തൃശ്ശൂർ: വില്ലേജ് ഓഫീസുകള്‍ ഇനി മുതല്‍ സ്മാര്‍ട്ട് ഓഫീസുകളായി മാറുമെന്ന് റവന്യു വകുപ്പ് മന്ത്രി ഇ ചന്ദ്രശേഖരന്‍. കേരളത്തിന്റെ വികസന വഴിയില്‍ പുതിയ മാറ്റത്തിന് ഇത് വഴിയൊരുക്കുമെന്ന് മന്ത്രി പറഞ്ഞു. ആലത്തൂര്‍, കുരുവിലശ്ശേരി വില്ലേജ് ഓഫീസുകളുടെ നിര്‍മ്മാണോദ്ഘാടനം ഓണ്‍ലൈനായി നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.

ആധുനിക സൗകര്യങ്ങളിലേക്ക് ഓരോ വില്ലേജ് ഓഫീസുകളും മാറും. വിവിധ ആവശ്യങ്ങളുമായി വില്ലേജ് ഓഫീസുകളില്‍ എത്തുന്നവര്‍ക്ക് കാല താമസമില്ലാതെ വേണ്ട സര്‍ട്ടിഫിക്കറ്റുകളും മറ്റും ലഭ്യമാക്കും. ഇതിന്റെ ഭാഗമായി ഓഫീസ് സേവനങ്ങള്‍ എല്ലാം തന്നെ കമ്പ്യൂട്ടറൈസ്ഡ് ആക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. വി ആര്‍ സുനില്‍ കുമാര്‍ എം എല്‍ എ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു.

മാള ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സന്ധ്യ നൈസണ്‍, വൈസ് പ്രസിഡന്റ് ഒ സി രവി, ബ്ലോക്ക് പഞ്ചായത്ത് അംഗം വിന്‍സി രവി, പഞ്ചായത്ത് പ്രസിഡന്റുമാരായ പി വി വിനോദ്, സിന്ധു അശോകന്‍, ചാലക്കുടി തഹസീല്‍ദാര്‍ ആര്‍ സുമയ, വില്ലേജ് ഓഫീസര്‍ എ എസ് ശിവാനന്ദന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.