പത്തനംതിട്ട: കാന്സര് രോഗമോ അതിന് ചികിത്സാ ധനസഹായമോ ആയിരുന്നില്ല തിരുവല്ല സ്വദേശിനി സുനിത റേച്ചല്‍ എബ്രഹാമിനു വേണ്ടിയിരുന്നത്. ജീവിത പ്രാരാബ്ധങ്ങളുടെ ഇടയിലും എ.പി.എല്‍ റേഷന്‍ കാര്‍ഡ് ബി.പി.എല്‍ ആക്കുകയായിരുന്നു ആവശ്യം. മൂന്നു വര്‍ഷമായി പരുമല ആശുപത്രിയില്‍ കാന്‍സര്‍ ചികിത്സയില്‍ കഴിയുന്ന റേച്ചല്‍ രണ്ടര വര്‍ഷമായി വാടക വീട്ടിലാണു കഴിയുന്നത്. പിതാവിന്റെ മരണശേഷം ലഭിക്കുന്ന കുടുംബ പെന്‍ഷനാണ് അവിവാഹിതയും തൊഴില്‍ രഹിതയുമായ സുനിതയുടെ ഏക വരുമാനം. ചികിത്സയ്ക്കായിത്തന്നെ മാസം നല്ലൊരു തുക ചിലവാകുന്നുന്നുണ്ട്. റേഷന്‍ കടയിലെ ആനുകൂല്യങ്ങളും ഇല്ലാതാകുന്ന തരത്തിലുള്ള എ.പി.എല്‍ കാര്‍ഡു കൂടിയായപ്പോള്‍ ജീവിതം ദുസഹമായി. ഇതാനൊരു പരിഹാരം കാണുന്നതിനായാണ് തിരുവല്ല സെന്റ് ജോണ്‍സ് കത്തീഡ്രല്‍ ഓഡിറ്റോറിയത്തില്‍ നടന്ന സാന്ത്വനം സ്പര്‍ശം അദാലത്തില്‍ പങ്കെടുക്കാന്‍ സുനിത എത്തിയത്. പരാതി കേട്ട മന്ത്രി എ.കെ.ശശീന്ദ്രന്‍ ബി.പി.എല്‍ കാര്‍ഡ് ഉടന്‍തന്നെ നല്‍കുന്നതിന് ജില്ലാ സ്‌പ്ലൈ ഓഫീസര്‍ക്ക് നിര്‍ദേശം നല്‍കി. ഒരു മണിക്കൂറിനകം ബി.പി.എല്‍ കാര്‍ഡും മന്ത്രിതന്നെ നേരിട്ടു നല്‍കി. അടിയന്തര ചികിത്സാ സഹായമായി 15000 രൂപയും നല്‍കിയാണ് മന്ത്രി സുനിതയെ യാത്രയാക്കിയത്.
