തൃശ്ശൂർ: വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്തിന്റെ 2021-22 വര്‍ഷത്തെ പദ്ധതി രൂപികരണത്തിനായി വികസന സെമിനാര്‍ നടത്തി. ബ്ലോക്ക് പഞ്ചായത്ത് കോണ്‍ഫെറന്‍സ് ഹാളില്‍ വച്ച് നടന്ന സെമിനാര്‍ എം എല്‍ എ യു ആര്‍ പ്രദീപ് ഉദ്ഘാടനം ചെയ്തു. പദ്ധതി രേഖ പ്രകാശനവും എം എല്‍ എ നിര്‍വ്വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.വി നഫീസ അധ്യക്ഷയായിരുന്നു. കാര്‍ഷിക മേഖലയ്ക്കും ആരോഗ്യ വിദ്യാഭ്യാസ മേഖലയ്ക്കും മുന്‍തൂക്കം നല്‍കി പദ്ധതികള്‍ ആവിഷ്‌കരിക്കാന്‍ യോഗം തീരുമാനിച്ചു.

വാഴക്കോട് കേന്ദ്രീകരിച്ച് കാര്‍ഷിക ഉത്പന്നങ്ങളുടെ സംഭരണ വിപണന കേന്ദ്രമായ ചങ്ങാലിക്കോടന്‍ ഹബ്ബ് കാര്‍ഷിക രംഗത്തെ നാഴിക കല്ലായി മാറുമെന്ന് യോഗം വിലയിരുത്തി. ശീതീകരണ സൗകര്യങ്ങളോട് കൂടിയ പച്ചക്കറി സംഭരണ വിതരണ കേന്ദ്രവും ആരംഭിക്കും. സ്ഥിരം സമിതി അധ്യക്ഷ എം കെ ശ്രീജ പദ്ധതി രേഖ അവതരിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി വി സുനില്‍കുമാര്‍, ബി ഡി ഒ ഒ കെ ശശികുമാര്‍, മറ്റ് ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ സെമിനാറില്‍ പങ്കെടുത്തു.