ആലപ്പുഴ: ഹൗസ്ബോട്ടുകളില്‍ സൗരോര്‍ജ്ജ പദ്ധതി നടപ്പാക്കുന്നത് ഹരിത ടൂറിസത്തിന് മുതല്‍ക്കൂട്ടാകുമെന്ന് വൈദ്യുതി വകുപ്പ് മന്ത്രി എം.എം. മണി പറഞ്ഞു. സൗരോര്‍ജ്ജത്താല്‍ പ്രവര്‍ത്തിക്കുന്ന പരിസ്ഥിതി സൗഹൃദ ഹൗസ് ബോട്ട് പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി. ഹൗസ് ബോട്ടുകളില്‍ സൗരോര്‍ജ്ജം ഉപയോഗിക്കുന്നതോടെ കുടുതല്‍ ഊര്‍ജ്ജം ലാഭിക്കാനും മലിനീകരണം കുറയ്ക്കാനും സാധിക്കും. ഇതു ഹൗസ് ബോട്ട് ടൂറിസം മേഖലയിലെ പുതിയ തുടക്കമാകുമെന്നും മന്ത്രി പറഞ്ഞു.
ധനകാര്യ വകുപ്പ് മന്ത്രി ഡോ. ടി.എം തോമസ് ഐസക്ക് അധ്യക്ഷത വഹിച്ചു. സൗരോര്‍ജ പദ്ധതി നടപ്പാക്കുന്നതോടെ ഹൗസ് ബോട്ടുകള്‍ കൂടുതല്‍ ആദായകരമാകുമെന്നും പരിസ്ഥിതി മലിനീകരണം കുറയ്ക്കാന്‍ സഹായിക്കുമെന്നും കൂടുതല്‍ വിദേശ ടൂറിസ്റ്റുകളെ ആകര്‍ഷിക്കാനാകുമെന്നും മന്ത്രി പറഞ്ഞു. ടൂറിസം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ മുഖ്യപ്രഭാഷണം നടത്തി. ഹൗസ് ബോട്ടുകളിലും സൗരോര്‍ജ പദ്ധതി വരുന്നതോടെ ഹരിത ചട്ടങ്ങള്‍ പാലിച്ചുകൊണ്ടുള്ള ഒരു കായല്‍ ടൂറിസത്തിനാകും വഴി തുറക്കുകയെന്ന് അദ്ദേഹം പറഞ്ഞു.
സംസ്ഥാന സര്‍ക്കാരിന്റെ ഊര്‍ജ്ജ വകുപ്പിന് കീഴിലുള്ള അനെര്‍ട്ട്, എനര്‍ജി മാനേജ്മെനന്റ് സെന്റര്‍, കേന്ദ്ര ഇലക്ട്രോണിക്സ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി കേന്ദ്രമന്ത്രാലയത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന സി-ഡാക്ക് എന്നിവയുമായി സഹകരിച്ചാണ് സൗരോര്‍ജ്ജത്താല്‍ പ്രവര്‍ത്തിക്കുന്ന പരിസ്ഥിതി സൗഹൃദ ഹൗസ് ബോട്ട് പദ്ധതിക്ക് ജില്ലയില്‍ തുടക്കം കുറിച്ചത്. പദ്ധതിയുടെ ഭാഗമായി ജില്ലയിലെ ഒരു സ്വകാര്യ ഹൗസ് ബോട്ടില്‍ പരീക്ഷണ അടിസ്ഥാനത്തില്‍ സൗജന്യമായി സൗരോര്‍ജ്ജവല്‍ക്കരണം നടപ്പാക്കി.
ഹൗസ് ബോട്ടിനുള്ളില്‍ വെളിച്ചത്തിനും താപനിയന്ത്രണത്തിനും സാധാണ ഗതിയില്‍ പെട്രോള്‍/ഡീസല്‍ ജനറേറ്ററുകളാണ് ഉപയോഗിച്ചുവരുന്നത്. ഇത്തരത്തിലുള്ള പെട്രോള്‍/ഡീസല്‍ ഇന്ധനങ്ങളുടെ ഉപയോഗം കുറയ്ക്കുന്നതു മൂലം പുറംതള്ളുന്ന കാര്‍ബണ്‍ ഡൈ ഓക്സൈഡിന്റെ അളവ് കുറച്ച് ഹൗസ് ബോട്ടുകളെ പരിസ്ഥിതി സൗഹൃദമാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.
എനര്‍ജി മാനേജ്‌മെന്റ് സെന്റര്‍ ഡയറക്ടര്‍ ആര്‍. ഹരികുമാര്‍, സി-ഡാക് സീനിയര്‍ ഡയറക്ടര്‍ രഞ്ജി വി ചാക്കോ, ജില്ലാ പോര്‍ട്ട് ഓഫീസര്‍ എബ്രഹാം വി കുര്യാക്കോസ്, എനര്‍ജി എഫിഷ്യന്‍സി ഡിവിഷന്‍ ഹെഡ് ജോണ്‍സണ്‍ ഡാനിയേല്‍, ഹൗസ് ബോട്ട് ഓണേഴ്‌സ് അസോസിയേഷന്‍ പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.