കണ്ണൂര്‍: നഷ്ടത്തിലായിരുന്ന കണ്ണൂര്‍ സഹകരണ സ്പിന്നിംഗ് മില്‍ ലാഭത്തിലായതിന്റെയും തൊഴിലാളികളുടെ സേവന-വേതന കരാര്‍ ഒപ്പുവച്ചതിന്റെയും സന്തോഷം പങ്കിടാന്‍ ചേര്‍ന്ന ജീവനക്കാരുടെ യോഗത്തില്‍ അതിഥിയായി കഥാകൃത്ത് ടി പത്മനാഭനും.താന്‍ സര്‍വീസ് കാലത്തെ അനുഭവങ്ങള്‍ ജീവനക്കാരുമായി പങ്കുവച്ച അദ്ദേഹം, കമ്പനി തങ്ങളുടേതു കൂടിയാണെന്ന് തൊഴിലാളികള്‍ക്ക് അനുഭവപ്പെടുമ്പോള്‍ മാത്രമേ അതിന് വിജയിക്കാനാവൂ എന്ന് അഭിപ്രായപ്പെട്ടു.
മാനേജ്‌മെന്റില്‍ തൊഴിലാളികള്‍ക്ക് വിശ്വാസം നഷ്ടപ്പെടുമ്പോഴാണ് തൊഴില്‍ തര്‍ക്കങ്ങളും സമരങ്ങളുമുണ്ടാവുന്നത്. അതിനാല്‍ തൊഴിലാളികളുടെ വിശ്വാസം നേടിയെടുക്കുകയെന്നത് വളരെ പ്രധാനമാണ്. മാനേജ്‌മെന്റിന്റെ അഴിമതിക്കെതിരേ സുപ്രിംകോടതി വരെ നിയമപോരാട്ടം നടത്തി വിജയിച്ച അനുഭവം തനിക്കുണ്ടെന്നും അദ്ദേഹം പറഞ്ഞു. ആദ്യമായി സ്പിന്നിംഗ് മില്‍ സന്ദര്‍ശിക്കാനായതില്‍ സന്തോഷമുണ്ടെന്നും അദ്ദേഹം അറിയിച്ചു. അഞ്ചു വര്‍ഷം മുമ്പ് പ്രതിമാസം 30 ലക്ഷം രൂപ നഷ്ടത്തിലായിരുന്നിടത്ത് നിന്നാണ് കഴിഞ്ഞ രണ്ടു മാസമായി സ്പിന്നിംഗ് മില്‍ ലാഭത്തിലേക്കെത്തിയതെന്ന് ചെയര്‍മാന്‍ എം സുരേന്ദ്രന്‍ പറഞ്ഞു.
കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ നേതൃത്വത്തില്‍ നടന്നുവരുന്ന നവീകരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഉല്‍പ്പാദനം വര്‍ധിപ്പിക്കാനായതും വിദേശ രാജ്യങ്ങളിലേക്ക് നൂല്‍ കയറ്റി അയക്കാനായതും വിജയത്തില്‍ നിര്‍ണായകമായി. മില്ലിന്റെ ഗുണമേന്‍മ വര്‍ധിപ്പിച്ച് ഐഎസ്ഒ സര്‍ട്ടിഫിക്കേഷന്‍ സമ്പാദിക്കാനായതോടെയാണ് വിദേശ കയറ്റുമതിക്ക് വഴിതെളിഞ്ഞത്. നാഷനല്‍ കോ-ഓപ്പറേറ്റീവ് ഡെവലപ്‌മെന്റ് കോര്‍പറേഷന്റെ സഹായത്തോടെ 17.5 കോടി രൂപ ചെലവില്‍ നടപ്പിലാക്കുന്ന നവീകരണത്തിന്റെ ഭാഗമായി 80 ലക്ഷത്തിന്റെ പുതിയ ഒരു സ്പിന്നിംഗ് മെഷീന്‍ സ്ഥാപിച്ചുകഴിഞ്ഞു.
നാലു യന്ത്രങ്ങള്‍ കൂടി സ്ഥാപിക്കുന്നതിനു മുന്നോടിയായി ഹ്യൂമിഡിഫിക്കേഷന്‍ പ്ലാന്റിന്റെ നിര്‍മാണം പുരോഗമിക്കുകയാണ്. 45 വര്‍ഷം പഴക്കമുള്ള യന്ത്രങ്ങള്‍ മാറ്റിയാണ് പുതിയ മെഷീനുകള്‍ സ്ഥാപിക്കുന്നത്. ഇവ കൂടി പ്രവര്‍ത്തനക്ഷമമാവുന്നതോടെ ഉല്‍പ്പാദനം വര്‍ധിപ്പിക്കാനും കൂടുതല്‍ ലാഭം നേടാനും മില്ലിന് സാധിക്കും. 10 വര്‍ഷമായി മില്ലില്‍ ദിവസവേതനാടിസ്ഥാനത്തില്‍ ജോലി ചെയ്തുവരികയായിരുന്ന 31 തൊഴിലാളികളെ സ്ഥിരപ്പെടുത്താന്‍ സാധിച്ചതും വലിയ നേട്ടമാണെന്നും അദ്ദേഹം പറഞ്ഞു.
എംഡി സി ആര്‍ രമേശ്, യൂണിയന്‍ പ്രതിനിധികളായ കെ പി അശോകന്‍, കെ സുധാകരന്‍, പി കെ രാജേന്ദ്രന്‍, ബി ജയദേവന്‍ എന്നിവര്‍ പങ്കെടുത്തു. പരിപാടിയുടെ ഭാഗമായി ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് തയ്യാറാക്കിയ ഒരു സ്വപ്‌നം പോലെ, ആയിരം ഇതളുള്ള പുഞ്ചിരി, കാഴ്ചകളുടെ കണ്ണൂര്‍ എന്നീ ഹ്രസ്വ സിനിമകള്‍ പ്രദര്‍ശിപ്പിച്ചു.