ഇടുക്കി: വാഴത്തോപ്പ് സെന്റ് ജോർജ്ജ് പള്ളി പാരിഷ് ഹാളിൽ സംഘടിപ്പിച്ച സാന്ത്വന സ്പർശം അദാലത്ത് ജനപങ്കാളിത്തം കൊണ്ട് വ്യത്യസ്തമായി. ഭിന്നശേഷി ക്കാരും കിടപ്പ് രോഗികളുമായ നിരവധി പേരാണ് ചികിത്സാ സഹായത്തിനായി അദാലത്തിൽ എത്തിയത്. ചക്രകസേരയിൽ അപേക്ഷയുമായെത്തിയ തങ്കമണി സ്വദേശിനി നൈസിന്റെ കൈയിൽ നിന്ന് ഡയസിൽ നിന്നിറങ്ങി മന്ത്രി എം.എം മണി അപേക്ഷ സ്വീകരിച്ചു.
ചികിത്സ സഹായത്തിനുള്ള അപേക്ഷയുമായാണ് നൈസ് എത്തിയത്. അപേക്ഷ പരിഗണിച്ച് ചികിത്സാ സഹായം അനുവദിച്ചെന്നറിഞ്ഞാണ് നൈസ് ഭർത്താവിനൊപ്പം മടങ്ങിയത്. നൈസ് 12 വർഷം മുൻപാണ് വീണ് നട്ടെല്ലിന് ക്ഷതമേറ്റ് കിടപ്പിലായത്. വർഷങ്ങളായി കോട്ടയം മെഡിക്കൽ കോളേജിൽ ചികത്സ നടത്തുന്നുണ്ട്. നൈസിന്റെ ചികിത്സയും മകളുടെ പഠനവും അടക്കം വലിയ സാമ്പത്തിക ബാധ്യതയിലാണ് കുടുംബം. ഓട്ടോറിക്ഷാ ഡ്രൈവറായ ഭർത്താവ് തോമസിന്റെ ദിവസക്കൂലിയിലാണ് ദൈനംദിന കാര്യങ്ങൾ നടക്കുന്നത്.