ഇടുക്കി: രാജകുമാരി കെഎസ്ഇബി സെക്ഷന്‍ ഓഫീസ് മന്ദിരത്തിന്റെ ശിലാസ്ഥാപനം മന്ത്രി എംഎം മണി നിര്‍വഹിച്ചു. ജനങ്ങള്‍ക്ക് സേവനം നല്‍കുന്നതില്‍ വിപുലവും കുറ്റമറ്റതുമായ പ്രവര്‍ത്തനമാണ് കെ.എസ്.ഇ ബിയും സംസ്ഥാന സര്‍ക്കാരും നടത്തുന്നതെന്ന് വൈദ്യുതി വകുപ്പ് മന്ത്രി എം.എം മണി പറഞ്ഞു. സൗരോര്‍ജ രംഗത്ത് കൂടി കേന്ദ്രികരിക്കുകയാണ് വൈദ്യുത ബോര്‍ഡിന്റെ ലക്ഷ്യമെന്നും വൈദ്യുതി ഉദ്പാദനത്തില്‍ 1000 മെഗാവാട്ട് ലക്ഷ്യംവെച്ചാണ് വൈദ്യുത ബോര്‍ഡിന്റെ പ്രവര്‍ത്തനമെന്നും മന്ത്രി വ്യക്തമാക്കി.

രാജകുമാരി ഗ്രാമപഞ്ചായത്ത് ദേവമാതാ പള്ളിക്ക് സമീപം കെഎസ്ഇബിക്ക് നല്‍കിയ പത്ത് സെന്റ് സ്ഥലത്താണ് 72 ലക്ഷം രൂപ മുതല്‍ മുടക്കില്‍ ആധുനിക നിലവാരത്തില്‍ സെക്ഷന്‍ ഓഫീസ് കെട്ടിടം നിര്‍മ്മിക്കുന്നത്. നിലവില്‍ രാജകുമാരി ഗ്രാമപഞ്ചായത്ത് ഓഫിസിന് സമീപം വാടക കെട്ടിടത്തിലാണ് സെക്ഷന്‍ ഓഫിസ് പ്രവര്‍ത്തിക്കുന്നത്.

രാജകുമാരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടിസി ബിനു അധ്യക്ഷത വഹിച്ച ചടങ്ങില്‍ നെടുങ്കണ്ടം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.റ്റി കുഞ്ഞ്, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഉഷാകുമാരി, രാജകുമാരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അജേഷ് മുകളേല്‍, ജനപ്രതിനിധികള്‍, കെഎസ്ഇബി ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.