പാലക്കാട്:  തരൂര് അസംബ്ലി മണ്ഡലത്തിലെ വിവിധ റോഡുകളുടേയും പാലങ്ങളുടേയും പൂര്ത്തീകരണോദ്ഘാടനവും നിര്മ്മാണോദ്ഘാടനവും പൊതുമരാമത്ത് -രജിസ്ട്രേഷന് വകുപ്പ് മന്ത്രി ജി സുധാകരന് വീഡിയോ കോണ്ഫറന്സിലൂടെ നിര്വഹിച്ചു.
മികച്ച റോഡുകളുടേയും പാലങ്ങളുടേയും നിര്മ്മാണം സര്ക്കാര് സമയബന്ധിതമായി പൂര്ത്തിയാക്കി വരികയാണെന്ന് മന്ത്രി പറഞ്ഞു. നിര്മ്മാണോദ്ഘാടനവും പൂര്ത്തീകരണോദ്ഘാടനവും ഉള്പ്പടെ ആകെ ഏഴ് പ്രവൃത്തികള് 38 കോടിയിലാണ് പൂര്ത്തിയാകുന്നത്.
മംഗലം പാലം പോലുള്ള പ്രവൃത്തികള് വളരെ പ്രാധാന്യമുള്ളതാണ്. ഏറ്റവും കൂടുതല് വികസന പ്രവര്ത്തനങ്ങള് നടപ്പാക്കിയിരിക്കുന്നത് തരൂര് നിയോജകമണ്ഡലത്തിലാണെന്നും മന്ത്രി ജി.സുധാകരന് പറഞ്ഞു. പട്ടികജാതി-പട്ടികവര്ഗ-പിന്നാക്കക്ഷേമ-നിയമ-സാംസ്‌കാരിക- പാര്ലമെന്ററികാര്യ വകുപ്പ് മന്ത്രി എ.കെ ബാലന് അധ്യക്ഷനായി.
മൂന്നു കോടി ചെലവില് നിര്മ്മാണം പൂര്ത്തിയാക്കിയ മൂന്നു കി.മീ നീളമുള്ള വടക്കഞ്ചേരി- കിഴക്കഞ്ചേരി റോഡ്, 90 ലക്ഷം ചെലവില് നിര്മ്മിച്ച ഒരു കി.മീ വടക്കേനട പത്തനാപുരം റോഡ് ഒന്നാം ഘട്ടം, 16.5 കി.മീറ്ററില് 20 കോടി ചെലവില് നിര്മ്മിച്ച ഇരട്ടക്കുളം വാണിയമ്പാറ റോഡ് എന്നിവയുടെ പൂര്ത്തീകരണോദ്ഘാടനമാണ് മന്ത്രി നിര്വഹിച്ചത്.
2.60 കി.മീ നീളത്തില് 3.5 കോടി വകയിരുത്തി ആരംഭിക്കുന്ന വടക്കഞ്ചേരി ബസാര് റോഡ്, മൂന്നു കോടിയില് വടക്കേനട പത്തനാപുരം റോഡ് രണ്ടാം ഘട്ടം, 3.08 കോടി ചിലവില് മംഗലം പാലം, 3.5 കോടിയില് കൊളയക്കാട് പാലം എന്നിവയുടെ നിര്മ്മാണോദ്ഘാടനവും നിര്വഹിച്ചു.