യാപിപ്പിക്കുക വഴി കശുവണ്ടി മേഖലയിലെ തോട്ടണ്ടി ലഭ്യതക്കുറവിന് പരിഹാരം കാണാനാകുമെന്ന് മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ പറഞ്ഞു. ഇതുവഴി കശുവണ്ടി തൊഴിലാളികള്‍ക്ക് തൊഴില്‍ ലഭ്യത ഉറപ്പു വരുത്താനുമാകും. സംസ്ഥാന കശുമാവ് കൃഷി വികസന ഏജന്‍സിയുടെ ആഭിമുഖ്യത്തില്‍ എഴുകോണ്‍ ഇരുമ്പനങ്ങാട് പി ആര്‍ വി കാഷ്യു ഫാമില്‍ സംഘടിപ്പിച്ച കശുമാവ് കര്‍ഷകര്‍ക്കുള്ള പരിശീല പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വ്വഹിക്കുകയായിരുന്നു മന്ത്രി.

കശുവണ്ടി രംഗത്ത് തൊഴില്‍ദിനം വര്‍ധിപ്പിക്കുന്നതിന് ഏക തടസം നമ്മുടെ നാട്ടില്‍ തോട്ടണ്ടി ലഭിക്കത്തക്കതാണ്. ആഭ്യന്തര ഉല്‍പാദനം പരമാവധി വര്‍ധിപ്പിക്കുന്നതിനാണ് സര്‍ക്കാര്‍ പ്രാധാന്യം നല്‍കുന്നത്. സാമൂഹിക വനവല്‍ക്കരണത്തിന്റെ ഭാഗമായി സര്‍ക്കാര്‍ ഭൂമിയില്‍ കശുമാവ് കൃഷി വ്യാപിപ്പിക്കുന്നതിനുള്ള നീക്കങ്ങള്‍ നടത്തി വരികയാണ്. കോവിഡ് സാഹചര്യത്തെ തുടര്‍ന്ന് വിദേശ രാജ്യങ്ങളില്‍ നിന്നും ഇറക്കുമതി ചെയ്യുന്ന കശുവണ്ടി നാട്ടിലേക്ക് എത്തിക്കാന്‍ കാലതാമസം നേരിടുകയാണെന്നും മന്ത്രി കൂട്ടിചേര്‍ത്തു.

തുച്ഛമായ തുകയ്ക്ക് വര്‍ഷങ്ങളായി ജോലി എടുക്കുന്നവരെ സ്ഥിരപ്പെടുത്തുന്നത് പിന്‍വാതില്‍ നിയമനമല്ല. 20വര്‍ഷമായി വളരെ കുറഞ്ഞ തുകയ്ക്ക് പണിയെടുക്കുന്നവരുണ്ട്. മാനുഷിക പരിഗണനയുടെ അടിസ്ഥാനത്തിലാണ് സ്ഥിരപ്പെടുത്തല്‍ നടത്തുന്നത്. അതിനെ രാഷ്ട്രീയവല്‍ക്കരിക്കുന്നത് തികച്ചും നിര്‍ഭാഗ്യകരമാണ്. സാധ്യമായ അത്രയും തൊഴില്‍ ഈ സര്‍ക്കാരിന്റെ കാലഘട്ടത്തില്‍ നല്‍കി. നിലവില്‍ താല്‍ക്കാലിക അടിസ്ഥാനത്തില്‍ തൊഴില്‍ നല്‍കുന്നത് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് മുഖേനയാണെന്നും മന്ത്രി പറഞ്ഞു.