പുതിയ കെട്ടിട സമുച്ചയം നാടിന് സമര്‍പ്പിച്ചു
മലപ്പുറം: പുതിയ കാലം പുതിയ സേവനം എന്ന തലക്കെട്ടില്‍ രജിസ്‌ട്രേഷന്‍ വകുപ്പ് നടപ്പാക്കുന്ന ആധുനികവത്ക്കരണ പദ്ധതിയുടെ ഭാഗമായി നിര്‍മിച്ച മലപ്പുറം സബ് രജിസ്ട്രാര്‍ ഓഫീസ് നാടിന് സമര്‍പ്പിച്ചു. കിഫ്ബി ഫണ്ടില്‍ നിന്ന് അനുവദിച്ച രണ്ട് കോടി രൂപ ചെലവില്‍ നിര്‍മിച്ച ഇരുനില കെട്ടിടം പി. ഉബൈദുള്ള എം.എല്‍.എ ഉദ്ഘാടനം ചെയ്തു. 1882 ല്‍ നിര്‍മിച്ച പഴയ കെട്ടിടം പൊളിച്ചു മാറ്റിയാണ് പുതിയ ഓഫീസ് കെട്ടിടം യാഥാര്‍ഥ്യമാക്കിയത്. ഇതോടെ സബ് രജിസ്ട്രാര്‍ ഓഫീസിലെ സ്ഥല പരിമിതി പ്രശ്‌നത്തിനും പരിഹാരമായി.

താഴത്തെ നിലയില്‍ സബ് രജിസ്ട്രാറുടെ മുറിയും ഓഫീസ് റൂം, ലൈബ്രറി, ഓഡിറ്റ്‌റൂം, ഡൈനിങ് ഹാള്‍, ശുചിമുറികള്‍, ഓഫീസിലെത്തുന്ന പൊതുജനങ്ങള്‍ക്കായിള്ള സൗകര്യങ്ങളോടെയുള്ള വരാന്ത എന്നിവയും മുകള്‍ നിലയില്‍ വിശാലമായ റെക്കോര്‍ഡ് റൂം, കോണ്‍ഫറന്‍സ് ഹാള്‍ എന്നിവയുമാണ് സജ്ജമാക്കിയിരിക്കുന്നത്. മലപ്പുറം നഗരസഭയും കോഡൂര്‍, പൊന്മള, ഒതുക്കുങ്ങല്‍ പഞ്ചായത്തുകളും മലപ്പുറം, പാണക്കാട്, കോഡൂര്‍, പൊന്മള, ഒതുക്കുങ്ങല്‍ എന്നീ ആറ് വില്ലേജുകളില്‍ ഉള്‍പ്പെട്ട 20 ദേശങ്ങളുമാണ് ഓഫീസിന്റെ പരിധിയില്‍ വരുന്നത്.

ചടങ്ങില്‍ നഗരസഭാധ്യക്ഷന്‍ മുജീബ് കാടേരി അധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. അബ്ദുറഹ്മാന്‍ കാരാട്ട്, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാരായ മൂസ കടമ്പോട്ട്, റാബിയ കരുവാട്ടില്‍, ജസീന മജീദ്, ജില്ലാ പഞ്ചായത്ത് അംഗം കെ. സലീന ടീച്ചര്‍, നഗരസഭ വിദ്യാഭ്യാസ സ്ഥിരം സമിതി ചെയര്‍മാന്‍ പി.കെ. അബ്ദുള്‍ ഹക്കീം, നഗരസഭ കൗണ്‍സിലര്‍മാര്‍, തൃശൂര്‍ മേഖല രജിസ്‌ട്രേഷന്‍ ഡെപ്യൂട്ടി ഇന്‍സ്‌പെക്ടര്‍ ജനറല്‍ എ.ജി. വേണുഗോപാല്‍, ജില്ലാ രജിസ്ട്രാര്‍ ജനറല്‍ കെ. ശ്രീനിവാസന്‍, ജില്ലാ രജിസ്ട്രാര്‍ (ഓഡിറ്റ്) രാജേഷ് ഗോപാലന്‍, സബ് രജിസ്ട്രാര്‍ ഷാജി .കെ. ജോര്‍ജ്ജ്, സബ് രജിസ്ട്രാര്‍ ഓഫീസ് സൂപ്രണ്ട് വിനോദ് പാറക്കല്‍, കേരള സ്റ്റേറ്റ് കണ്‍സ്ട്രക്ഷന്‍ കോര്‍പ്പറേഷന്‍ മേഖല മാനേജര്‍ വി.വി .അജിത് കുമാര്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.