മലപ്പുറം: സംസ്ഥാന യുവജനക്ഷേമ ബോര്‍ഡിന്റെ  കരിയര്‍ ഗൈഡന്‍സ് ക്ലാസുകളുടെ  ജില്ലാതല ഉദ്ഘാടനം ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ.കെ.ടി ജലീല്‍ നിര്‍വഹിച്ചു. യുവജനങ്ങള്‍ അവരവരുടെ കഴിവുകള്‍ കണ്ടെത്തി സമൂഹനന്മക്കായി വിനിയോഗിക്കണമെന്നും ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബുകള്‍ക്ക് ഇക്കാര്യത്തില്‍ സജീവമായി ഇടപെടാന്‍ കഴിയുമെന്നും മന്ത്രി പറഞ്ഞു. ചടങ്ങില്‍ കേരള വളണ്ടിയര്‍ യൂത്ത് ആക്ഷന്‍ ഫോഴ്‌സിന്റെ വനിതാ വിഭാഗം രൂപീകരിച്ച സൈക്കിള്‍ ക്ലബിന്റെ ഉദ്ഘാടനം അംഗങ്ങള്‍ക്ക് സൈക്കിളുകള്‍ വിതരണം വിതരണം ചെയ്ത് മന്ത്രി നിര്‍വഹിച്ചു.

ജില്ലയിലെ മികച്ച യൂത്ത് ക്ലബുകള്‍ക്കും കാര്‍ഷിക രംഗത്തും പരിസ്ഥിതി രംഗത്തും സജീവമായി ഇടപെടുന്ന ക്ലബുകള്‍ക്കും മന്ത്രി അവാര്‍ഡുകള്‍ വിതരണം ചെയ്തു. സംസ്ഥാന യുവജനക്ഷേമ ബോര്‍ഡിന്റെ സ്‌പോര്‍ട്‌സ് കിറ്റിന് അര്‍ഹരായ ക്ലബുകള്‍ക്കും യുവ ക്ലബുകള്‍ക്കും മന്ത്രി സ്‌പോര്‍ട്‌സ് കിറ്റുകള്‍ നല്‍കി. ആലത്തിയൂര്‍ നവജീവന്‍ ഗ്രന്ഥാലയത്തില്‍ നടന്ന ചടങ്ങില്‍ യുവജനക്ഷേമ ബോര്‍ഡ് അംഗം ഷെരീഫ് പാലോളി, ജില്ലാ യൂത്ത് പ്രോഗ്രാം ഓഫീസര്‍ കെ.ജി പ്രദീപ്കുമാര്‍, ജില്ലാ യൂത്ത് കോഓര്‍ഡിനേറ്റര്‍ കെ.പി.നജ്മുദീന്‍, യൂത്ത് കോഓര്‍ഡിനേറ്റര്‍ കെ.പി ഷാജല്‍ എന്നിവര്‍ പങ്കെടുത്തു.