കണ്ണൂർ: ആര്‍ദ്രം പദ്ധതിയില്‍ ഉള്‍പ്പെടുത്തി കുടുംബാരോഗ്യ കേന്ദ്രമായി ഉയര്‍ത്തിയ മൊറാഴ, ഉളിക്കല്‍ എഫ് എച്ച് സികള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നാടിന് സമര്‍പ്പിച്ചു. സംസ്ഥാനത്തെ ചികിത്സാ സംവിധാനം ശക്തിപ്പെടുത്താനുള്ള സര്‍ക്കാരിന്റെ ഇച്ഛാശക്തിയുടെ ഭാഗമാണ് ഇന്നത്തെ പൊതുജനാരോഗ്യ കേന്ദ്രങ്ങളെന്ന് അദ്ദേഹം പറഞ്ഞു.
ജനങ്ങള്‍ക്ക് വീടിനടുത്ത് തന്നെ ചികിത്സയും കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളും ഉറപ്പുവരുത്താന്‍ കുടുംബാരോഗ്യ കേന്ദ്രങ്ങളിലൂടെ കഴിയുമെന്നത് ഇതിനകം തെളിഞ്ഞതാണ്. ആരോഗ്യമേഖലയില്‍ സമഗ്രമായ മുന്നേറ്റം വിജയകരമായി നടപ്പാക്കാന്‍ കഴിയുന്ന പദ്ധതിയായി ആര്‍ദ്രം മാറി. സര്‍ക്കാര്‍ ആശുപത്രികള്‍ രോഗീ സൗഹൃദമാക്കുക, പിഎച്ച്‌സികളെ കുടുംബാരോഗ്യകേന്ദ്രങ്ങളാക്കി മാറ്റുക തുടങ്ങിയ ലക്ഷ്യങ്ങളെല്ലാം നല്ല രീതിയില്‍ സാക്ഷാത്കരിക്കാന്‍ കഴിഞ്ഞു.
ആര്‍ദ്രത്തിന്റെ ആദ്യ ഘട്ടമെന്ന നിലയില്‍ 170 പി എച്ച് സികളെയും രണ്ടാം ഘട്ടത്തില്‍ 504 പി എച്ച് സികളില്‍ 461 കേന്ദ്രങ്ങളെയും കുടുംബാരോഗ്യ കേന്ദ്രമാക്കി ഉയര്‍ത്തി. മൂന്നാം ഘട്ടത്തില്‍ 212 പി എച്ച്‌സികളെ എഫ് എച്ച് സികളായി ഉയര്‍ത്തുന്നതിനുള്ള നടപടികളാണ് പുരോഗമിക്കുന്നത്. വൈകാതെ ഇവ പൂര്‍ത്തിയാവും. ഇതോടെ സംസ്ഥാനത്തെ മുഴുവന്‍ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളും വിപുലമായ സൗകര്യങ്ങളോടെ കുടുംബാരോഗ്യ കേന്ദ്രങ്ങളായി മാറും. ഇതോടൊപ്പം 1603 സബ് സെന്ററുകളും ഹെല്‍ത്ത് ആന്‍ഡ് വെല്‍നസ് സെന്ററുകളായി മാറുകയാണ്. ഇത്തരത്തില്‍ ആരോഗ്യ രംഗത്ത് വലിയൊരു കുതിച്ചു ചാട്ടമാണ് കേരളത്തിന് നടത്താനായത് – മുഖ്യമന്ത്രി പറഞ്ഞു.
പി എച്ച്‌സികളെ കുടുംബാരോഗ്യ കേന്ദ്രമാക്കി മാറ്റുമ്പോള്‍ പ്രവര്‍ത്തന സമയം, സേവന ഘടകങ്ങള്‍ എന്നിവയെല്ലാം വര്‍ധിക്കുകയാണ്. എല്ലായിടത്തും ആധുനിക ലബോറട്ടറികളാണ് സ്ഥാപിച്ചിട്ടുള്ളത്. സാധാരണക്കാരന് മാനസികവും ശാരീരികവുമായ ആരോഗ്യം ഉറപ്പുവരുത്താനുള്ള സൗകര്യമാണ് ഉറപ്പാക്കുന്നത്. ആരോഗ്യ കേന്ദ്രങ്ങളില്‍ ആവശ്യമായ കെട്ടിടങ്ങള്‍ നിര്‍മ്മിക്കാനും തസ്തികകള്‍ സൃഷ്ടിക്കാനും സര്‍ക്കാരിന് സാധിച്ചു. ആരോഗ്യ രംഗത്ത് ഏറ്റവും കൂടുതല്‍ തസ്തിക സൃഷ്ടിക്കാനുമായി.
2000ത്തിൽപ്പരം തസ്തികകളാണ് പുതുതായി സൃഷ്ടിച്ചത്. നേരത്തെ 1830 തസ്തികകള്‍ കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ക്കായി അധികം സൃഷ്ടിച്ചു. എന്‍എച്ച്എം വഴി 454 പേരെയും പഞ്ചായത്തുകളിലൂടെ 648 പേരെയും കുടുംബാരോഗ്യ കേന്ദ്രങ്ങളില്‍ നിയമിച്ചു. ഈ രീതിയില്‍ ആരോഗ്യരംഗത്ത് നടത്തിയ വികസന പദ്ധതികളുടെ അംഗീകാരം എന്ന നിലയില്‍ വേണം ദേശീയ ആരോഗ്യ സൂചികയില്‍ കേരളത്തിന് ലഭിക്കുന്ന ആദ്യ സ്ഥാനത്തെ വിലയിരുത്തേണ്ടതെന്നും സംസ്ഥാനത്തെ 85 ആരോഗ്യ സ്ഥാപനങ്ങള്‍ക്ക് നാഷണല്‍ ക്വാളിറ്റി അഷൂറന്‍സ് സ്റ്റാന്‍ഡേര്‍ഡ് അംഗീകാരം ലഭിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു. ജില്ലയിലേതടക്കം സംസ്ഥാനത്തെ 64 കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ ബുധനാഴ്ച മുഖ്യമന്ത്രി നാടിന് സമര്‍പ്പിച്ചു. ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ ടീച്ചര്‍ അധ്യക്ഷയായി.
മൊറാഴ കുടുംബാരോഗ്യ കേന്ദ്രത്തിലെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം ആന്തൂര്‍ നഗരസഭ അധ്യക്ഷന്‍ പി മുകുന്ദന്‍ നിര്‍വഹിച്ചു. എന്‍ എച്ച് എം അനുവദിച്ച 29.2 ലക്ഷം രൂപയും, എം എല്‍ എ ഫണ്ടില്‍ നിന്നുള്ള 22 ലക്ഷം രൂപയുമടക്കം ആകെ 51.3 ലക്ഷം രൂപ ചെലവഴിച്ചാണ് മൊറാഴ ഫിഷറീസ് കുടുംബാരോഗ്യ കേന്ദ്രം പ്രവര്‍ത്തനസജ്ജമാക്കിയത്. രണ്ട് അസിസ്റ്റന്റ് സര്‍ജന്‍, ഒരു സ്റ്റാഫ് നഴ്‌സ്, ഒരു ലാബ് ടെക്‌നീഷ്യന്‍ എന്നീ തസ്തികകള്‍ പുതുതായി കേന്ദ്രത്തില്‍ അനുവദിച്ചിട്ടുണ്ട്. ഒരു ലാബ് ടെക്‌നീഷന്‍, ഫാര്‍മസിസ്റ്റ് തസ്തികകളില്‍ നഗരസഭയും നിയമനം നടത്തി.
രാവിലെ ഒമ്പത് മുതല്‍ വൈകുന്നേരം ആറ് മണി വരെ ഒ പി സേവനവും, എട്ട് മുതല്‍ ആറ് വരെ ലാബ് സേവനം ഇവിടെ ലഭ്യമാണ്.
നഗരസഭ ഉപാധ്യക്ഷ പി സതീദേവി അധ്യക്ഷയായി. കുടുംബാരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ ടി എ ഹൃദ്യ, ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. അനില്‍ കുമാര്‍, ഡിഎംഒ കണ്ണൂര്‍ അസി. ആര്‍ദ്രം നോഡല്‍ ഓഫീസര്‍ ഡോ. കെ സി സച്ചിന്‍, നഗരസഭ അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
ആര്‍ദ്രം പദ്ധതിയുടെ രണ്ടാം ഘട്ടത്തില്‍ ഉള്‍പ്പെടുത്തിയാണ് ഉളിക്കല്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തെ കുടുംബാരോഗ്യകേന്ദ്രമായി ഉയര്‍ത്തിയത്. ഇതിന്റെ ഭാഗമായി കൂടുതല്‍ ജീവനക്കാരുടെ തസ്തികകള്‍ സൃഷ്ടിച്ചു. ഇതോടെ രണ്ട് അസിസ്റ്റന്റ് സര്‍ജന്‍, തദേശ സ്വയംഭരണ സമിതിയുടെ കീഴില്‍ ഒരു ഡോക്ടര്‍, മൂന്ന് സ്റ്റാഫ് നഴ്‌സ്, രണ്ട് ഫാര്‍മസിസ്റ്റ് , ലാബ് ടെക്‌നീഷ്യന്‍ എന്നീ നിലയില്‍ ആശുപത്രി പ്രവര്‍ത്തനത്തിനായി ജീവനക്കാരുടെ എണ്ണം ഉയര്‍ത്തപ്പെട്ടു. കൂടാതെ
ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍, നാല് ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാര്‍, പബ്ലിക് ഹെല്‍ത്ത് നഴ്‌സ്, എട്ട് ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്‌സുമാര്‍ , ഒരു നഴ്‌സിങ്ങ് അസിസ്റ്റന്റ്, രണ്ട് ഹോസ്പ്പിറ്റല്‍ അറ്റന്‍ഡര്‍ ഗ്രേഡ് 2 , ഒരു ക്ലര്‍ക്ക് ഒരു ഓഫീസ് അറ്റന്റര്‍ എന്നിവരുടെ സേവനം ഇവിടെ ലഭ്യമാണ്. കുടുംബാരോഗ്യ കേന്ദ്രമാക്കി ഉയര്‍ത്തുന്നതിന്റെ ഭാഗമായി നാഷണല്‍ ഹെല്‍ത്ത് മിഷന്‍ മുഖേന 15 ലക്ഷം രൂപയും പഞ്ചായത്ത് മുഖേന 14.5 ലക്ഷം രൂപയും ചെലവഴിച്ച് ആശുപത്രി കെട്ടിടവും അനുബന്ധ സംവിധാനങ്ങളും നവീകരിച്ചു.
കൂടാതെ നിരവധി സന്നദ്ധസംഘടനകള്‍, വ്യക്തികള്‍, സഹകരണ സ്ഥാപനങ്ങള്‍, വ്യാപാരസ്ഥാപനങ്ങള്‍, ജീവനക്കാര്‍ എന്നിവരുടെ സഹകരണത്തോടെ ആശുപത്രിയുടെ വികസന പ്രവര്‍ത്തനങ്ങളും നടത്തിയിട്ടുണ്ട്.
പുറവയലില്‍ നടന്ന പരിപാടിയില്‍ കെ സി ജോസഫ് എംഎല്‍എ മുഖ്യാതിഥിയായി. ഉളിക്കല്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി സി ഷാജി, വൈസ് പ്രസിഡണ്ട് ഒ എസ് ലിസ്സി, മെഡിക്കല്‍ ഓഫീസര്‍ ഡോ. രഞ്ജിത്ത് മാത്യു, ഗ്രാമ പഞ്ചായത്ത് അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.