ഇടുക്കി: വാഴത്തോപ്പ് സെന്റ് ജോർജ് പള്ളി പാരിഷ് ഹാളിൽ സംഘടിപ്പിച്ച ഇടുക്കി – തൊടുപുഴ താലുക്ക് തല അദാലത്തിൽ ചികിത്സാ സഹായം തേടി നിരവധി പേരാണ് എത്തിയത്. അദാലത്തിനെത്തിയ അവശ വിഭാഗത്തിന് പ്രത്യേക പരിഗണന നൽകി.

അദാലത്ത് ആരംഭിച്ച് അര മണിക്കുറിനുള്ളിൽ ഇടുക്കി പോലീസ് സബ് ഡിവിഷൻ ഓഫീസിന്റെ ഉദ്ഘാടനത്തിന് വേദിയിൽ നിന്നിറങ്ങിയ മന്ത്രി എം.എം മണി ചക്ര കസേരയിലെത്തിയ ഭിന്നശേഷിക്കാരിൽ നിന്ന് അപേക്ഷകൾ നേരിട്ട് കൈപറ്റി അർഹമായ സഹായം അനുവദിക്കുമെന്ന് ഉറപ്പ് നൽകി പറഞ്ഞയച്ചു. ഭിന്നശേഷിക്കാർക്ക് പ്രത്യേക പരിഗണന നൽകി വൈദ്യുതി മന്ത്രി എം.എം മണിയും വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥും വേദിയിൽ നിന്ന് ഇറങ്ങി പരാതികൾ കൈപ്പറ്റി.

റവന്യു, തദ്ദേശ സ്വയം ഭരണം, കൃഷി വകുപ്പ്, സാമുഹ്യ നീതി, ഭക്ഷ്യ പൊതുവിതരണ വകുപ്പ്, തുടങ്ങി വിവിധ വകുപ്പുകളുടെ കൗണ്ടറുകളും അദാലത്തിൽ സജ്ജീകരിച്ചിരുന്നു. അദാലത്തിൽ രജിസ്ട്രേഷന് വേണ്ടി പ്രത്യേകം കൗണ്ടറുകളും കൂടാതെ മെഡിക്കൽ ടീം, അടിയന്തര ചികിത്സാ സൗകര്യത്തിനായി രണ്ട് ആംബുലൻസുകളും ഒരുക്കിയിരുന്നു.

മന്ത്രിമാർക്കൊപ്പം റോഷി അഗസ്റ്റ്യൻ എം.എൽ.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജിജി കെ ഫിലിപ്പ്, ജില്ലാ കളക്ടർ എച്ച്.ദിനേശൻ, എന്നിവരും പരാതികൾ പരിഗണിച്ചു.