പത്തനംതിട്ട: പതിനെട്ടു വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ ചെങ്ങരൂര്‍ സ്വദേശി കുഞ്ഞുമോള്‍ക്ക് വീടിന് പട്ടയമായി. ചെങ്ങരൂര്‍ ലക്ഷം വീട് കോളനിയിലെ കുഞ്ഞുമോള്‍ക്കാണ് തിരുവല്ല സെന്റ് ജോണ്‍സ് കത്തീഡ്രല്‍ ഓഡിറ്റോറിയത്തില്‍ നടന്ന സാന്ത്വനം സ്പര്‍ശം അദാലത്തുവേദിയില്‍ മന്ത്രി എ.സി.മൊയ്തീന്‍ പട്ടയം നല്‍കിയത്. രണ്ടു മുറി വീട്ടില്‍ ഒറ്റയ്ക്കാണ് കുഞ്ഞുമോളുടെ താമസം. തൊഴിലുറപ്പു ജോലിയില്‍ നിന്നു കിട്ടുന്ന തുകയാണ് ഏക വരുമാനം. ഭര്‍ത്താവ് വിജയകുമാറിന്റെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു സ്വന്തമായ ഭൂമി.അതിന്നു സാധ്യമായി എന്നു പറഞ്ഞു വിതുമ്പിയാണ് കുഞ്ഞുമോള്‍ യാത്രയായത്.
