മത്സ്യത്തൊഴിലാളികള്‍ക്കു വേണ്ടി നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിക്കുന്ന മുട്ടത്തറയിലെ ഫ്‌ളാറ്റുകള്‍ കൃത്യമായ മാനദണ്ഡങ്ങള്‍ പാലിച്ച് യഥാര്‍ത്ഥ മത്സ്യത്തൊഴിലാളികള്‍ക്കു തന്നെ ലഭ്യമാക്കുമെന്ന് ഫിഷറീസ് മന്ത്രി ജെ. മെഴ്‌സിക്കുട്ടി അമ്മ വ്യക്തമാക്കി.
ഫ്‌ളാറ്റ് വിതരണവും മറ്റ് അനുബന്ധ പ്രശ്‌നങ്ങളും ചര്‍ച്ച ചെയ്യുന്നതിനായി മന്ത്രിയുടെ ചേംബറില്‍ വിളിച്ചു ചേര്‍ത്ത ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.
മുട്ടത്തറയില്‍ നിര്‍മ്മാണം പൂര്‍ത്തിയായി വരുന്ന ഫ്‌ളാറ്റുകള്‍ വലിയതുറ, ചെറിയതുറ, വലിയതോപ്പ്, കൊച്ചുതോപ്പ് മത്സ്യഗ്രാമങ്ങളില്‍പ്പെട്ട കടലില്‍ നിന്ന് 50 മീറ്ററിനുളളില്‍ താമസിച്ചുവരുന്ന മത്സ്യത്തൊഴിലാളികള്‍ക്കു വേണ്ടിയാണ് നിര്‍മ്മിച്ചിട്ടുളളത്.  വലിയതുറ ഫിഷറീസ് സ്‌കൂളില്‍ വര്‍ഷങ്ങളായി മാറ്റിപാര്‍പ്പിച്ചിട്ടുളള അര്‍ഹരായ മത്സ്യത്തൊഴിലാളി കുടുംബങ്ങളെയും ഫ്‌ളാറ്റിനായി പരിഗണിക്കും.  ഫ്‌ളാറ്റ് നിര്‍മ്മാണത്തിനു മുമ്പ് തന്നെ ഗുണഭോക്താക്കള്‍ ഏത് മത്സ്യഗ്രാമങ്ങളില്‍ നിന്നായിരിക്കണമെന്ന് നിശ്ചയിച്ചിരുന്നു.  അതിന്‍ പ്രകാരം തന്നെ കാര്യങ്ങള്‍ നടപ്പിലാക്കുന്നതിനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്.  മാനദണ്ഡങ്ങളില മാറ്റം വരുത്തി അനര്‍ഹരായവര്‍ക്ക് ഫ്‌ളാറ്റ് നല്‍കില്ലെന്ന് മന്ത്രി വ്യക്തമാക്കി.
ഗുണഭോക്താക്കളെ നിശ്ചയിക്കുന്നതിനുളള കരട് ലിസ്റ്റ് ഫോട്ടോ സഹിതം പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇന്ന് (മെയ് 11) വരെ ഇക്കാര്യത്തില്‍ ആര്‍ക്കുവേണമെങ്കിലും പരാതി നല്‍കാം.  പരാതികളെല്ലാം തന്നെ കൃത്യമായി പരിശോധിക്കും.  അതിന് ശേഷം മാത്രമേ മെയ് 15ന് അന്തിമ ലിസ്റ്റ് പ്രസിദ്ധീകരിക്കുകയുളളു.  പരാതികള്‍ പരിശോധിക്കുന്നതിന് ജില്ലാകളക്ടറുടെ നേതൃത്വത്തില്‍ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറും, ജില്ലാ പ്ലാനിംഗ് ഓഫീസറും ഉള്‍പ്പെട്ട പ്രത്യേക കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്.  ബീമാപളളി പ്രദേശത്തെ മത്സ്യത്തൊഴിലാളികളെ പുനരധിവസിപ്പിക്കുന്നതിന് പുതുതായി സ്ഥലം കണ്ടെത്തി ഫ്‌ളാറ്റ് നിര്‍മ്മാണം നടത്തും.  അനുയോജ്യമായ സ്ഥലം കണ്ടെത്തുന്നതിന് തഹസില്‍ദാരെ ചുമതലപ്പെടുത്തിയതായും മന്ത്രി പറഞ്ഞു.
യോഗത്തില്‍ വി.എസ്. ശിവകുമാര്‍ എം.എല്‍.എ, ഫിഷറീസ് ഡയറക്ടര്‍ എസ്. വെങ്കിടേസപതി, ഷീബ പാട്രിക്, ഹാട്ട്‌സണ്‍ ഫെര്‍ണാണ്ടസ്, ഇ.കെന്നടി, ഫാ.സൈറസ്, കളത്തില്‍, കെന്നടി ലൂയിസ്, ഫാ.മെല്‍ക്കണ്‍, ഫാ. ജെറാം റോസ്, സജീനാ ടീച്ചര്‍, ബീമാപളളി റഷീദ്, വി.കെ. സുരേഷ് കുമാര്‍, അഡ്വ. ആര്‍.സതീഷ് കുമാര്‍, ഫിഷറീസ് വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.