പ്രഖ്യാപനം ശൈലജ ടീച്ചർ നിർവഹിച്ചു
തൃശ്ശൂർ: ജില്ലയിലെ മുഴുവൻ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെയും കുടുംബരോഗ്യ കേന്ദ്രങ്ങളായി ഉയർത്തിയതിന്റെ പ്രഖ്യാപനം ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ ടീച്ചർ നിർവഹിച്ചു. 81പ്രാഥമികാരോഗ്യകേന്ദ്രങ്ങളെയാണ് കുടുംബാരോഗ്യ കേന്ദ്രങ്ങളായി ഉയർത്തിയത്. വിവിധ പദ്ധതികളിലായി ആരോഗ്യ മേഖലയില്‍ 36.23 കോടിയുടെ വികസന പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം വെള്ളിയാഴ്ച മന്ത്രി നിർവഹിച്ചു. 63 സബ്ബ് സെന്‍ററുകളെ കുടുംബാരോഗ്യ ഉപകേന്ദ്രങ്ങളായി ഉയര്‍ത്തുന്നതിന്‍റെ പ്രഖ്യാപനവും മന്ത്രി നിർവഹിച്ചു.
പതിനഞ്ച് പ്രാഥമികാരോഗ്യ കേന്ദ്രങ്ങളാണ് മൂന്നാം ഘട്ടത്തിൽ കുടുംബരോഗ്യ കേന്ദ്രങ്ങളായത്. അളഗപ്പനഗര്‍, മുപ്ലിയം, അവിണിശ്ശേരി, രാമവര്‍മപുരം, കൂര്‍ക്കഞ്ചേരി, അവണൂര്‍, ഒല്ലൂക്കര, മുണ്ടത്തിക്കോട്, ചൂണ്ടല്‍, പാവറട്ടി, കണ്ടാനശ്ശേരി, അരിമ്പൂര്‍, പൊറത്തിശ്ശേരി, മതിലകം, വരവൂര്‍ എന്നിവ കുടുംബാരോഗ്യ കേന്ദ്രങ്ങളായി ഉയർത്തുന്നതിന്റെ നിർമ്മാണ പ്രവൃത്തികൾ ആരംഭിച്ചു. ദേശീയ ആരോഗ്യ ദൗത്യത്തിന്‍റെ ഫണ്ട് 15.50 ലക്ഷം ഒന്നിന് എന്ന തോതില്‍ 2.32 കോടി രൂപ ഉപയോഗിച്ചുകൊണ്ട് കുടുംബാരോഗ്യകേന്ദ്രങ്ങളായി ഉയര്‍ത്തുന്നതിനുള്ള നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്.
ജില്ലയിൽ ആദ്യഘട്ടത്തില്‍ തിരഞ്ഞെടുക്കപ്പെട്ട 66 സബ്ബ് സെന്‍ററുകളില്‍ 3 എണ്ണത്തിന്‍റെ നിര്‍മ്മാണം പൂര്‍ത്തീകരിച്ചു. ഒരു സബ്ബ് സെന്‍ററിന് 7 ലക്ഷം രൂപ വീതം 4.41 കോടി രൂപ ഉപയോഗിച്ചാണ് 63 സബ്ബ് സെന്‍ററുകളെയും ഉയര്‍ത്തുന്നത്. സബ്ബ് സെന്‍ററുകള്‍ കുടുംബാരോഗ്യ ഉപകേന്ദ്രങ്ങളായി ഉയര്‍ത്തുമ്പോള്‍ രോഗികള്‍ക്ക് ഇരിക്കാനുള്ള നവീകരിച്ച കാത്തിരിപ്പ് കേന്ദ്രം, ക്ലിനിക്ക് കം ഓഫീസ് റൂം, പ്രതിരോധ കുത്തിവെയ്പ്പ് മുറി, മുലയൂട്ടല്‍ മുറി, ഐ യു സി ഡി റൂം, ശുചിമുറി, സ്റ്റോര്‍, ഫര്‍ണിച്ചര്‍, കുടിവെളള സൗകര്യം, ബോര്‍ഡുകള്‍ എന്നിവ സജ്ജീകരിച്ചിട്ടുണ്ട്. ഇതോടൊപ്പം തന്നെ കുടുംബാരോഗ്യ ഉപകേന്ദ്രങ്ങള്‍ വയോജന/ഭിന്നശേഷി സൗഹൃദ കേന്ദ്രങ്ങളായി മാറും.
142 കുടുംബാരോഗ്യ ഉപകേന്ദ്രങ്ങളില്‍ മിഡ് ലെവല്‍ സര്‍വ്വീസ് പ്രൊവൈഡേഴ്സിന് നിയമിക്കുന്നതിന്‍റെ പ്രഖ്യാപനവും മന്ത്രി നിർവഹിച്ചു.