കാസർഗോഡ്: ജില്ലയുടെ മലയോര മേഖലയിലെ വിദ്യാര്‍ത്ഥികള്‍ളുടെ ഉന്നത വിദ്യാഭ്യാസത്തിന് സാധ്യതയൊരുക്കുന്ന എളേരിത്തട്ട് ഇ കെ നയനാര്‍ മെമ്മോറിയല്‍ ഗവ. കോളേജില്‍ നിര്‍മ്മാണം പൂര്‍ത്തീകരിച്ച ബോയ്സ് ഹോസ്റ്റലിന്റയും പുതുതായി ആരംഭിക്കുന്ന ബി എ പൊളിറ്റിക്കല്‍ സയന്‍സ് ഡിഗ്രി കോഴ്‌സിന്റെയും ഉദ്ഘാടനം ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി കെ ടി ജലീല്‍ ഓണ്‍ലൈനായി നിര്‍വ്വഹിച്ചു. 2014-15 സാമ്പത്തിക വര്‍ഷത്തില്‍ മുന്‍ എം എല്‍ എ കെ കുഞ്ഞിരാമന്റെ ആസ്തി വികസന ഫണ്ടില്‍ നിന്ന് 1.5 കോടി രൂപ ചെലവിലാണ് ബോയ്സ് ഹോസ്റ്റല്‍ നിര്‍മ്മാണം പൂര്‍ത്തീകരിച്ചത്. പുതിയ കെട്ടിടത്തില്‍ 16 ബെഡ് റൂമുകളോടൊപ്പം ഡൈനിംഗ് റൂം, അടുക്കള, സെര്‍വന്റ് റൂം, ടോയിലെറ്റ് ബ്ലോക്ക്, വാര്‍ഡന്‍ റൂം എന്നിവ സജ്ജീകരിച്ചിട്ടുണ്ട്.

ചടങ്ങില്‍ എം രാജഗോപാലന്‍ എം എല്‍ എ അധ്യക്ഷനായി. മുന്‍ എം എല്‍ എ കെ കുഞ്ഞിരാമന്‍, വെസ്റ്റ് എളേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഗിരിജ മോഹന്‍, ജില്ലാ പഞ്ചായത്ത് മെമ്പര്‍ സി ജെ സജിത്ത്, പരപ്പ ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ എ വി രാജേഷ്, വെസ്റ്റ് എളേരി ഗ്രാമ പഞ്ചായത്ത് മെമ്പര്‍മാരായ ശാന്തികൃപ, ബിന്ദു മുരളീധരന്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ എ വി അപ്പുകുട്ടന്‍, അപ്പുകുട്ടന്‍ ശാസ്താനഗര്‍, അഗസ്റ്റിന്‍ മണലേല്‍, ജാതിയില്‍ അസൈനാര്‍, ജെറ്റോ ജോസഫ്, പിടിഎ വൈസ് പ്രസിഡന്റ് പി കെ പ്രഭാകരന്‍, ഐ ക്യൂ എസ് സി കോര്‍ഡിനേറ്റര്‍, സ്റ്റുഡന്റ്സ് യൂണിയന്‍ പ്രതിനിധി അഭിഷേക് എന്നിവര്‍ സംസാരിച്ചു.പൊതുമരാമത്ത് വകുപ്പ് കെട്ടിടവിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ പി എം യമുന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. കോളേജ് വിദ്യാഭ്യാസ വകുപ്പ് അഡീഷണല്‍ ഡയറക്ടര്‍ ഡോ കെ എന്‍ കൃഷണകുമാര്‍ സ്വാഗതവും പൊളിറ്റിക്കല്‍ സയന്‍സ് വിഭാഗം മേധാവി ഡി എ ഗണേശന്‍ നന്ദിയും പറഞ്ഞു.