തൃശ്ശൂർ:  നിയമസഭ ഇലക്ഷന് മുന്നോടിയായി ജില്ലാ കലക്ടർ എസ് ഷാനവാസ് വോട്ടിങ് മെഷീനുകൾ സൂക്ഷിക്കുന്ന സ്ട്രോങ്ങ് മുറികൾ സന്ദർശിച്ചു. കൊടുങ്ങല്ലൂർ, ചാവക്കാട് താലൂക്കുകളിലെ 4 സ്ട്രോങ്ങ്‌ റൂമുകളാണ് കലക്ടർ സന്ദർശിച്ച് വിലയിരുത്തിയത്. കൊടുങ്ങല്ലൂർ മണ്ഡലത്തിന്റെ സ്ട്രോങ്ങ്‌ റൂമായ പി ഭാസ്കരൻ മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂൾ, കൈപ്പമംഗലം മണ്ഡലത്തിന്റെ സെന്റ് ജോസഫ്സ് ഹയർ സെക്കൻഡറി സ്കൂൾ മതിലകം എന്നിവിടങ്ങളിൽ സന്ദർശനം നടത്തി. കോവിഡ് മാനദണ്ഡങ്ങൾ കൃത്യമായി പാലിച്ചു മാത്രമേ ഫെസിലിറ്റേഷൻ സെന്റർ പ്രവർത്തനങ്ങൾ നടത്താവൂയെന്ന് കലക്ടർ നിർദേശം നൽകി. സ്ത്രീകളെയും, മുതിർന്ന പൗരന്മാരെയും പ്രത്യേകം ഇരുത്തുന്നതിന് ക്ലാസ്സ്‌മുറികൾ തുറന്ന് സൗകര്യം ഏർപ്പെടുത്താനും കലക്ടർ അറിയിച്ചു.
തുടർന്ന് ചാവക്കാട് താലൂക്കിലെ ഗുരുവായൂർ നിയോജക മണ്ഡലത്തിന്റെ വോട്ടിംഗ് സാമഗ്രികൾ സൂക്ഷിക്കാൻ ഉദ്ദേശിക്കുന്ന എം ആർ രാമൻ മെമ്മോറിയൽ സ്കൂൾ ചാവക്കാട്, മണലൂർ മണ്ഡലത്തിന്റെ സൂക്ഷിപ്പ് കേന്ദ്രമായ ഗുരുവായൂർ ശ്രീകൃഷ്ണ ഹയർസെക്കൻഡറി സ്കൂൾ എന്നിവിടങ്ങളും കലക്ടർ വിലയിരുത്തി. ഗുരുവായൂർ മണ്ഡലത്തിൽ 189 പോളിംഗ് ബൂത്തുകളും മണലൂരിൽ 190 ബൂത്തുക്കളുമാണ് ഉള്ളത്. വോട്ടർമാരുടെ അംഗസംഖ്യ 1000ൽ കൂടുതലായാൽ പോളിംഗ് ബൂത്തുകളുടെ എണ്ണം കൂട്ടാൻ നിർദേശിച്ചു. കൊടുങ്ങല്ലൂർ തഹസീൽദാർ ജ്യോതി, ചാവക്കാട് തഹസീൽദാർ വി വി രാധാകൃഷ്ണൻ എന്നിവർ ജില്ലാ കലക്ടറുടെ സന്ദർശനത്തിന് നേതൃത്വം നൽകി.