തൃശ്ശൂർ: പുന്നയൂർക്കുളം പഞ്ചായത്തിലെ അണ്ടത്തോട് കുടുംബാരോഗ്യ കേന്ദ്രത്തിലെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി നിർവഹിച്ചു. ആരോഗ്യമന്ത്രി കെ കെ ശൈലജ ടീച്ചർ അധ്യക്ഷത വഹിച്ചു. പൊതുജനാരോഗ്യ രംഗത്ത് പുന്നയൂർക്കുളം പഞ്ചായത്തിലെ പൊൻതൂവലായി മികച്ച ഗുണനിലവാരത്തോടെ അണ്ടത്തോട് പിഎച്ച്സിയെ കുടുംബാരോഗ്യ കേന്ദ്രമായി ഉയർത്തി. ആധുനിക കുടുംബാരോഗ്യ കേന്ദ്രമായി മുഴുവൻ പകൽ സമയവും ചികിത്സ ലഭ്യമാകുന്ന രീതിയിലാണ് അണ്ടത്തോട് കുടുംബാരോഗ്യ കേന്ദ്രം മാറുന്നതെന്ന് കെ വി അബ്ദുൽ ഖാദർ എംഎൽഎ പറഞ്ഞു.
അണ്ടത്തോട് പി എച്ച് സി കുടുംബരോഗ്യ കേന്ദ്രമാക്കിയത്തിന്റെ ശിലാഫലകം എംഎൽഎ അനാച്ഛാദനം ചെയ്തു. ചടങ്ങിൽ പുന്നയൂർക്കുളം പഞ്ചായത്ത് പ്രസിഡന്റ് ജാസ്മിൻ ഷഹീർ, ജില്ലാ പഞ്ചായത്ത് മെമ്പർ അബ്ദുൾ റഹീം, അണ്ടത്തോട് കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഇൻ ചാർജ് ഡോ. പിഷാരടി അനിൽ, ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് മംഗലാംകുന്ന് മുഹമ്മദുണ്ണി, പുന്നയൂർക്കുളം പഞ്ചായത്തിലെ വിവിധ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാർ, കൗൺസിൽ അംഗങ്ങൾ എന്നിവർ പങ്കെടുത്തു.