171 ഊരുകളിലായി പരീക്ഷയെഴുതുന്നത് 2347 പഠിതാക്കള്
സംസ്ഥാന സാക്ഷരതാ മിഷന് അട്ടപ്പാടിയില് നടത്തുന്ന പ്രത്യേക സാക്ഷരത തുല്യതാ പദ്ധതിയുടെ പരീക്ഷ കോവിഡ് പ്രോട്ടോക്കോള് പാലിച്ച് നാളെ മുതല് മൂന്ന് ദിവസങ്ങളിലായി (ഫെബ്രുവരി 20, 21, 22) അതത് ഊരുകളില് നടക്കും. അഗളി, പുതൂര്, ഷോളയൂര് പഞ്ചായത്തുകളിലായി 171 ഊരുകളിലെ 2347 പഠിതാക്കളാണ് പരീക്ഷയെഴുതുന്നത്. കൂടുതല് പഠിതാക്കളുള്ളത് പുതൂര് പഞ്ചായത്തിലാണ്. ഇവിടെ 47 ഊരുകളിലായി 1011 പേര് പഠനം നടത്തുന്നു. അഗളി പഞ്ചായത്തില് 866 പഠിതാക്കളും ഷോളയൂര് പഞ്ചായത്തില് 470 പഠിതാക്കളും പരീക്ഷയെഴുതും.
പരീക്ഷ നടത്തിപ്പുമായി ബന്ധപ്പെട്ട് ജനപ്രതിനിധികളുടെയും ഇന്സ്ട്രക്ടര്മാരുടെയും യോഗം ഇ.എം.എസ് ടൗണ് ഹാളില് ചേര്ന്നു. അട്ടപ്പാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മരുതി മുരുകന്, അഗളി പഞ്ചായത്ത് പ്രസിഡന്റ് അംബിക, ജില്ലാ സാക്ഷരതാ മിഷന് കോഡിനേറ്റര് ഡോ.മനോജ് സെബാസ്റ്റ്യന്, അട്ടപ്പാടി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.കെ മാത്യു, പുതൂര് പഞ്ചായത്ത് വൈസ് പ്രസിഡന്റ് മുഹമ്മദ് ബഷീര്, ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ പി.സി നീതു, പഞ്ചായത്ത് സ്ഥിരം സമിതി അംഗങ്ങള്, ജില്ലാതല റിസോഴ്സ് പേഴ്സണ്മാരായ ഡോ. പി.സി ഏലിയാമ്മ, കെ.വിജയന്, പദ്ധതി കോഡിനേറ്റര് എം.മുഹമ്മദ് ബഷീര്, ഇന്സ്ട്രക്ടര് കൃഷ്ണ ജയ എന്നിവര് യോഗത്തില് പങ്കെടുത്തു.