മൂന്നു ജില്ലകളിലെ മത്സ്യ കര്‍ഷകര്‍ക്ക് പ്രയോജനം ലഭിക്കും
രോഗനിര്‍ണയത്തിന് പുറമേ വെള്ളത്തിന്റെയും മണ്ണിന്റെയും ഗുണനിലവാര പരിശോധനയും
തിരുവനന്തപുരം: വര്‍ക്കല ഓടയം അക്വാട്ടിക് അനിമല്‍ ഹെല്‍ത്ത് സെന്ററിന്റെ ഉദ്ഘാടനം ഫിഷറീസ് വകുപ്പ് മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ നിര്‍വഹിച്ചു. കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ മത്സ്യ മേഖലയയ്ക്കു ഗുണകരമായ നിരവധി പദ്ധതികള്‍ ആവിഷ്‌കരിച്ചു നടപ്പാക്കാന്‍ ഫിഷറീസ് വകുപ്പിന് സാധിച്ചതായി മന്ത്രി പറഞ്ഞു. കോടിക്കണക്കിനു രൂപയുടെ പദ്ധതികളാണ് വര്‍ക്കല ഓടയം ഹാച്ചറിയില്‍ മാത്രം ഇതിനോടകം നടപ്പിലാക്കിയത്. മത്സ്യക്കുഞ്ഞുങ്ങളുടെ ഗുണനിലവാരം ഉറപ്പുവരുത്തുന്നതിന് മൂന്നു ലാബുകളാണ് സംസ്ഥാനത്ത് ആരംഭിക്കുന്നത് . ഇതില്‍ ദക്ഷിണ മേഖലയിലെ ലാബാണ് വര്‍ക്കല ഓടയത്ത് യാഥാര്‍ഥ്യമായത്. ടൂറിസം വികസന സാധ്യതകള്‍ കൂടി കണക്കിലെടുത്ത് സെന്ററിന്റെ പ്രവര്‍ത്തനം കൂടുതല്‍ വിപുലീകരിക്കുമെന്നും മന്ത്രി പറഞ്ഞു.
വര്‍ക്കല ഓടയം ഹാച്ചറി പരിസരത്ത് അഡാക്കിന്റെ മേല്‍നോട്ടത്തിലാണ് പുതിയ അക്വാട്ടിക് ഹെല്‍ത്ത് സെന്റര്‍ സ്ഥാപിച്ചത്. 1.32 കോടിയാണ് കെട്ടിട നിര്‍മാണത്തിനും അനുബന്ധ സജ്ജീകരണങ്ങള്‍ക്കുമായി ചെലവഴിച്ചത്. മത്സ്യങ്ങളുടെ രോഗ നിര്‍ണയവും അതിനുള്ള പ്രതിവിധിയും അക്വാട്ടിക് ഹെല്‍ത്ത് സെന്ററിലൂടെ സാധ്യമാകും. ഉള്‍നാടന്‍ മത്സ്യകൃഷി വ്യാപിച്ചതോടെ മത്സ്യങ്ങള്‍ക്ക് രോഗങ്ങള്‍ പിടിപെടാനുള്ള സാധ്യത കൂടുതലാണ്. പുതിയ ലാബ് ഇതിനു പരിഹാരമാകും. ലാബില്‍ മത്സ്യ രോഗനിര്‍ണയത്തിന് പുറമേ കൃഷി ചെയ്യുന്ന കുളങ്ങളിലെ വെള്ളത്തിന്റെയും മണ്ണിന്റെയും ഗുണനിലവാരം പരിശോധിക്കാനും സാധിക്കും. ഇതിനായി മൈക്രോബയോളജി, പി.സി.ആര്‍ എന്നീ ടെസ്റ്റുകള്‍ നടത്തുന്നതിനുള്ള അത്യാധുനിക സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് ടെക്നോളജിയുടെ സാങ്കേതിക സഹായത്തോടെയാണ് സെന്റര്‍ സ്ഥാപിച്ചിരിക്കുന്നത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലെ മത്സ്യ കര്‍ഷകര്‍ക്ക് അക്വാട്ടിക് ഹെല്‍ത്ത് സെന്ററിന്റെ പ്രയോജനം ലഭിക്കും.
വി. ജോയി. എം. എല്‍ .എ ചടങ്ങില്‍ അധ്യക്ഷനായിരുന്നു. വര്‍ക്കല മുന്‍സിപ്പല്‍ ചെയര്‍മാന്‍ കെ. എം. ലാജി , തദ്ദേശ ജനപ്രതിനിധികള്‍, ഫിഷറീസ് വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ സംബന്ധിച്ചു.