തിരുവനന്തപുരം: വര്‍ക്കല, മലയിന്‍കീഴ് താലൂക്ക് ആസ്ഥാന ആശുപത്രികള്‍ക്കായി നിര്‍മിക്കുന്ന ബഹുനില മന്ദിരങ്ങളുടെ നിര്‍മാണോദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ നിര്‍വഹിച്ചു. നിലവിലുള്ള ആശുപത്രികളുടെ ഭൗതിക സാഹചര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് കിഫ്ബിയുടെ സഹായത്തോടെ പുതിയ ബഹുനില മന്ദിരം നിര്‍മിക്കുന്നത്.
പൊതുജന ആരോഗ്യ കേന്ദ്രങ്ങളുടെ ശേഷി വര്‍ധിപ്പിക്കാന്‍ ആര്‍ദ്രം മിഷനിലൂടെ സാധിച്ചതായി ചടങ്ങില്‍ മുഖ്യമന്ത്രി പറഞ്ഞു. കഴിഞ്ഞ അഞ്ചു വര്‍ഷക്കാലം ആരോഗ്യ മേഖലയില്‍ സമാനതകളില്ലാത്ത മുന്നേറ്റമാണ് ഉണ്ടായത്. ആരോഗ്യ കേന്ദ്രങ്ങളില്‍ കാലാനുസൃതമായ മാറ്റങ്ങള്‍ വരുത്തി പൊതുജനങ്ങള്‍ക്ക് നൂതന ചികിത്സാ സംവിധാനങ്ങള്‍ സജ്ജമാക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞതായും മുഖ്യമന്ത്രി പറഞ്ഞു.
കിഫ്ബിയില്‍ നിന്നു 40 കോടി രൂപ വിനിയോഗിച്ചാണ് അത്യാധുനിക സൗകര്യങ്ങളുള്ള ബഹുനില മന്ദിരം വര്‍ക്കല താലൂക്ക് ആശുപത്രിയില്‍  നിര്‍മിക്കുന്നത്. അഞ്ചു നിലകളുള്ള മന്ദിരത്തില്‍ ഒ.പി. ബ്ലോക്ക്, അത്യാഹിതവിഭാഗം, വിവിധ ഓപ്പറേഷന്‍ തിയേറ്ററുകള്‍, പോസ്റ്റ് ഓപ്പറേറ്റീവ് വാര്‍ഡുകള്‍, പേഷ്യന്‍സ് കെയര്‍ റൂം തുടങ്ങി എല്ലാവിധ സൗകര്യങ്ങളും സജ്ജീകരിക്കും. നിലവിലുള്ള പഴയ കെട്ടിടങ്ങള്‍ പൊളിച്ചു മാറ്റിയാണ് ബഹുനില മന്ദിരം നിര്‍മിക്കുക. നാലു കോടി രൂപ നിലവില്‍ ഏഴ് കോടി രൂപ ചെലവഴിച്ച് നിര്‍മ്മിക്കുന്ന  ഒ. പി മന്ദിരത്തിന്റെ ജോലികള്‍ അവസാനഘട്ടത്തിലാണ്. കൂടാതെ പുതിയ ഡയാലിസിസ് കെട്ടിടം രോഗികള്‍ക്കായി തുറന്നു കൊടുത്തതു ദിവസങ്ങള്‍ക്കു മുന്‍പാണ്.
കിഫ്ബി യില്‍ നിന്ന് 23.3 കോടി രൂപ ചെലവഴിച്ചാണ് കാട്ടാക്കട താലൂക്ക് ആസ്ഥാന ആശുപത്രിയില്‍ പുതിയ കെട്ടിടം നിര്‍മിക്കുന്നത്. അഞ്ച് നിലകളുള്ള പുതിയ കെട്ടിടത്തില്‍ റിസപ്ഷന്‍, അത്യാഹിത വിഭാഗം, ഓപറേഷന്‍ തീയേറ്റര്‍, ഫാര്‍മസി, പുരുഷ വാര്‍ഡ്, വനിതാ വാര്‍ഡ്, പ്രസവ വാര്‍ഡ്, വിവിധ വകുപ്പുകളുടെ ഒ.പി ക്ലിനിക്കുകള്‍, ലാബുകള്‍ എന്നിവയുണ്ടാകും.കിറ്റ്‌കോയ്ക്കാണ് നിര്‍മാണ ചുമതല.
ചടങ്ങില്‍ ആരോഗ്യ മന്ത്രി കെ.കെ ശൈലജ ടീച്ചര്‍ അധ്യക്ഷത വഹിച്ചു. വര്‍ക്കല താലൂക്ക് ആശുപത്രിയില്‍ നടന്ന പ്രത്യേക ചടങ്ങില്‍ വി. ജോയി എം. എല്‍. എ ശിലാഫലകം അനാച്ഛാദനം ചെയ്തു. വര്‍ക്കല മുന്‍സിപ്പല്‍ ചെയര്‍മാന്‍ കെ. എം. ലാജി, വൈസ് ചെയര്‍പേഴ്‌സണ്‍ കുമാരി സുദര്‍ശിനി, താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ.ബിജു നെല്‍സണ്‍, രാഷ്ട്രീയ കക്ഷി നേതാക്കള്‍, ആരോഗ്യ വകുപ്പ് ജീവനക്കാര്‍ എന്നിവര്‍ പങ്കെടുത്തു.
കാട്ടാക്കടയില്‍ ചേര്‍ന്ന യോഗത്തില്‍ ഐ.ബി സതീഷ് എം.എല്‍.എ മുഖ്യപ്രഭാഷണം നടത്തി. നേമം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്. കെ പ്രീജ, വൈസ് പ്രസിഡന്റ് എസ്.ചന്ദ്രന്‍ നായര്‍, വിവിധ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍മാര്‍, ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.