കോഴിക്കോട്: നിര്‍മാണം പൂര്‍ത്തിയാക്കിയ കോരപ്പുഴ പുതിയ പാലം ഇന്ന് (ഫെബ്രുവരി 17) വൈകുന്നേരം 5.30ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി. സുധാകരന്‍ നാടിന് സമര്‍പ്പിക്കും. എലത്തൂര്‍ ബസ് സ്റ്റാന്‍ഡ് പരിസരത്ത് നടക്കുന്ന ചടങ്ങില്‍ ഗതാഗത വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍ അധ്യക്ഷത വഹിക്കും. കെ.ദാസന്‍ എം.എല്‍.എ മുഖ്യപ്രഭാഷണം നടത്തും.

ഗാന്ധിയനായ കെ കേളപ്പന്റെ പ്രവര്‍ത്തന ഫലമായി 1940-ലാണ് കോരപ്പുഴ പാലം നിര്‍മിച്ചത്. മലബാറിന്റെ പ്രൗഢിയുടെ പ്രതീകമായിരുന്ന പാലം കഴിഞ്ഞ കുറേ വര്‍ഷങ്ങളായി അപകടാവസ്ഥയിലായിരുന്നു. അറ്റകുറ്റ പണിക്കായി ഏറെ തുക ചെലവിടേണ്ടി വന്നു. തുടര്‍ന്നാണ് പാലം പുനര്‍നിര്‍മിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. കിഫ്ബി പദ്ധതിയില്‍ ഉള്‍പ്പെടുത്തി 26 കോടി ചെലവഴിച്ച് കേരള റോഡ് ഫണ്ട് ബോര്‍ഡും ദേശീയപാതാ വിഭാഗവും ചേര്‍ന്നാണ് നിര്‍മ്മാണം നടത്തിയത്.

12 മീറ്റര്‍ വീതിയുണ്ട്. 7.5 മീറ്റര്‍ ക്യാരേജ് വേയും ഒന്നര മീറ്റര്‍ വീതിയില്‍ പാലത്തിന് രണ്ടു ഭാഗങ്ങളിലായി ഫുട്പാത്തും നിര്‍മിച്ചിട്ടുണ്ട്. തെരുവുവിളക്കും സ്ഥാപിച്ചിട്ടുണ്ട്. ഏഴ് സ്പാനുകളാണ് ഉള്ളത്. ഇരുകരകളിലുമായി 150 മീറ്റര്‍ നീളമുള്ള അപ്രോച്ച് റോഡ് ഉണ്ട്. രണ്ടു വശങ്ങളിലും ആവശ്യമായ സ്ഥലങ്ങളില്‍ സര്‍വീസ് റോഡുകള്‍ നിര്‍മ്മിച്ചിട്ടുണ്ട്. എട്ട് തൂണുകളാണുള്ളത്.

ജില്ലയിലെ സുപ്രധാന വികസനനേട്ടമായി പുതിയപാലം വരുന്നതോടെ കോഴിക്കോട് – കണ്ണൂര്‍ ദേശീയ പാതയിലെ ഗതാഗത കുരുക്കുകള്‍ക്ക് അറുതിയാവും. ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റിയാണ് പാലത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്.