കൊല്ലം: സംസ്ഥാനത്തെ ക്രമസമാധാന പരിപാലനത്തിലെ നാഴികക്കല്ലായി മാറും പോലീസ് സബ് ഡിവിഷനുകളെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ശാസ്താംകോട്ടയില്‍ പുതുതായി ആരംഭിച്ച പോലീസ് സബ് ഡിവിഷന്റെ ഉദ്ഘാടനം ഓണ്‍ലൈനായി നിര്‍വഹിക്കുകയായിരുന്നു മുഖ്യമന്ത്രി. പോലീസ് സബ് ഡിവിഷനുകള്‍ വരുന്നതോടെ പോലീസ് സ്റ്റേഷനുകളുടെ എണ്ണം കുറയുകയും ഇന്‍സ്‌പെക്ടര്‍ തസ്തികയിലുള്ള 25 മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍ക്ക് സ്ഥാനക്കയറ്റം ലഭിക്കുകയും ചെയ്യും. പോലീസ് സംവിധാനം മെച്ചപ്പെടുത്തുന്നതിനുള്ള നിരവധി നടപടികളാണ് സര്‍ക്കാര്‍ സ്വീകരിച്ചിട്ടുള്ളത്.
പോലീസിന്റെ പ്രൊഫഷണലിസം വര്‍ധിപ്പിക്കുന്നതിന് വിവിധ നടപടികള്‍ സ്വീകരിച്ചു. ഇതിന്റെ ഭാഗമായി പോലീസ് സേനാംഗങ്ങള്‍ക്ക് പരിശീലനം നല്‍കാനും ശാസ്ത്ര സാങ്കേതിക രംഗത്ത് പരിശീലനം നേടാനും ജില്ലാതല പരിശീലന കേന്ദ്രം പത്തനംതിട്ടയില്‍ ആരംഭിച്ചതായും മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്തു പുതുതായി എട്ട് പോലീസ് സ്റ്റേഷനുകള്‍, 25 സബ് ഡിവിഷനുകള്‍, പോലീസ് പരിശീലന കേന്ദ്രം തുടങ്ങിയവയാണ് പ്രവര്‍ത്തനമാരംഭിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
ശാസ്താംകോട്ട പോലീസ് സ്റ്റേഷന്‍ ഓഫീസില്‍ നടന്ന ചടങ്ങില്‍ കോവൂര്‍ കുഞ്ഞുമോന്‍ എം എല്‍ എ അധ്യക്ഷനായി. കുന്നത്തൂര്‍ മണ്ഡലത്തിലെ ക്രമസമാധാന രംഗത്ത് വളരെ നല്ല രീതിയില്‍ ഇടപെടാനുള്ള അവസരം ഡി വൈ എസ് പി ഓഫീസ് വരുന്നതോടുകൂടി സാധിക്കുമെന്ന് എം എല്‍ എ പറഞ്ഞു. ശൂരനാട്, ശാസ്താംകോട്ട, പുത്തൂര്‍, ഈസ്റ്റ് കല്ലട, കുണ്ടറ തുടങ്ങിയ അഞ്ച് പോലീസ് സ്റ്റേഷനുകളുടെ സബ് ഡിവിഷന്‍ ഓഫീസ് ആയിട്ടാണ് ശാസ്താംകോട്ട ഡി വൈ എസ് പി ഓഫീസ് പ്രവര്‍ത്തിക്കുന്നത്. ഈ ഓഫീസിലൂടെ ഉയര്‍ന്ന ഒരു പോലീസ് ഉദ്യോഗസ്ഥന്റെ മേല്‍നോട്ടം കൂടി ലഭിക്കും.