ആലപ്പുഴ: ജില്ലയില്‍ അന്‍പതിനായിരം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിന് ഊന്നല്‍ നല്‍കിയുള്ള 2021-22 സാമ്പത്തിക വര്‍ഷത്തെ ജില്ല പഞ്ചായത്ത് ഭരണസമിതിയുടെ ആദ്യ ബജറ്റ് അവതരിപ്പിച്ചു. ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്റ് ദലീമാ ജോജോ ജില്ലാ പഞ്ചായത്ത് ഹാളില്‍ അവതരിപ്പിച്ച വാര്‍ഷിക ബജറ്റില്‍ ആകെ 84,99,73,241 രൂപ വരവും 81,68,26,389 രൂപ ചെലവും 3,31,46,852 രൂപ നീക്കിയിരുപ്പും ആണുള്ളത്. ജില്ല പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാജേശ്വരി അധ്യക്ഷത വഹിച്ചു. 

കോവിഡിന്റെ പ്രതികൂല സാഹചര്യത്തിലും പരമാവധി സഹായം ജനങ്ങളിലെത്തിക്കാന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് കഴിഞ്ഞതായി രാജേശ്വരി പറഞ്ഞും. വരുന്ന അഞ്ചുവര്‍ഷത്തെ വികസന ലക്ഷ്യങ്ങളുടെ സൂചനയായി ഈ ബജറ്റിനെക്കാണണമെന്ന് പ്രസിഡന്റ് പറഞ്ഞു.

കൂടുതല്‍ തൊഴിലവസരങ്ങള്‍

ഗ്രാമ, ബ്ലോക്ക് പഞ്ചായത്തുകളുമായി ചേര്‍ന്ന് ഈ വര്‍ഷം ജില്ലയില്‍ 50000 പേര്‍ക്ക് പുതിയ തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കും. തൊഴില്‍ സൃഷ്ടിയ്ക്കായി ഗ്രാമ, ബ്ലോക്ക് പഞ്ചായത്തുകള്‍ക്ക് വിഹിതം നല്‍കുന്നതോടൊപ്പം സുഭിക്ഷ കേരളം പദ്ധതിയില്‍ ഉള്‍പ്പെടുത്തി ജെ.എല്‍.ജി. ഗ്രൂപ്പുകള്‍ക്ക് കാര്‍ഷിക മേഖലയില്‍ വരുമാനദായക പദ്ധതികള്‍, വനിത ഗ്രൂപ്പുകള്‍ക്ക് സ്വയംതൊഴില്‍ സംരംഭങ്ങള്‍, ലോക്കല്‍ എംപ്ലോയിമെന്റ് അഷ്വറന്‍സ് പ്രോഗ്രാം, സംരംഭക ഗ്രൂപ്പുകള്‍ക്ക് റിവോള്‍വിംഗ് ഫണ്ട്, പലിശ സബ്‌സിഡി, കയര്‍ ഉല്‍പ്പന്നങ്ങളുടെ നിര്‍മ്മാണം, അപ്പാരല്‍ പാര്‍ക്ക്, കാര്‍ഷിക മേഖലയില്‍ മൊബൈല്‍ വര്‍ക്ക്‌ഷോപ്പ്, ട്രാന്‍സ്‌ജെന്റേഴ്‌സിന് സ്വയംതൊഴില്‍ സഹായം എന്നീ പദ്ധതികള്‍ ഏറ്റെടുക്കുന്നതിന് 3.30 കോടി രൂപ ബജറ്റില്‍ നീക്കിവച്ചിട്ടുണ്ട്.

ജോബ് പോര്‍ട്ടല്‍ സംസ്ഥാനത്താദ്യം

ജില്ലയിലെ തൊഴില്‍ അന്വേഷകരേയും സേവനദാതാക്കളേയും തൊഴില്‍ദാതാക്കളേയും കൂട്ടിയിണക്കി അപേക്ഷിക്കുന്ന എല്ലാവര്‍ക്കും തൊഴില്‍ ഉറപ്പുവരുത്താനായി ജോബ് പോര്‍ട്ടല്‍ രൂപീകരിക്കും.ഇതിനായി ബജറ്റില്‍ 15 ലക്ഷം രൂപ നീക്കിവെച്ചിട്ടുണ്ട്.

കാര്‍ഷിക മേഖലയ്ക്ക് പ്രാധാന്യം

കാര്‍ഷിക മേഖലയില്‍ നെല്‍കൃഷി വികസനത്തിന് 1.5 കോടി രൂപ, പാടശേഖര സമിതികള്‍ക്കും സംഘങ്ങള്‍ക്കും യന്ത്രോപകരണങ്ങള്‍ നല്‍കുന്നതിന് 40 ലക്ഷം രൂപ, പൊക്കാളി കൃഷിക്ക് 40 ലക്ഷം രൂപ, ജൈവ ഗ്രാമം പദ്ധതിയ്ക്ക് 10 ലക്ഷം രൂപ, ഫലവൃക്ഷഗ്രാമം പദ്ധതിയ്ക്ക് 10 ലക്ഷം രൂപ എന്നിങ്ങനെ ബജറ്റില്‍ തുക വകയിരുത്തിയിട്ടുണ്ട്.

മത്സ്യത്തൊഴിലാളികള്‍ക്കും കരുതല്‍

മത്സ്യത്തൊഴിലാളികള്‍ക്ക് വള്ളം നല്‍കുന്നതിന് 50 ലക്ഷം രൂപ, ഗില്‍നെറ്റ് നല്‍കുന്നതിന് 30 ലക്ഷം രൂപ, വല നല്‍കുന്നതിനായി 78 ലക്ഷം രൂപ, സമഗ്ര മത്സ്യകൃഷിയ്ക്കായി 20 ലക്ഷം രൂപയും നീക്കിവെച്ചിട്ടുണ്ട്.

ജില്ലാ പഞ്ചായത്ത് ഭവന സമുച്ചയം നിര്‍മിക്കും

സംസ്ഥാന സര്‍ക്കാര്‍ ആവിഷ്‌കരിച്ച ലൈഫ് പാര്‍പ്പിട പദ്ധതിക്ക് ബജറ്റില്‍ ഏറെ പ്രാധാന്യം നല്‍കിയിട്ടുണ്ട്. ലൈഫ് ഭവന പദ്ധതിയിലൂടെ ഭൂരഹിതര്‍ക്കും ഭവനരഹിതര്‍ക്കും പാര്‍പ്പിടം നിര്‍മ്മിക്കുന്നതിനായി 9.35 കോടിരൂപ നല്‍കുന്നതോടൊപ്പം ജില്ലാപഞ്ചായത്ത് തനതായി ഭൂരഹതികര്‍ക്ക് ഭവന സമുച്ചയം നിര്‍മ്മിച്ച് നല്‍കുന്നതിനുള്ള പദ്ധതിക്കായും പണം നീക്കിവെച്ചിട്ടുണ്ട്.

പാര്‍പ്പിട മേഖലയില്‍ ലൈഫ് ഭവന പദ്ധതിക്കായി ആറ് കോടി രൂപയും പി.എം.എ.വൈ പദ്ധതിക്കായി 40 ലക്ഷം രൂപയും ഇരട്ടവീട് ഒറ്റവീടാക്കുന്നതിനായി 20 ലക്ഷം രൂപയും ലൈഫ് മിഷന്‍ വഴി ഭവനം ലഭിച്ച അര്‍ഹരായവര്‍ക്ക് ജീവനോപാധികള്‍ ഉറപ്പാക്കുന്നതിനായി 10 ലക്ഷം രൂപയും വകയിരുത്തിയിട്ടുണ്ട്. ലൈഫ് ഭവന പദ്ധതിയുടെ മൂന്നാം ഘട്ടത്തില്‍ ജില്ല പഞ്ചായത്ത് നേരിട്ട് 50 ഗുണഭോക്താക്കള്‍ക്ക് താമസിക്കാന്‍ കഴിയുന്ന ഫ്‌ളാറ്റ് നിര്‍മിക്കുന്നതിനായി സ്ഥലം വാങ്ങുന്നതിന് ടോക്കണ്‍ പ്രൊവിഷനായി 10 ലക്ഷം രൂപയും നീക്കി വെച്ചിട്ടുണ്ട്.

സമഗ്ര വിദ്യാഭ്യാസ പദ്ധതി

8-ാം ക്ലാസില്‍ പ്രവേശിക്കുന്ന പിന്നോക്കം നില്‍ക്കുന്ന എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും മലയാളം, ഇംഗ്ലീഷ്, ഹിന്ദി ഭാഷകളിലെ അക്ഷരജ്ഞാനം ഉറപ്പുവരുത്തി അനായാസേന ഭാഷകള്‍ കൈകാര്യം ചെയ്യുന്നതിനുള്ള കഴിവ് ആര്‍ജ്ജിക്കുന്നതിനും ഗവേഷണ തല്‍പ്പരരായ വിദ്യാര്‍ത്ഥികള്‍ക്ക് പ്രത്യേക പരിശീലനം നല്‍കുന്നതിനും വിദ്യാര്‍ത്ഥികളുടെ പ്രത്യേക തരത്തിലുള്ള അഭിരുചികളെ പ്രോത്സാഹിപ്പിക്കുന്നതിനും മികച്ച അദ്ധ്യാപകരെ ആദരിക്കുന്നതിനും മികച്ച മാതൃകകളെ പ്രോത്സാഹിപ്പിക്കുന്നതിനും തീരദേശ വായനശാലകള്‍ വഴി പിന്നോക്കം നില്‍ക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് മികച്ച പരിശീലനം നല്‍കുന്ന പ്രതിഭാതീരം പദ്ധതിയെ സഹായിക്കുന്നതിനുമായി 30 ലക്ഷം രൂപ നീക്കിവെച്ചിട്ടുണ്ട്.

സ്‌കൂളുകളില്‍ ഡിജിറ്റല്‍ ലൈബ്രറിയ്ക്കും ലാബ് സജ്ജീകരണത്തിനുമായി 45 ലക്ഷം രൂപയും സ്‌കൂളുകളില്‍ വിദ്യാര്‍ത്ഥിനികള്‍ക്ക് പ്രത്യേക സൗകര്യം ഉറപ്പുവരുത്തുന്നതിനായി 6 ലക്ഷം രൂപയും നീക്കിവെച്ചിട്ടുണ്ട്. ജില്ല പഞ്ചായത്ത് സ്‌കൂളുകള്‍ക്ക് ഫര്‍ണിച്ചറുകള്‍ വാങ്ങുന്നതിനായി ഒരു കോടി രൂപയും ഫര്‍ണിച്ചറുകളുടെ അറ്റകുറ്റ് പണികള്‍ക്കായി അഞ്ച് ലക്ഷം രൂപയും നീക്കി വെച്ചു.

വിദ്യാര്‍ത്ഥികളുടേയും യുവജനങ്ങളുടേയും നൂതന കണ്ടുപിടുത്തങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനായി ഇന്നവേഷന്‍ പ്രോഗ്രാം നടത്തുന്നതിനായി അഞ്ച് ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്. ലൈബ്രറി കൗണ്‍സില്‍ അംഗീകാരമുള്ള ലൈബ്രറികള്‍ക്ക് ഇ-റീഡര്‍ വാങ്ങുന്നതിന് 10 ലക്ഷം രൂപയും ഐ.ടി അഡൈ്വസറി ബോര്‍ഡ് രൂപീകരിക്കുന്നതിനായി 2 ലക്ഷം രൂപയും നീക്കിവെച്ചിട്ടുണ്ട്.

പട്ടികവര്‍ഗ്ഗ വികസനം

പട്ടികവര്‍ഗ്ഗ വികസനത്തിനായി ലൈഫ് ഭവന പദ്ധതിപ്രകാരം വീട് നിര്‍മ്മിക്കുന്നതിന് 4 ലക്ഷം രൂപയും പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ക്ക് മെറിട്ടോറിയസ് സ്‌കോളര്‍ഷിപ്പ് നല്‍കുന്നതിനായി 6 ലക്ഷം രൂപയും പഠനമുറി നിര്‍മ്മിക്കുന്നതിനായി 13 ലക്ഷം രൂപയും ലഘുഭക്ഷണ സൗകര്യത്തോട് കൂടി കോളനികളില്‍ സാമൂഹ്യപഠന മുറികള്‍ നിര്‍മ്മിക്കുന്നതിനായി 15 ലക്ഷം രൂപയും നീക്കിവച്ചിട്ടുണ്ട്. പട്ടികജാതി പട്ടിവര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ക്ക് സിവില്‍ സര്‍വ്വീസ്, മെഡിക്കല്‍ എഞ്ചിനീയറിംഗ് എന്‍ട്രന്‍സ് പരിശീലനം നല്‍കും. ജില്ലയിലെ എല്ലാ പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ക്കും ഗ്രാമപഞ്ചായത്തുകളുമായി ചേര്‍ന്ന് ലാപ്‌ടോപ്പ് നല്‍കുന്നതിനുള്ള പദ്ധതിയ്ക്ക് 10 ലക്ഷം രൂപയും നീക്കിവയ്ച്ചിട്ടുണ്ട്. പട്ടികവര്‍ഗ്ഗ വികസനത്തിന് അധികമായി വേണ്ടി വരുന്ന തുക ജില്ലാപഞ്ചായത്തിന്റെ തനത് ഫണ്ടില്‍ നിന്നും പൊതുവിഭാഗം വികസന ഫണ്ടില്‍ നിന്നും വകയിരുത്തിയിട്ടുള്ളതാണ്. അപേക്ഷിക്കുന്ന എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും മെറിട്ടോറിയസ് സ്‌കോളര്‍ഷിപ്പിനായി 1.81 കോടി രൂപയും വകയിരുത്തിയിട്ടുണ്ട്.

കാന്‍സര്‍ രോഗ നിര്‍ണ്ണയം നടത്തി തുടര്‍ ചികിത്സ ഉറപ്പുവരുത്തുന്നതിനായി 20 ലക്ഷം രൂപ നീക്കിവെച്ചിട്ടുണ്ട്. കാന്‍സര്‍, വൃക്ക രോഗികള്‍ക്ക് ചികിത്സ ആനുകൂല്യം ലഭിക്കുന്നതിനായി ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ചാരിറ്റബിള്‍ സൊസൈറ്റി രൂപീകരിക്കും. ഇതിന്റെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്കായി ഒരു ലക്ഷം രൂപയും നീക്കിവെച്ചിട്ടുണ്ട്.

തൊഴില്‍ രംഗത്തെ ഉണര്‍വ്വ്

ചെറുകിട വ്യവസായ രംഗത്ത് വനിതാ ഗ്രൂപ്പുകള്‍ക്ക് സ്വയംതൊഴില്‍ സൃഷ്ടിക്കുന്നതിനായി 13.5 ലക്ഷം രൂപയും സ്വയംതൊഴിലിനായി ഓട്ടോറിക്ഷ, പിക്കപ് വാന്‍ വാങ്ങുന്നതിനായി 6 ലക്ഷം രൂപയും വിശപ്പുരഹിത കേരളം പദ്ധതിക്ക് ജില്ലാപഞ്ചായത്ത് വിഹിതം നല്‍കുന്നതിനായി 10 ലക്ഷം രൂപയും ടേക്ക് എ ബ്രേക്ക് വിശ്രമ കേന്ദ്രങ്ങള്‍ ആരംഭിക്കുന്നതിനായി 50 ലക്ഷം രൂപയും ലോക്കല്‍ എംപ്ലോയിമെന്റ് അഷ്വറന്‍സ് പ്രോഗ്രാമിനായി 20 ലക്ഷം രൂപയും കൃഷി, മൃഗസംരക്ഷണം, ക്ഷീരവികസനം, മത്സ്യ സംസ്‌കരണം എന്നീ മേഖലകളുമായി ബന്ധപ്പെട്ട് സംരംഭങ്ങള്‍ തുടങ്ങുന്നതിനായി പ്രവാസികള്‍ ഉള്‍പ്പെടെയുള്ള യുവ സംരംഭക ഗ്രൂപ്പുകള്‍ക്ക് റിവോള്‍വിംഗ് ഫണ്ട് നല്‍കുന്നതിനായി 60 ലക്ഷം രൂപയും ചെറുകിട വ്യവസായം, പാരമ്പര്യ ഊര്‍ജ്ജം, ഐ.ടി അധിഷ്ഠിത പ്രവാസി സേവനങ്ങള്‍, ഭക്ഷ്യവ്യവസായ പാര്‍ക്കുകള്‍ എന്നീ മേഖലകളുമായി ബന്ധപ്പെട്ട സംരംഭങ്ങള്‍ ആരംഭിക്കുന്നതിന് റിവോള്‍വിംഗ് ഫണ്ട് നല്‍കുന്നതിനായി 20 ലക്ഷം രൂപയും പലിശ സബ്‌സിഡി നല്‍കുന്നതിനായി 10 ലക്ഷം രൂപയും കുടുംബശ്രീ യൂണിറ്റുകളുടെ ഹോംമെയിഡ് ഉല്‍പ്പന്നങ്ങള്‍ ശേഖരിച്ച് വില്‍പ്പന നടത്തുന്നതിനായി വിപണനകേന്ദ്രങ്ങള്‍ സ്ഥാപിക്കുന്നതിനായി 10 ലക്ഷം രൂപയും ജോബ് പോര്‍ട്ടലിന്റെ തുടര്‍ പ്രവര്‍ത്തനങ്ങള്‍ക്കായി 5 ലക്ഷം രൂപയും കയര്‍ മേഖലയില്‍ കയര്‍ സഹകരണ സംഘങ്ങളുമായി ചേര്‍ന്ന് കയര്‍ ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മിക്കുന്നതിനായി 40 ലക്ഷം രൂപയും മാറ്റിവെയ്ക്കുന്നു.

സ്ത്രീകള്‍ക്ക് ജന്‍ഡര്‍ പാര്‍ക്ക്

സ്ത്രീകളുടേയും കുട്ടികളുടേയും ഉന്നമനത്തിനായി കൗണ്‍സിലിംഗ് സെന്റര്‍, ലൈബ്രറി, ഡോര്‍മെട്രി, ഫീഡിംഗ് സെന്റര്‍, ഹെല്‍പ്പ് ലൈന്‍ സെന്റര്‍, പോക്‌സോ കേസുകളില്‍ ഉള്‍പ്പെടുന്നവര്‍ക്ക് അഭയ കേന്ദ്രം, സൗജന്യ നിയമസഹായ കേന്ദ്രം എന്നിവ ഉള്‍പ്പെടുന്ന ജില്ലാപഞ്ചായത്തിന്റെ ജന്റര്‍പാര്‍ക്ക് പ്രവര്‍ത്തന സജ്ജമാക്കുന്നതിനായി 15 ലക്ഷം രൂപയും ജില്ലാ ജാഗ്രത സമിതിയുടെ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുന്നതിനും ഒരു ബ്ലോക്കില്‍ നിന്നും ഒരു ഗ്രാമപഞ്ചായത്തിനെ സ്ത്രീ സൗഹൃദ പദവിയിലേക്ക് ഉയര്‍ത്തി ക്രൈം മാപ്പിംഗ് ഉള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനാവശ്യമായ അവബോധം സൃഷ്ടിക്കുന്നതിനും വനിത ഘടകപദ്ധതി തയ്യാറാക്കുന്നതിന് നൂതന മാര്‍ഗ്ഗങ്ങള്‍ കണ്ടെത്തുന്നതിനുള്ള ചര്‍ച്ചകള്‍ സംഘടിപ്പിക്കുന്നതിനുമായി 6 ലക്ഷം രൂപയും പെണ്‍കുട്ടികള്‍ക്ക് ആയോധനകലാ പരിശീലനം നല്‍കുന്നതിനായി 1 ലക്ഷം രൂപയും കുടുംബശ്രീ യൂണിറ്റുകള്‍ വഴി ടേക്ക് എ ബ്രേക്ക് വിശ്രമ കേന്ദ്രങ്ങള്‍ ആരംഭിക്കുന്നതിനായി 72 ലക്ഷം രൂപയും വനിത കലോത്സവം സംഘടിപ്പിക്കുന്നതിനായി 2 ലക്ഷം രൂപയും കൗമാരക്കായ പെണ്‍കുട്ടികള്‍ക്കും മാതാപിതാക്കള്‍ക്കും പ്രത്യേക കൗണ്‍സിലിംഗ് നല്‍കുന്നതിനായി 2.06 ലക്ഷം രൂപയും ജില്ല പഞ്ചായത്ത് സ്‌കൂളുകളില്‍ വിദ്യാര്‍ത്ഥിനികള്‍ക്ക് പ്രത്യേക സൗകര്യങ്ങള്‍ ഉറപ്പ് വരുത്തുന്നതിനായി 50ലക്ഷം രൂപയും ജില്ല പഞ്ചായത്ത് സ്‌കൂളുകളില്‍ ഇന്‍സിനേറ്റര്‍ സ്ഥാപിക്കുന്നതിനായി 20 ലക്ഷം രൂപയും മാറ്റിവെയ്ച്ചിട്ടുണ്ട്.

സമ്പൂര്‍ണ പാലിയേറ്റീവ് ജില്ലയാക്കും

പകല്‍വീടുകള്‍ക്കും വയോജന ക്ലബ്ബുകള്‍ക്കും അടിസ്ഥാന സൗകര്യത്തിനും സേവന പ്രവര്‍ത്തനങ്ങള്‍ക്കുമായി 50 ലക്ഷം രൂപയും മാനസിക വെല്ലുവിളി നേരിടുന്നവര്‍ക്ക് പരിശീലനം നല്‍കി തൊഴില്‍ സംരംഭങ്ങള്‍ ആരംഭിക്കുന്നതിനായി 20 ലക്ഷം രൂപയും നീക്കിവെച്ചിട്ടുണ്ട്. കുടുംബശ്രീ യൂണീറ്റുകള്‍ക്ക് വിപണന കേന്ദ്രം ആരംഭിക്കുന്നതിന് 10 ലക്ഷം രൂപ, സ്ത്രീ സൗഹൃദ പ്രവര്‍ത്തനങ്ങള്‍ക്കായി 7 ലക്ഷം രൂപ, കാര്‍ഷിക ഉല്‍പ്പന്നങ്ങളുടെ വിപണന ശൃംഖലയ്ക്ക് 30 ലക്ഷം രൂപ, ലേബര്‍ ബാങ്ക് രൂപീകരണത്തിന് 10 ലക്ഷം രൂപ എന്നിവയും സമഗ്ര പാലിയേറ്റീവ് പദ്ധതിയ്ക്കായി 53 ലക്ഷം രൂപയും നീക്കിവെച്ചിട്ടുണ്ട്. ഭിന്നശേഷിക്കാര്‍ക്ക് സ്‌കോളര്‍ഷിപ്പ് നല്‍കുന്നതിനായി 1.25 കോടി രൂപയും എച്ച്.ഐ.വി. ബാധിതര്‍ക്ക് പോഷകാഹാരത്തിനായി 50 ലക്ഷം രൂപയും നീക്കിവെച്ചിട്ടുണ്ട്.

ഹൈടെക്ക് അങ്കണവാടികള്‍ക്കായി 46 ലക്ഷം രൂപ, അനുപൂരക പോഷകാഹാര പദ്ധതിയ്ക്കായി 72 ലക്ഷം രൂപയും നീക്കിവെച്ചിട്ടുണ്ട്. ഉള്‍നാടന്‍ ജലാശയങ്ങളില്‍ വേലിയേറ്റം മൂലമുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ കുറയ്ക്കുന്നതിനായി എക്കല്‍ നീക്കം ചെയ്യുന്നതിനും സംസ്ഥാന സര്‍ക്കാരുമായും ചേര്‍ന്ന് പ്രത്യേക പദ്ധതി. ക്ഷീരകര്‍ഷകര്‍ക്ക് പാല്‍ സബ്‌സിഡി നല്‍കുന്നതിനായി 50 ലക്ഷം രൂപ, റിവോള്‍വിംഗ് ഫണ്ട് നല്‍കുന്നതിനായി 50 ലക്ഷം രൂപ, പാല്‍ശേഖരണ മുറികളുടെ നിര്‍മ്മാണത്തിനായി 20 ലക്ഷം രൂപ എന്നിങ്ങനെയും തുക വകയിരുത്തിയിട്ടുണ്ട്.

ജില്ല പഞ്ചായത്ത് അംഗങ്ങളായ ടി.എസ്. താഹ, എ ശോഭ, വത്സല മോഹന്‍, പി.എസ്. ഷാജി, കെ.ജി. സന്തോഷ്, ആതിര ജി, ആര്‍ റിയാസ്, ബിനു ഐസക് രാജു, ബിപിന്‍ സി ബാബു, സജിമോള്‍ ഫ്രാന്‍സിസ്, ജില്ല പഞ്ചായത്ത് സെക്രട്ടറി കെ.ആര്‍. ദേവദാസ് എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.